തിരുവനന്തപുരം: എതിരാളികളെ വകവരുത്തുന്ന ആര്‍.എസ്.എസുകാര്‍ക്കും കൊലപ്പെടുത്തി തിരിച്ചടിക്കുന്ന സി.പി.എമ്മുകാര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്റെ വക സമാധാനസന്ദേശം. നിയമസഭയില്‍ കണ്ണൂര്‍ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുമ്പോഴാണ് സമാധാനപാതയിലേക്ക് തിരിച്ചു വരണമെന്ന് ഇരു കക്ഷികളോടും പിണറായി ഉപദേശിച്ചത്.

കണ്ണൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ ആദ്യമൊന്നും തയാറാകാതിരുന്ന മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് ഒടുവില്‍ വഴങ്ങി. രാഷ്ട്രീയകൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും സമാധാനയോഗം വിളിക്കാമെന്ന് മുഖ്യമന്ത്രി സമ്മതിക്കുകയായിരുന്നു. രാഷ്ട്രീയ കൊലപാതകങ്ങള്‍ കണ്ണൂരിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ സര്‍വകക്ഷി സമാധാനയോഗം വിളിച്ച് പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ഇരിക്കൂര്‍ അംഗം കെ.സി ജോസഫാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതോടെ യു.ഡി.എഫും കേരള കോണ്‍ഗ്രസും അടക്കമുള്ള പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ നിന്നും ഇറങ്ങിപ്പോയി. കണ്ണൂരിലെ ജനങ്ങള്‍ ഭീതിയിലാണെന്ന പ്രതിപക്ഷത്തിന്റെ വാദത്തോട് യോജിപ്പില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തില്‍ അക്രമരാഷ്ട്രീയം നടത്തുന്നത് ആര്‍.എസ്.എസാണെന്നും സി.പി.എമ്മിന് ഇതുമായി ഒരുബന്ധവുമില്ലെന്ന തരത്തിലാണ് ആദ്യം സംസാരിച്ചത്. പിന്നീടാണ് നിലപാട് മാറ്റി സമാധാന സന്ദേശം നല്‍കിയത്. കണ്ണൂരിലെ സമാധാനശ്രമങ്ങളോട് ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വം സഹകരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കണ്ണൂരില്‍ ബോധപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നത്. കണ്ണൂരില്‍ സമാധാന സംഭാഷണം നടത്തുന്നതിന് സര്‍ക്കാരിന് ഒരു പ്രയാസവുമില്ല. യു.ഡി.എഫ് ഭരണകാലത്ത് രാഷ്ട്രീയ കൊലപാതകമില്ലെന്ന് പ്രതിപക്ഷം പറയുന്നത് വസ്തുതകള്‍ മറച്ചുവച്ചാണ്. സംസ്ഥാനത്ത് രാഷ്ട്രീയകൊലപാതക അന്തരീക്ഷം രൂപപ്പെട്ടുവരുന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ പക്ഷപാതപരമായ നിലപാട് ഒരുഘട്ടത്തിലും പൊലീസ്് സ്വീകരിച്ചിട്ടില്ല. അവര്‍ക്ക് പരിമിതിയുമില്ല. സമാധാന സംഭാഷണങ്ങളില്‍ സഹകരിക്കാന്‍ ഒരുവിഭാഗം തയ്യാറാവാതെ അടുത്ത അക്രമത്തിനുള്ള തയ്യാറെടുപ്പ് നടത്തുന്നതിലെ പരിമിതിയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്.

ജില്ലയില്‍ സമീപകാലത്ത് അരങ്ങേറിയ കൊലക്കേസുകളിലെ പ്രതികള്‍ വയനാട്, തിരുവനന്തപുരം, കാസര്‍കോട് തുടങ്ങിയ ജില്ലകളില്‍ നിന്നുള്ളവരാണ്. സംസ്ഥാനതലത്തില്‍ തന്നെ വ്യക്തമായ ആസൂത്രണം നടന്നു എന്നതിന്റെ തെളിവാണിത്. മുന്‍സര്‍ക്കാറിന്റെ കാലത്ത് നിയമസഭയില്‍ വച്ച രേഖകള്‍ പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തിരുവനന്തപുരത്താണ്. കൊലപാതകങ്ങളുടെ എണ്ണത്തില്‍ ആറാം സ്ഥാനത്താണ് കണ്ണൂരെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നാലു മാസത്തിനകം ഏഴ് രാഷ്ട്രീയ കൊലപാതകങ്ങള്‍ കണ്ണൂരില്‍ അരങ്ങേറിയെന്നും ആര്‍.എസ്.എസിന്റെ അജണ്ടകള്‍ക്ക് സി.പി.എം വഴിയൊരുക്കരുതെന്നും കെ.സി ജോസഫ് പറഞ്ഞു. മുഖ്യമന്ത്രിക്ക് ദുരഭിമാനം പാടില്ല.

അദ്ദേഹം സി.പി.എമ്മിന്റെ മാത്രം നേതാവല്ല. കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. സമാധാനയോഗം വിളിക്കാന്‍ അദ്ദേഹം മുന്‍കയ്യെടുക്കണം. അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആവശ്യപ്പെട്ടു.