തിരുവനന്തപുരം: മുന്‍മന്ത്രി ഏ.കെ ശശീന്ദ്രനെതിരെ പുറത്തുവന്ന ലൈംഗിക സംഭാഷണ ആരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരാണ് കേസന്വേഷിക്കുക എന്ന കാര്യം അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശശീന്ദ്രന്‍ കുറ്റമേറ്റല്ല രാജിവെച്ചത്, രാഷ്ട്രീയ ധാര്‍മ്മികതയുടെ ഭാഗമായാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോപണത്തില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഏത് തരത്തിലുള്ള അന്വേഷണം നടത്തണമെന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് കൂടിക്കാഴ്ച്ച നടത്തിയത്. രാവിലെ ശശീന്ദ്രന്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു. വാര്‍ത്തയില്‍ അസ്വാഭാവികതയുണ്ടെന്ന് ശശീന്ദ്രന്‍ മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു.

മംഗളം ചാനലാണ് ഏ.കെ ശശീന്ദ്രന്റെ ലൈംഗിക സംഭാഷണം പുറത്തുവിട്ടത്. വാര്‍ത്ത പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവെക്കുകയായിരുന്നു.