അമൃത്സര്‍: പഞ്ചാബിലെ നാഭാ ജയില്‍ ആക്രമിച്ച സായുധസംഘം ഖലിസ്താന്‍ തീവ്രവാദി ഉള്‍പ്പെടെ നാലുപേരെ മോചിപ്പിച്ചു. 10പേരടങ്ങുന്ന സംഘമാണ് ജയില്‍ ആക്രമിച്ചത്. നിരോധിത ഭീകര സംഘടനയായ ഖലിസ്താന്റെ തലവന്‍ ഹര്‍മിന്ദര്‍ സിങ് മിന്റൂവിനെയാണ് അക്രമികള്‍ മോചിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുര്‍പ്രീത്സിങ്, വിക്കി ഗോന്ദ്ര, നിതിന്‍ദിയോള്‍, വിക്രംജിത് സിങ് വിക്കി എന്നിവരെയും അക്രമികള്‍ മോചിപ്പിച്ചു.

പോലീസ് വേഷത്തിലെത്തിയ 10പേരടങ്ങിയ സംഘമാണ് ആക്രമണം നടത്തിയത്. പോലീസുകാര്‍ക്കുനേരെ വെടിയുതിര്‍ത്ത ശേഷമാണ് ഭീകരരുമായി കടന്നുകളഞ്ഞത്. ഇവര്‍ക്കുവേണ്ടി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

ഹര്‍മിന്ദര്‍ സിങ്ങിനെ 2014 ല്‍ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നാണ് പഞ്ചാബ് പോലീസ് പിടികൂടിയത്. പത്തോളം ഭീകരകേസുകളില്‍ പ്രതിയാണ് ഇയാള്‍. സംഭവത്തെ തുടര്‍ന്ന് പഞ്ചാബിലെങ്ങും അതീവ ജാഗ്രത പ്രഖ്യാപിച്ചു.