ജൂനഗഥ്: ഗുജറാത്തില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ വണ്ടിക്കുനേരെ പട്ടേല്‍ പ്രവര്‍ത്തകരുടെ ചീമുട്ടയേറ്. ഇന്നലെ രാജ്‌കോട്ട് എയര്‍പോര്‍ട്ടില്‍ നിന്നും റോഡ് മാര്‍ഗ്ഗം സോംനാഥ് ഗ്രാമത്തിലേക്കുള്ള യാത്രക്കിടെയാണ് പട്ടേല്‍ സമുദായക്കാര്‍ അമിത് ഷായുടെ കാറിനുനേരെ ചീമുട്ടയെറിഞ്ഞത്. ഗുജറാത്തില്‍ ഇന്ന് ആരംഭിക്കുന്ന മോദിയുടെ ദ്വിദിന സന്ദര്‍ശനത്തില്‍ പങ്കെടുക്കാനായാണ് അമിത് ഷാ എത്തിയത്.

വളരെക്കാലമായി സര്‍ക്കാര്‍ സ്ഥാപനങ്ങളിലുള്‍പ്പെടെ വിവിധ മേഖലകളില്‍ സംവരണം വേണമെന്നാവശ്യപ്പെട്ട് പട്ടേല്‍സമുദായക്കാര്‍ പ്രക്ഷോഭം സംഘടിപ്പിച്ചുവരികയാണ്. എന്നാല്‍ ഇത് ബി.ജെ.പി അവഗണിച്ചു വരികയുമാണ്. ഇതിനെതിരെ വളരെ ശക്തമായ രീതിയില്‍ പ്രതിഷേധങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഗ്രാമത്തിലെ ക്ഷേത്രത്തിലേക്കു വരുന്ന വഴിയില്‍ അമിത്ഷായെ പ്രവര്‍ത്തകര്‍ ചീമുട്ടയെറിഞ്ഞത്. ഗുജറാത്തിലെ വലിയ വോട്ടുബാങ്കായ പട്ടേല്‍ സമുദായക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്ന സാഹചര്യത്തില്‍ മോദിക്ക് കനത്ത സുരക്ഷയാണ്ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുണ്ടായ കനത്ത തിരിച്ചടിക്ക് പ്രധാന കാരണം പട്ടേല്‍സമുദായക്കാരുടെ പ്രതിഷേധമായിരുന്നു.

watch video: 

https://www.youtube.com/watch?time_continue=2&v=iR5szFIiPcc