gulf

പിണറായി സര്‍ക്കാറിന്റെത് ബി.ജെ.പി അനുകൂല നിലപാട്: ഷാഫി പറമ്പില്‍ എം.പി

By sreenitha

January 02, 2026

കേരള സര്‍ക്കാര്‍ ബി.ജെ.പിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിരിക്കുകയാണെന്ന് ഷാഫി പറമ്പില്‍ എം.പി. ആരോപിച്ചു. കുവൈത്തില്‍ നടന്ന കെ.എം.സി.സി കോഴിക്കോട് ജില്ല സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പിയില്‍ ചേര്‍ന്നില്ലെങ്കിലും ബി.ജെ.പിക്ക് വേണ്ടി ഭരിക്കുന്ന സര്‍ക്കാറായി കേരള സര്‍ക്കാര്‍ മാറിയെന്നും ഇത് ജനങ്ങള്‍ക്ക് ബോധ്യമായ സാഹചര്യമാണ് നിലവിലുള്ളതെന്നും ഷാഫി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകള്‍ ബി.ജെ.പിയുടെ നിലപാടുകളായി മാറുകയാണെന്നും, അമിത്ഷായും നരേന്ദ്ര മോദിയും ആഗ്രഹിക്കുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി അംഗീകരിക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ നിയമനം, പി.എം. ശ്രീ വിഷയങ്ങള്‍ തുടങ്ങിയവയില്‍ സര്‍ക്കാറിന്റെയും മുഖ്യമന്ത്രിയുടെയും നിലപാടുകള്‍ സി.പി.എമ്മിനകത്ത് തന്നെ ചോദ്യം ചെയ്യപ്പെടുന്നുണ്ടെന്ന് ഷാഫി ചൂണ്ടിക്കാട്ടി. ഭരണവിരുദ്ധ വികാരം ശക്തമാണെന്നും ഇത് തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ മാത്രം ഒതുങ്ങാതെ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാറിന്റെ നിലപാടുകള്‍ ബി.ജെ.പിയുമായി ചേര്‍ന്ന കാഴ്ചപ്പാടുകളാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞതിന്റെ ഫലമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പുകളെന്നും ഷാഫി പറഞ്ഞു. കേരളത്തില്‍ മാറ്റം വേണമെന്ന് സി.പി.എമ്മുകാര്‍ പോലും ആഗ്രഹിക്കുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ ചോദിക്കുന്നവരെ മുദ്രകുത്തുന്ന സമീപനം കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും, മതവിദ്വേഷമില്ലാത്ത സഹിഷ്ണുതയുള്ള സംസ്‌കാരമാണ് കേരളത്തിന്റേതെന്നും ഷാഫി പറഞ്ഞു.

പ്രവാസി വിഷയങ്ങള്‍ ഉപേക്ഷിക്കില്ലെന്നും, യാത്രാപ്രശ്‌നങ്ങള്‍, വിമാന ടിക്കറ്റ് നിരക്ക്, കുവൈത്തില്‍ നിന്ന് കോഴിക്കോട്കണ്ണൂര്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കിയ വിഷയങ്ങള്‍ എന്നിവയില്‍ ഇടപെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവാസി മരണങ്ങളില്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിലെ കാലതാമസം, എസ്.ഐ.ആര്‍ മൂലം പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കാന്‍ രാഷ്ട്രീയവും നിയമപരവുമായ പോരാട്ടം തുടരുമെന്നും ഷാഫി പറമ്പില്‍ എം.പി പറഞ്ഞു.