തിരുവനന്തപുരം: ഡിസംബര്‍ 30വരെ പഴയ നോട്ടുകള്‍ സാധാരണ രീതിയില്‍ ഉപയോഗിക്കാന്‍ അവസരം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നോട്ടുകള്‍ പിന്‍വലിച്ചത് കള്ളപ്പണം തടയാന്‍ ഉദ്ദേശിച്ചു സ്വീകരിച്ചതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കള്ളപ്പണ ലോബിക്ക് അവരുടെ പണം മാറ്റാനായി മുന്‍കൂട്ടി വിവരം നല്‍കിയെന്ന് ഇപ്പോള്‍ തെളിയുന്നു. കള്ളപ്പണക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായില്ല. സാധാരണ ജനങ്ങള്‍ക്കു മാത്രമാണ് ബുദ്ധിമുട്ടുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. തിടുക്കപ്പെട്ട് ഇത്തരം നടപടി സ്വീകരിക്കുമ്പോള്‍ പകരം സംവിധാനങ്ങള്‍ ഒരുക്കേണ്ടതായിരുന്നു. ബാങ്കുകളില്‍ നിന്ന് പണം ലഭിക്കാതെ ചിലര്‍ ആത്മഹത്യ ചെയ്തു. ചികിത്സ ലഭിക്കാതെയും മരുന്നുവാങ്ങാന്‍ കഴായതെയും ജനങ്ങള്‍ വലയുകയാണ്.

പുതിയ നോട്ടുകള്‍ എപ്പോള്‍ എത്തുമെന്ന കാര്യത്തില്‍ ഒരു ഉത്തരവും നല്‍കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ പഴയ നോട്ടുകള്‍ ഉപയോഗിക്കാന്‍ ഡിസംബര്‍ 30വരെ അവസരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഡല്‍ഹിക്കുപോകുന്ന മുഖ്യമന്ത്രി കേന്ദ്രധനമന്ത്രിയെക്കണ്ട് ഇക്കാര്യം അറിയിക്കാന്‍ ശ്രമിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.