Connect with us

kerala

വഞ്ചകരുടെ കൂടാരം വിടാന്‍ സി.പി.ഐ ഇനിയും വൈകരുത്: എം.കെ മുനീര്‍

അച്യുതമേനോനെ മുഖ്യമന്ത്രിയാക്കി ബാഫഖി തങ്ങള്‍ ആ ഇടതുപക്ഷ ധാരയെ പരിപോഷിപ്പിക്കാന്‍ ശ്രമിച്ചത് കേരള മോഡലിന്റെ പിറവിക്ക് കാരണമായി.

Published

on

കോഴിക്കോട്: രാഷ്ട്രീയ വഞ്ചനയുടെ പര്യായമായ സി.പി.എമ്മിന്റെ കൂടാരം വിടാന്‍ സി.പി.ഐ ഇനിയും വൈകരുതെന്ന് മുസ്്‌ലിംലീഗ് നിയമസഭാ പാര്‍ട്ടി ഉപ നേതാവ് ഡോ.എം.കെ മുനീര്‍ എം.എല്‍.എ. കേരള ചരിത്രത്തില്‍ സി.പി.ഐക്ക് മാന്യമായൊരു സ്ഥാനമുണ്ട്. അച്യുതമേനോനെ മുഖ്യമന്ത്രിയാക്കി ബാഫഖി തങ്ങള്‍ ആ ഇടതുപക്ഷ ധാരയെ പരിപോഷിപ്പിക്കാന്‍ ശ്രമിച്ചത് കേരള മോഡലിന്റെ പിറവിക്ക് കാരണമായി. പത്തു വര്‍ഷത്തോളം നീണ്ട അക്കാലത്തെ ഭരണമാണ് സംസ്ഥാനത്തിന്റെ തലവര മാറ്റിയത്. എന്നാല്‍, സി.പി.എമ്മിന്റെ വഞ്ചനയില്‍ വീണു പോയ സി.പി.ഐ ആ കൂടാരത്തിലേക്ക് പോയതോടെ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കാന്‍ വല്ലാതെ പെടാപാട് പെടുന്നതാണ് കണ്ടത്.

എല്ലാ കാലത്തും വഞ്ചന സി.പി.എമ്മിന്റെ കൂടെപ്പിറപ്പാണ്. തൊഴിലാളികളെയും അടിസ്ഥാന വര്‍ഗത്തെയും മതേതരത്വത്തെയുമെല്ലാം ഒറ്റുകൊടുത്തതാണ് സി.പി.എമ്മിന്റെ ചരിത്രം. ഇപ്പോഴും അതില്‍ വലിയ മാറ്റമില്ലെന്ന് മാത്രമല്ല, സംഘപരിവാറുമായി ഇരട്ടപ്പാതയുള്ള സ്ഥിരം പാലവുമായിരിക്കുന്നു. ഒന്നാം പിണറായി സര്‍ക്കാര്‍ കാലത്തേ ആഭ്യന്തര വകുപ്പ് സംഘപരിവാറിന് തീറെഴുതിയവര്‍ രണ്ടാം പിണറായി സര്‍ക്കാര്‍ വന്നതോടെ വിദ്യാഭ്യാസസാംസ്‌കാരിക വിഭാഗങ്ങളും അവര്‍ക്ക് അടിയറവ് വെച്ചിരിക്കുന്നു. ജനാധിപത്യത്തിന് പകരം ഏകാധിപത്യം അരക്കിട്ടുറപ്പിച്ച സി.പി.എമ്മിന്റെ വല്ല്യേട്ടന്‍ നയത്തിനെതിരെ സഹികെട്ടാണ് സി.പി.ഐ ദുര്‍ബലശബ്ദമെങ്കിലുമുയര്‍ത്തിയത്.

