കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിന്റെ ഔദ്യോഗിക കസേര കത്തിച്ച സംഭവത്തില്‍ എസ്.എഫ്.ഐക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ അപമാനത്തിന്റെ പടുകുഴിയിലാക്കാന്‍ ഏതാനും ചിലര്‍ വിചാരിച്ചാല്‍ സാധിക്കുമെന്ന് പിണറായി പറഞ്ഞു. ഉത്തമമാതൃകകള്‍ സൃഷ്ടിച്ചിട്ടുള്ള സ്ഥാപനങ്ങളാണെങ്കില്‍ പോലും അപമാനകരമായ സംഭവങ്ങളാണ് സമൂഹം ശ്രദ്ധിക്കുക. സമൂഹത്തിന്റെ നല്ല പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ എല്ലാവരുടെയും ഭാഗത്തു നിന്ന് ശ്രമം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. മഹാരാജാസ് കോളജില്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഗമമായ മഹാരാജകീയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം. കഴിഞ്ഞ ജനുവരിയിലാണ് സദാചാര പൊലീസായി പ്രവര്‍ത്തിക്കുന്നുവെന്നാരോപിച്ച് ഒരു വിഭാഗം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പല്‍ പ്രൊഫ.എന്‍.എല്‍ ബീനയുടെ കസേര കത്തിച്ചത്. ഇതേ തുടര്‍ന്ന് എസ്.എഫ്.ഐക്കെതിരെ രൂക്ഷമായ പ്രതിഷേധങ്ങളുയര്‍ന്നിരുന്നു.
കേരളം അഭിമാനത്തോടെ കാണുന്ന കലാലയമാണ് മഹാരാജാസ് കോളേജെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി നില്‍ക്കുന്ന എല്ലാവര്‍ക്കും ആ കരുതല്‍ വേണം. ഒറ്റപ്പെട്ട രീതിയിലാണെങ്കിലും തെറ്റായ കാര്യങ്ങള്‍ സംഭവിച്ചാല്‍ ആത്മപരിശോധന നടത്തി തിരുത്തണം. തെറ്റ് മനുഷ്യസഹജമാണ്. തിരുത്താനുള്ള ആര്‍ജവമാണ് പ്രധാനം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇളംപ്രായക്കാരായ വിദ്യാര്‍ത്ഥികളും മുതിര്‍ന്നവരായ അധ്യാപകരുമുണ്ട്. കലാലയ ക്യാമ്പസുകളില്‍ രാഷ്ട്രീയം അനിവാര്യമാണ്. അതില്ലാതായാല്‍ അരാഷ്ട്രീയവും ജാതിമത വര്‍ഗീയ ശക്തികളും ക്രിമിനല്‍ സംഘങ്ങളും അവിടെ പിടിമുറുക്കും. അതേസമയം രാഷ്ട്രീയമായ ഭിന്നതകള്‍ ശാരീരികമായ സംഘര്‍ഷത്തിലേക്ക് പോകരുത്. ആദര്‍ശങ്ങള്‍ തമ്മില്‍ ആരോഗ്യകരമായ ഏറ്റുമുട്ടലാണുണ്ടാകേണ്ടത്. കലാലയ ക്യാമ്പസുകളുടെ വളര്‍ച്ചയ്ക്ക് നിദാനവും ഈ സംവാദമാണെന്നും അദ്ദേഹം പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനുള്ള ശ്രമം സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന് സഹായകമായ പദ്ധതികള്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ആവിഷ്‌കരിക്കും. ഗവേഷണത്തില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അവാര്‍ഡുകള്‍ നല്‍കും. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിനായി ലൈബ്രറി, ലാബറട്ടറി സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. ഡിജിറ്റല്‍വല്‍ക്കരണത്തിന് മുന്തിയ പരിഗണന നല്‍കും. സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളജുകളെ ദേശീയ, രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മഹാരാജകീയം സുവനീറിന്റെ പ്രകാശനം മുഖ്യമന്ത്രിക്ക് നല്‍കി മമ്മൂട്ടി നിര്‍വഹിച്ചു.
Be the first to write a comment.