ന്യൂഡല്‍ഹി: പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തില്‍ ചോദ്യോത്തരവേള ഉണ്ടാവില്ല. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ചോദ്യോത്തരവേള വേണ്ടെന്നുവെക്കാന്‍ തീരുമാനിച്ചത്. ശൂന്യവേള അടക്കം മറ്റ് സഭാ നടപടികള്‍ സാധാരണ നിലയില്‍ നടക്കും. രാജ്യസഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, ഇതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ഇത് ജനാധിപത്യവിരുദ്ധമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ പറഞ്ഞു.

പാര്‍ലമെന്റ് അംഗങ്ങള്‍ കോവിഡ് നിര്‍ണയ പരിശോധന അടക്കം മുന്‍കരുതല്‍ മാനദണ്ഡങ്ങള്‍ പാലിക്കണം. ആഴ്ചയുടെ അവസാനം അവധി നല്‍കാതെ തുടര്‍ച്ചയായ ദിവസങ്ങളിലാണ് സഭ ചേരുക. ആദ്യ ദിവസമായ സെപ്തംബര്‍ 14ന് ലോക്‌സഭ രാവിലെ ഒമ്പതിന് ചേര്‍ന്ന് ഒരു മണിക്കും രാജ്യസഭ ഉച്ചക്ക് മൂന്നിന് തുടങ്ങി വൈകീട്ട് ഏഴിനും അവസാനിക്കും.

സെപ്തംബര്‍ 15 മുതല്‍ രാജ്യസഭയുടെ പ്രവര്‍ത്തനം രാവിലെ ഒമ്പത് മുതല്‍ ഒരു മണി വരെയും ലോക്‌സഭയുടേത് ഉച്ചക്ക് മൂന്ന് മുതല്‍ വൈകീട്ട് ഏഴുവരെയുമാകും. ഇരു സഭകളും നാലു മണിക്കൂര്‍ മാത്രമാകും ചേരുക. സെപ്തംബര്‍ 14ന് ആരംഭിക്കുന്ന വര്‍ഷകാല സമ്മേളനം ഒക്ടോബര്‍ ഒന്നിന് അവസാനിക്കും.