gulf

കാൽനടയാത്രക്കാരന് ഗുരുതര പരുക്ക്: 55 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ബഹ്റൈൻ കോടതി ഉത്തരവ്

By sreenitha

December 31, 2025

മനാമ: അശ്രദ്ധയോടെ വാഹനമോടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ കാൽനടയാത്രക്കാരന് 25,097 ബഹ്റൈനി ദിനാർ (ഏകദേശം 55 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകണമെന്ന് ബഹ്റൈൻ കോടതി ഉത്തരവിട്ടു. അപകടസമയത്ത് വാഹനം ഓടിച്ചിരുന്ന വ്യക്തിയും ഇൻഷുറൻസ് കമ്പനിയും ചേർന്നാണ് ഈ തുക നൽകേണ്ടതെന്ന് കോടതി വ്യക്തമാക്കി.

ഇതിന് പുറമെ മെഡിക്കൽ ഫീസ്, കോടതി ചെലവുകൾ എന്നിവയും പ്രതികളിൽ നിന്ന് ഈടാക്കണമെന്നും ഉത്തരവിൽ പറയുന്നു. വാഹനമോടിച്ചിരുന്ന വ്യക്തിയുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് കോടതി കണ്ടെത്തിയത്.

അപകടത്തിൽ കാൽനടയാത്രക്കാരന്റെ താടിയെല്ല് പൊട്ടുകയും ഓർമ്മശക്തി ഭാഗികമായി നഷ്ടപ്പെടുകയും ചെയ്തു. കൂടാതെ ശരീരത്തിന്റെ 40 ശതമാനം വരെ തളർച്ച അനുഭവപ്പെട്ടതായി കോടതി രേഖപ്പെടുത്തി. പരുക്കേറ്റ് 25 ദിവസം ഇയാൾ ആശുപത്രിയിലെ ഐ.സി.യുവിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു.

സംഭവത്തിന് പിന്നാലെ ഡ്രൈവർക്കും ഇൻഷുറൻസ് കമ്പനിക്കുമെതിരേ കാൽനടയാത്രക്കാരൻ സിവിൽ കേസ് ഫയൽ ചെയ്തിരുന്നു. വിചാരണക്കിടെ പ്രതിക്ക് മുൻപും സമാന കേസുകളിൽ ശിക്ഷ ലഭിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി കനത്ത പിഴയും നഷ്ടപരിഹാരവും വിധിച്ചത്.