പി.എം ശ്രീ കരാറിലും യൂണിവേഴ്‌സിറ്റി വി.സി ഒത്തുതീര്‍പ്പിലുമെല്ലാം സി.പി.എമ്മിന്റെ ചതിക്കെതിരെ സി.പി.ഐ സ്വീകരിച്ച നിലപാട് ശ്ലാഖനീയമാണ്. ഇതിന്റെ പകപോക്കാന്‍ പിണറായിയുടെ മെഗാഫോണായ വെള്ളാപ്പള്ളി നടേശനെ വരെ ഇറക്കിയാണ് സി.പി.ഐയെ കൊട്ടുന്നത്. തീവ്ര വലതുപക്ഷമായി സി.പി.എം മാറിയതിന്റെ ദുരന്തം പേറുന്ന എല്‍.ഡി.എഫിന് ഇടതുപക്ഷം എന്ന പേരുപയോഗിക്കാനുള്ള അര്‍ഹത നഷ്ടപ്പെട്ടിരിക്കുന്നു. അല്‍പമെങ്കിലും ഇടതു മൂല്ല്യബോധമുള്ള സി.പി.ഐ വഞ്ചകരുടെ കൂടാരംവിട്ട് പുറത്തുവരാന്‍ വൈകരുതെന്നും ഡോ.എം.കെ മുനീര്‍ ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വെള്ളാപ്പള്ളി മറുപടി അർഹിക്കുന്നില്ല, അവഗണിക്കാനാണ് തീരുമാനമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

വെള്ളാപ്പള്ളിയെ അവഗണിക്കാനാണ് തീരുമാനമെന്നും ഇനി പ്രതികരിക്കേണ്ട കാര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

Published

on

മലപ്പുറം: വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷപരാമർശത്തിനെതിരെ പ്രതികരണവുമായി മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. വെള്ളാപ്പള്ളിയെ അവഗണിക്കാനാണ് തീരുമാനമെന്നും ഇനി പ്രതികരിക്കേണ്ട കാര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

വെള്ളാപ്പള്ളി മറുപടി അർഹിക്കുന്നില്ലെന്നത് ജനങ്ങൾ തന്നെ തെളിയിച്ചതാണെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. തെരഞ്ഞെടുപ്പുകളിൽ ജനങ്ങൾ അവരുടെ നിലപാട് വ്യക്തമായി അറിയിച്ചിട്ടുണ്ട്. വർഗീയത കേരളം വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

മുഖ്യമന്ത്രിക്ക് പറയാന്‍ പറ്റാത്ത വര്‍ഗീയത മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കുന്നു: വി.ഡി. സതീശന്‍

സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന വിദ്വേഷ രാഷ്ട്രീയമാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ളവര്‍ നടത്തുന്നതെന്ന് സതീശന്‍ ആരോപിച്ചു.

Published

on

കൊച്ചി: മുഖ്യമന്ത്രിക്ക് തുറന്നു പറയാന്‍ കഴിയാത്ത വര്‍ഗീയത മറ്റുള്ളവരെ മുന്നില്‍ നിര്‍ത്തി പറയിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.കലാപം ഉണ്ടാക്കാന്‍ പോകുന്നുവെന്ന് വെള്ളാപ്പള്ളി  പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്? മുഖ്യമന്ത്രിയുടെ വാക്കുകളാണ് അദ്ദേഹത്തിലൂടെ പുറത്ത് വരുന്നത്. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ മുഖ്യമന്ത്രിക്ക് കീഴിലുള്ള പൊലീസ് നടപടി എടുക്കണ്ടേ? എത്ര ഹീനമായ വര്‍ഗീയതയാണ് പറയുന്നതെന്നും സതീശൻ പറഞ്ഞു.

സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന വിദ്വേഷ രാഷ്ട്രീയമാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ളവര്‍ നടത്തുന്നതെന്ന് സതീശന്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ അനുഗ്രഹാശിസ്സുകളോടെയാണ് ഇത്തരം പ്രസ്താവനകള്‍ ഉണ്ടാകുന്നതെന്നും, ഇതെല്ലാം പറഞ്ഞതിന് പിന്നാലെ തന്നെ മുഖ്യമന്ത്രി ചിലരെ പൊന്നാട അണിയിച്ചതായും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ കാറില്‍ കയറി നടക്കുന്നവരാണ് വര്‍ഗീയ പ്രചരണം നടത്തുന്നതെന്നും, തിരഞ്ഞെടുപ്പിന് മുമ്പും ശേഷവും കേരളത്തില്‍ വര്‍ഗീയത വളര്‍ത്താന്‍ ശ്രമിക്കുന്നത് മുഖ്യമന്ത്രിയാണെന്നും സതീശന്‍ പറഞ്ഞു.

