തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൂര്‍ണ്ണ സമയ ഉപദേഷ്ടാവല്ല ഗീതാ ഗോപിനാഥ് എന്നതിനാല്‍ സര്‍ക്കാരിന്റേതില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉണ്ടാകുന്നതോ പ്രകടിപ്പിക്കുന്നതോ അസ്വാഭാവികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

നരേന്ദ്രമോദിയുടെ സാമ്പത്തികപരിഷ്‌കാരത്തെ ഗീതാഗോപിനാഥ് പ്രകീര്‍ത്തിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇവിടെ അവരുടെ പ്രതികരണത്തിലെ ഒരു പ്രയോഗം കണ്ട് ആവേശം കൊണ്ട ചിലര്‍ തെറ്റിദ്ധാരണാജനകമായ പ്രചാരണം നടത്തുകയാണെന്ന് കരുതണം. ഇന്ന് രാജ്യം നേരിടുന്ന പ്രശ്‌നങ്ങളാണ് അവര്‍ വിശദീകരിച്ചിട്ടുള്ളത്.

അത് ഹാര്‍വാഡ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ കൂടിയായ സാമ്പത്തിക വിദഗ്ധയുടെ സ്വാതന്ത്ര്യം തന്നെയാണ്. കേരളം അവരില്‍ നിന്ന് സ്വീകരിക്കുന്നത് സംസ്ഥാനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഉപദേശവും സഹായവുമാണ്. ലോക സാമ്പത്തിക വിഷയങ്ങളില്‍ അവര്‍ എടുക്കുന്ന നിലപാടോ പറയുന്ന അഭിപ്രായമോ അല്ലെന്നും പിണറായി പറഞ്ഞു.