ന്യൂഡല്‍ഹി: പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മയുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ അദ്ദേഹത്തിന്റെ സെക്രട്ടറിയും ഭര്‍ത്താവും അറസ്റ്റില്‍. ശേഖര്‍ വര്‍മയുടെ സെക്രട്ടറിയായ സോണിയ ധവാന്‍, ഭര്‍ത്താവ് രൂപക് ജെയിന്‍, സഹപ്രവര്‍ത്തകന്‍ ദേവേന്ദര്‍ കുമാര്‍ എന്നിവരെയാണ് നോയിഡ പൊലീസ് അറസ്റ്റ് ചെയ്തത്.

ശേഖര്‍ ശര്‍മയുടെ ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍, ഓഫീസ്, കമ്പ്യൂട്ടര്‍ എന്നിവിടങ്ങളില്‍ സൂക്ഷിച്ചിരുന്ന വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയ സോണിയയും മറ്റ് രണ്ടുപേരും ചേര്‍ന്ന് 20 കോടി രൂപ ആവശ്യപ്പെട്ടെന്നാണ് പരാതി.

കൊല്‍ക്കത്ത സ്വദേശിയായ രോഹിത് ചോമാല്‍ എന്നയാളാണ് വിജയ്‌യുടെ സഹോദരനും പേടിഎം വൈസ് പ്രസിഡണ്ടുമായ അജയ് ശേഖര്‍ വര്‍മയെ വിളിച്ചു പണം ആവശ്യപ്പെട്ടതെന്നു പൊലീസ് പറഞ്ഞു. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്.

ഐ.ടി ആക്ടിന്റെ പരിധിയില്‍ മോഷണം, ഭീഷണിപ്പെടുത്തല്‍, വിശ്വാസവഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് മൂന്നുപേര്‍ക്കെതിരെയും കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.