കേരളത്തില്‍ വിദ്വേഷത്തിന്റെ ക്യാമ്പയിന്‍ നടത്താന്‍ ബി.ജെ.പിയെ പോലെ സി.പി.എമ്മും ശ്രമിക്കുകയാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വരെ ന്യൂനപക്ഷ വര്‍ഗീയത പറഞ്ഞ സി.പി.എം, തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഭൂരിപക്ഷ വര്‍ഗീയത പറഞ്ഞുവെന്നും എന്നാല്‍ എല്ലാം തിരിച്ചടിയായെന്നും സതീശന്‍ പറഞ്ഞു. ഇപ്പോള്‍ ഭൂരിപക്ഷ വോട്ടും ന്യൂനപക്ഷ വോട്ടും ഇല്ലാത്ത അവസ്ഥയിലാണെന്നും, ശബരിമല വിഷയവും ഉള്‍പ്പെടെ എല്ലാം തിരിച്ചടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടിട്ടില്ലെന്ന പിണറായി വിജയന്റെ വാദം അസത്യമാണെന്ന് സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസ് നിരന്തരം എസ്.ഐ.ടിയുടെ അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിച്ചുവെന്നും അന്വേഷണ സംഘത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും അദ്ദേഹം ആരോപിച്ചു. ഏറ്റവും ഒടുവില്‍ സി.പി.എം ബന്ധമുള്ള രണ്ട് ഉദ്യോഗസ്ഥരെ എസ്.ഐ.ടിയില്‍ നിയമിച്ചുവെന്നും, അന്വേഷണ രഹസ്യങ്ങള്‍ പാര്‍ട്ടിക്ക് ചോര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും സതീശന്‍ പറഞ്ഞു.

ഹൈക്കോടതി നിയോഗിച്ച എസ്.ഐ.ടിയുടെ അന്വേഷണം ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം ആരൊക്കെ ഫോട്ടോ എടുത്തുവെന്നതല്ല, ശബരിമലയിലെ സ്വര്‍ണം ആരാണ് കവര്‍ന്നത്, എവിടെയാണ് വിറ്റത്, ദ്വാരപാലക ശില്‍പം നല്‍കിയ കോടീശ്വരന്‍ ആരാണ് തുടങ്ങിയ കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് സി.പി.എം നേതാക്കള്‍ ഇതിനകം ജയിലിലാണെന്നും, അതിനേക്കാള്‍ വലിയ നേതാക്കള്‍ ജയിലിലേക്ക് പോകാനുള്ള ക്യൂവിലാണെന്നും സതീശന്‍ പറഞ്ഞു.

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും സി.പി.എം ശ്രമിക്കുന്നുവെന്ന് സതീശന്‍ ആരോപിച്ചു. വടക്കാഞ്ചേരിയിലും മറ്റത്തൂരിലും പണം നല്‍കി ആളുകളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായും, ജനാധിപത്യത്തെ കുറിച്ച് വാചാലരാകുന്നവര്‍ ബി.ജെ.പിയെ പോലെ തന്നെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. തൊടുപുഴയില്‍ 16 വയസുള്ള മകന്‍ യു.ഡി.എഫിന് വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ അമ്മയെ ജോലി നിന്ന് പുറത്താക്കിയ സംഭവവും സതീശന്‍ ചൂണ്ടിക്കാട്ടി.

