കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിനെയും മറ്റ് അഞ്ച് പ്രതികളെയും എന്‍.ഐ.എ വീണ്ടും ചോദ്യം ചെയ്യും. സ്വപ്‌നയുടെ മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യംചെയ്യുന്നത്. സ്വപ്‌നയ്ക്കും മറ്റു അഞ്ച് പ്രതികള്‍ക്കുമെതിരേ എന്‍.ഐ.എ. കോടതി പ്രൊഡക്ഷന്‍ വാറന്റും പുറപ്പെടുവിച്ചിട്ടുണ്ട്. ഇവര്‍ ചൊവ്വാഴ്ച്ച കോടതിയില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം.

അതിനിടെ, സ്വപ്‌ന സുരേഷിനെയും റമീസിനെയും ഒരേസമയം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതില്‍ വിവാദം തുടരുകയാണ്. സംഭവത്തില്‍ ജയില്‍ വകുപ്പ് ജയില്‍ ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

നേരത്തെ ആറ് ദിവസം ആശുപത്രിയില്‍ കഴിഞ്ഞ സ്വപ്‌നയെ കഴിഞ്ഞദിവസമാണ് നെഞ്ചുവേദനയെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അരമണിക്കൂറിനകം മറ്റൊരു പ്രതിയായ റമീസിനെ വയറുവേദനയെന്ന് പറഞ്ഞും ആശുപത്രിയിലെത്തിച്ചു. ഇതില്‍ ദുരൂഹതകളുണ്ടെന്നാണ് സംശയം. സ്വപ്‌നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ എന്‍.ഐ.എ. അടക്കം പരിശോധിച്ചേക്കുമെന്നാണ് സൂചന.