ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഗോവധ നിരോധനം നടപ്പാക്കാനാവില്ലെന്ന് സുപ്രീംകോടതി. ഗോവധ നിരോധനം എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കാനാവശ്യപ്പെട്ട് നല്‍കിയ പൊതു താല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി.

സംസ്ഥാനങ്ങള്‍ക്ക് ഗോവധം നിരോധിക്കാനും നിരോധിക്കാതിരിക്കാനും സ്വാതന്ത്ര്യമുണ്ട്. ഒരു സംസ്ഥാനത്തിന് വേണമെങ്കില്‍ ഗോവധം നിരോധിക്കാം, മറ്റൊരു സംസ്ഥാനത്തിന് വേണ്ടെങ്കില്‍ വേണ്ട, സംസ്ഥാന നിയമങ്ങളില്‍ സുപ്രീം കോടതിക്ക് ഇടപെടാനാവില്ലെന്നും കേസ് പരിഗണിച്ച ബഞ്ച് പറഞ്ഞു. ഗോവധവുമായി ബന്ധപ്പെട്ട് ഏകീകൃത നിയമം വേണമെന്ന ആവശ്യവും കോടതി തള്ളി.

അനധികൃതമായ കാലി കടത്തിനെതിരെ നേരത്തെ തന്നെ ഉത്തരവ് പുറപ്പെടുവിച്ചതാണെന്നും കോടതി പരാതിക്കാരനോട് പറഞ്ഞു. വിനീത് സഹായിയാണ് ഗോവധ നിരോധനം നടപ്പിലാക്കണമെന്ന ഹര്‍ജി നല്‍കിയത്.