പൊലീസും സൈന്യവുമെല്ലാം ബൂര്‍ഷ്വാമുതലാളിത്തഭരണകൂടങ്ങളുടെ മര്‍ദ്ദനോപകരണങ്ങളാണെന്ന് പറഞ്ഞത് ജര്‍മന്‍ ചിന്തകന്‍ സാക്ഷാല്‍ കാള്‍ മാര്‍ക്‌സാണ്. ഈ സിദ്ധാന്തമാണ് ഇങ്ങ് കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍ ജനാധിപത്യത്തിലും പിന്തുടരുന്നത്. അതുകൊണ്ടാണോ എന്നറിയില്ല, കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിലെ മുഖ്യമന്ത്രിയായ കമ്യൂണിസ്റ്റിന്റെ സുരക്ഷ ഏറ്റെടുത്തിരിക്കുന്നത് ഇപ്പോള്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനാണ്; മുന്നണി കണ്‍വീനര്‍ സാക്ഷാല്‍ ഇ.പി ജയരാജന്‍.

മുഖ്യനും കുടുംബവും സ്വര്‍ണക്കള്ളക്കടത്ത് നടത്തിയെന്നുപറഞ്ഞ സ്വപ്‌നസുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധക്കാരെ ഒതുക്കാനായി നാടാകെ കറുത്ത വസ്ത്രങ്ങള്‍ക്കും കറുത്ത മാസ്‌കിനുമൊക്കെ എതിരെ പിണറായിയുടെ പൊലീസ് ജനങ്ങളെ വേട്ടയാടിയത്. എന്നിട്ടും രക്ഷയില്ലാതെയാണ് റോഡ് യാത്ര ഒഴിവാക്കി വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് പോകാമെന്ന് മുഖ്യമന്ത്രിയും പരിവാരവും തീരുമാനിച്ചത്. കണ്ണൂരില്‍നിന്ന് കയറിയ വിമാനത്തില്‍ പക്ഷേ യൂത്ത് കോണ്‍ഗ്രസിന്റെ മൂന്നു പ്രവര്‍ത്തകരും കയറി. വിമാനം തിരുവനന്തപുരത്തെത്തുകയും മുഖ്യമന്ത്രി ഇറങ്ങിപ്പോകുകയും ചെയ്തപ്പോഴാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാന്‍ തോന്നിയത്. ‘പ്രതിഷേധം, പ്രതിഷേധം’ എന്നു പറഞ്ഞ് വിമാനത്തില്‍ മുഖ്യമന്ത്രി ഇരുന്നിരുന്ന ഇടത്തേക്ക് നടന്ന രണ്ടു പേരെ പിടിച്ചുതള്ളി വീഴ്ത്തിയത് മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാരായിരുന്നില്ല. വിമാനത്തിലുണ്ടായിരുന്ന ഇ.പി ജയരാജനായിരുന്നു. ഇത് ആരും കാണില്ലെന്ന് കരുതിയാണെങ്കില്‍ കണ്‍വീനര്‍ക്ക് തെറ്റി. തള്ളുന്നതിന്റെ ചലനദൃശ്യം കയ്യോടെ പുറത്തായി. ഇതോടെ മുഖ്യമന്ത്രിയുടെ രക്ഷക്കുവേണ്ടിയാണ് താനങ്ങനെ ചെയ്തതെന്നായി ജയരാജ സഖാവ്. യൂത്ത് കോണ്‍ഗ്രസുകാര്‍ മദ്യപിച്ചാണെത്തിയതെന്നും ചുമ്മാ തട്ടിവിട്ടു. എന്നാല്‍ പിറ്റേന്ന് പ്രതിഷേധക്കാര്‍ മദ്യപിച്ചിരുന്നില്ലെന്ന് തെളിഞ്ഞതോടെ ജയരാജന്‍ പതുക്കെ വാക്കുമാറ്റി. തനിക്കങ്ങനെ തോന്നിയതാണെന്നായി ടിയാന്‍. മാത്രമല്ല, ‘വധിക്കാന്‍ ശ്രമിച്ച’ മുഖ്യമന്ത്രി സംഭവ സമയം വിമാനത്തിലുണ്ടായിരുന്നില്ലെന്നും പുറത്തായി.

