പട്‌ന: കാമുകന്റെ ഭാര്യയുടെ മുടി മുറിച്ച് സൂപ്പര്‍ ഗ്ലൂ ഒഴിച്ച് യുവതി. തന്നെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിച്ചതിനായിരുന്നു പെണ്‍കുട്ടിയുടെ പ്രതികാരം. ബിഹാറിലെ പട്‌നയിലാണ് സംഭവം.

ഡിസംബര്‍ ഒന്നിനാണ് ഗോപാല്‍ റാം എന്ന യുവാവ് ശേഖ്പൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. വിവാഹ ശേഷം ഇരുവരും ഗോപാലിന്റെ ഗ്രാമമായ മോറ തലബിലേക്ക് തിരികെയെത്തി. ഈ സമയത്ത് സൗഹൃദം നടിച്ച് ഗോപാലിന്റെ വീട്ടില്‍ കയറിപ്പറ്റിയ മുന്‍കാമുകി എല്ലാവരും ഉറങ്ങിയ സമയത്താണ് ഗോപാലിന്റെ മുറിയില്‍ കയറി ഭാര്യയുടെ മുടി മുറിച്ച് കണ്ണില്‍ സൂപ്പര്‍ ഗ്ലൂ ഒഴിച്ചത്.

കണ്ണ് നീറിപ്പുകഞ്ഞ വേദനയില്‍ നവവധു ശബ്ദമുണ്ടാക്കുകയും ഇത് കേട്ട് ഓടിവന്ന വീട്ടുകാര്‍ രക്ഷപ്പെടാന്‍ ശ്രമിച്ച മുന്‍കാമുകിയെ പിടികൂടുകയും ചെയ്തു. തുടര്‍ന്ന് പൊലീസില്‍ ഏല്‍പ്പിച്ചു. ബിഹാറിലെ സാദര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് നവവധു. കണ്ണില്‍ ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.