രാജകുമാരി : പള്ളിവാസല്‍ പവര്‍ഹൗസിന് സമീപം പ്ലസ്ടു വിദ്യാര്‍ത്ഥിനി രേഷ്മ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന അരുണിനെ (അനു) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിവാസല്‍ പവര്‍ഹൗസിന് സമീപമാണ് അനുവിന്റെ മൃതദേഹം കണ്ടെത്തിയത്. രേഷ്മയുടെ കൊലപാതകം നടന്നതിന് ഏകദേശം 200 മീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.

തന്നെ വഞ്ചിച്ച രേഷ്മയെ വകവരുത്തുമെന്നും, ഇതിന് ശേഷം തന്നെ ആര്‍ക്കും കാണാന്‍ കഴിയില്ലെന്നും രേഖപ്പെടുത്തിയ കുറ്റസമ്മതക്കുറിപ്പ് അനുവിന്റെ വാടകവീട്ടില്‍ നിന്നും പൊലീസ് കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെ അനുവിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. വെള്ളിയാഴ്ച രാത്രി ഒന്‍പതരയോടെയാണ് വണ്ടിത്തറയില്‍ രാജേഷ് ജെസി ദമ്പതികളുടെ മകള്‍ രേഷ്മ (17) യുടെ മൃതദേഹം പവര്‍ഹൗസിനു സമീപത്തെ ഈറ്റക്കാട്ടില്‍ കണ്ടെത്തിയത്.

അതിനിടെ, രേഷ്മയുടെ കൊലപാതകം നടന്നതിനു ശേഷം ഞായറാഴ്ച വൈകിട്ട് പവര്‍ഹൗസിനു സമീപം ഷര്‍ട്ട് ധരിക്കാതെ ഒരാള്‍ ഓടി മറയുന്നത് കണ്ടതായി ചില നാട്ടുകാര്‍ പൊലീസിനെ അറിയിച്ചിരുന്നു. ഒരു കിലോമീറ്റര്‍ അകലെ ചെകുത്താന്‍മുക്കിലും ഷര്‍ട്ട് ധരിക്കാത്ത അപരിചിതനെ കണ്ടതായി നാട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് ഏഴു കിലോമീറ്റര്‍ ചുറ്റളവില്‍ ഡ്രോണ്‍ ഉപയോഗിച്ചു നിരീക്ഷണം നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.

അരുണും രേഷ്മയും തമ്മില്‍ പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു. അരുണ്‍ പിതാവിന്റെ അര്‍ധ സഹോദരനായതിനാല്‍ രേഷ്മ ബന്ധത്തില്‍ നിന്നു പിന്മാറാന്‍ ശ്രമിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് പറയുന്നു.