ആര്‍.എസ്.എസ് നെ പ്രതിരോധിക്കുന്നത് സി.പി.എം ആണെന്ന മുഖ്യമന്ത്രിയുടെ വാദം തമാശയാണെന്നും, ആര്‍.എസ്.എസ് പിന്തുണയോടെ 1977ല്‍ നിയമസഭയിലെത്തിയ ആളാണ് പിണറായി വിജയനെന്നും സതീശന്‍ പറഞ്ഞു. തൃശൂരില്‍ ബി.ജെ.പിക്ക് അനുകൂലമായി പ്രവര്‍ത്തിച്ചതായി സി.പി.ഐ തന്നെ ആരോപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ പൊലീസ് പൂര്‍ണമായി അഴിച്ചുവിട്ടിരിക്കുകയാണെന്നും, പൊലീസിന് മേല്‍ യാതൊരു നിയന്ത്രണവുമില്ലെന്നും, കേരളത്തിലെ പൊലീസ് സംവിധാനം തകര്‍ന്നു കൊണ്ടിരിക്കുകയാണെന്നും വി.ഡി. സതീശന്‍ ആരോപിച്ചു.

 

Continue Reading

kerala

ദേശീയപാതാ നിർമാണത്തിനിടെ അപകടം; കോൺക്രീറ്റ് പാളി തകർന്നു വീണു

ക്രെയിൻ ഉപയോഗിച്ച് സ്ലാബ് ഉയർത്തുന്നതിനിടെയാണ് ക്രെയിനുമായി ബന്ധിപ്പിച്ചിരുന്ന കയർ പൊട്ടിയത്.

Published

on

കോഴിക്കോട്: കൊയിലാണ്ടി തിരുവങ്ങൂരിൽ ദേശീയപാതാ നിർമാണ പ്രവർത്തനത്തിനിടെ കോൺക്രീറ്റ് സ്ലാബ് തകർന്നു വീണു. ക്രെയിൻ ഉപയോഗിച്ച് സ്ലാബ് ഉയർത്തുന്നതിനിടെയാണ് ക്രെയിനുമായി ബന്ധിപ്പിച്ചിരുന്ന കയർ പൊട്ടിയത്. ഇതോടെ കോൺക്രീറ്റ് പാളി സർവീസ് റോഡിലേക്ക് പതിച്ചു. ഉച്ചയോടെയായിരുന്നു സംഭവം.

സംഭവസമയത്ത് സർവീസ് റോഡിലൂടെ വാഹനങ്ങൾ കടന്നുപോകുന്നുണ്ടായിരുന്നെങ്കിലും, അപകട നിമിഷത്തിൽ റോഡിൽ ആളുകളോ വാഹനങ്ങളോ ഉണ്ടായിരുന്നില്ല. ഇതോടെ വലിയ ദുരന്തമാണ് ഒഴിവായത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

ഒന്നര മീറ്റർ നീളവും വീതിയുമുള്ള കോൺക്രീറ്റ് സ്ലാബുകൾ ഇന്റർലോക്ക് രീതിയിൽ അടുക്കിയാണ് മതിൽ നിർമിക്കുന്നത്. ഈ സ്ലാബുകൾ ക്രെയിൻ ഉപയോഗിച്ച് മുകളിലേക്ക് കയറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.

മുമ്പ് മതിൽ മുന്നോട്ട് തള്ളിവന്നതിനെ തുടർന്ന് പൊളിച്ച് വീണ്ടും നിർമിച്ചതായും, നിർമാണത്തിന്റെ അശാസ്ത്രീയതയെക്കുറിച്ച് നേരത്തെ തന്നെ പരാതികൾ ഉയർന്നിരുന്നതായും നാട്ടുകാർ പറയുന്നു. സംഭവത്തെ തുടർന്ന് പ്രദേശവാസികൾ ഇടപെട്ട് നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെപ്പിച്ചു.

സുരക്ഷ ഉറപ്പാക്കിയതിന് ശേഷം മാത്രമേ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാവൂ എന്നാണ് നാട്ടുകാരുടെ ആവശ്യം. അശാസ്ത്രീയമായ നിർമാണം തുടർന്നാൽ ഭാവിയിൽ വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന ആശങ്കയും അവർ അറിയിച്ചു.

Continue Reading

Trending