അല്ലെങ്കിലും ഈ കേന്ദ്ര കമ്മിറ്റിയംഗത്തിന് വായ തുറന്നാല്‍ ബഡായി പറഞ്ഞേ ശീലമുള്ളൂ. 2016ല്‍ വ്യവസായ-സ്‌പോര്‍ട്‌സ് വകുപ്പു മന്ത്രിയായിരിക്കെ ബന്ധുവിനെ പൊതുമേഖലാസ്ഥാപനത്തില്‍ നിയമിച്ചതിന് ആറാം മാസം രാജിവെക്കേണ്ടിവന്നു. ഇതിന് പിണറായിയോടും നേതൃത്വത്തോടും ഇടഞ്ഞു. വിജിലന്‍സിനെ സ്വാധീനിച്ച് വൈകാതെ തിരികെ കയറി. ലോക പ്രശസ്ത ഇടിവീരന്‍ അമേരിക്കക്കാരന്‍ മുഹമ്മദലി ക്ലേ മരണപ്പെട്ടെന്ന വാര്‍ത്തയെക്കുറിച്ച് പ്രതികരണം ചോദിച്ച ചാനലുകാരിയോട് പറഞ്ഞത് മലപ്പുറത്തുകാരനായ പ്രഗല്‍ഭനായ മുഹമ്മദലിയുടെ വിയോഗത്തില്‍ അനുശോചിക്കുന്നുവെന്നും! ഇതൊന്നുമല്ല പക്ഷേ ടിയാന്റെ പൊളിറ്റിക്കല്‍ ബ്രാന്‍ഡ്. ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെതിരെ അന്വേഷണത്തിന് സി. ബി.ഐ തുനിയുന്നുവെന്നറിഞ്ഞപ്പോള്‍ ‘പോടാ പുല്ലേ സി. ബി.ഐ’ എന്ന് പാര്‍ട്ടി പൊതുസമ്മേളനത്തില്‍ വിളിച്ചുപറഞ്ഞതും മറ്റാരുമല്ല. ഇത്തവണ സീറ്റ് ലഭിക്കാതായതോടെയാണ് കണ്‍വീനര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടത്. 1991ല്‍ അഴീക്കോടുനിന്ന് ഒരു തവണയും മട്ടന്നൂരില്‍ നിന്ന് രണ്ടു തവണയും നിയമസഭാംഗമായി. എഴുപത്തിരണ്ടായെങ്കിലും ആരോഗ്യത്തിനും മനസിനും ഒട്ടും ക്ഷയമില്ലെന്നതിന് തെളിവാണ് ഒറ്റത്തള്ളിന് രണ്ടു ചെറുപ്പക്കാരെ താഴെയിട്ട ഗുണ്ടായിസം.

വിമാനത്തില്‍ മാത്രമല്ല, പിണറായിയുടെയും പാര്‍ട്ടിയുടെയും അടിയന്തിര ഘട്ടങ്ങളിലെ ഗണ്‍മാനാണ് ജയരാജന്‍. ടിയാനെ കണ്ടാല്‍ ജനം ചിരി തുടങ്ങുമെങ്കിലും മറ്റുള്ള നേതാക്കളേക്കാള്‍ ചിരിക്കുമെന്നതാണ് ഏക ഗുണം. ബോസ് വിമാനത്തില്‍ വെടിയുണ്ട കൊണ്ടുപോകുമ്പോള്‍ തോളിലാണ് വെടിയുണ്ടയെന്നതിനാല്‍ ജയരാജ സഖാവിന് സുരക്ഷാജീവനക്കാരെ പേടിക്കേണ്ടെന്ന സൗകര്യമുണ്ട്. പാര്‍ട്ടി സമ്മേളനത്തിന് ആന്ധ്രയിലേക്ക് ട്രെയിനില്‍ പോകുമ്പോള്‍ ശത്രുക്കളിലാരോ വെടിവെച്ചതിന്റെ ബാക്കിയാണ് ഈ ഉണ്ട. അതെടുക്കാതിരുന്നത് ഏതായാലും നന്നായി. അതാണ് പാര്‍ട്ടി നയമൊന്നും നോക്കാതെ നാവിലൂടെ ഇടക്കിടെ തള്ളിവരുന്നത്. ഏതായാലും വിമാനത്തിനകത്തെ പ്രകടനത്തിന് അകത്താകുമോ എന്ന പേടിയില്ലാതില്ല. പാര്‍ട്ടി പത്രത്തിന്റെ ചുമതലയിലിരിക്കെ ഒരു കോടി കോഴ വാങ്ങിയപ്പോഴും പലതും പറഞ്ഞ് പിടിച്ചുനില്‍ക്കാന്‍ നോക്കിയെങ്കിലും പണം തിരിച്ചുകൊടുത്ത് തടിയൂരേണ്ടിവന്നു. ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് പഠിച്ചെങ്കിലും പ്രയോഗം മുഴുവന്‍ രാഷ്ട്രീയത്തിലാണ്. സി.പി.എം ജില്ലാസെക്രട്ടറിയായിരുന്നു. പി.കെ ഇന്ദിരയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.