kerala
വിജയ് മല്യ നല്‍കിയ 30 കിലോ സ്വര്‍ണത്തില്‍ എത്ര കിലോ ബാക്കിയുണ്ട്? അയ്യപ്പനോടുള്ള കപട ഭക്തി മുര്‍ദ്ധന്യത്തില്‍ നിക്കുമ്പോഴും പിണറായി വിജയന് ഒരു പ്രതികരണവുമില്ല; വി.ഡി സതീശന്‍
ശബരിമലയില്‍ 1998-ല്‍ യു.ബി ഗ്രൂപ്പ് ചെയര്‍മാനായിരുന്ന വിജയ്മല്യ നല്‍കിയ 30 കിലോ സ്വര്‍ണത്തില്‍ എത്ര കിലോ ബാക്കിയുണ്ടെന്ന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
ശബരിമലയില്‍ 1998-ല്‍ യു.ബി ഗ്രൂപ്പ് ചെയര്‍മാനായിരുന്ന വിജയ്മല്യ നല്‍കിയ 30 കിലോ സ്വര്‍ണത്തില്‍ എത്ര കിലോ ബാക്കിയുണ്ടെന്ന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. 40 വര്‍ഷം വാറന്റിയുള്ള സ്വര്‍ണ പാളികള്‍ ഉള്‍പ്പെടെയുള്ളവ 2019-ല്‍ ശബരിമലയില്‍ നിന്നും കൊണ്ടു പോയിട്ട് നാല്‍പതോളം ദിവസം കഴിഞ്ഞാണ് ചെന്നൈയില്‍ എത്തിച്ചത്. ഇക്കാര്യം ഹൈക്കോടതി വിധിയിലുണ്ട്. ശബരിമലയില്‍ നിന്നും കൊണ്ടു പോയ സാധനങ്ങള്‍ നാല്‍പതോളം ദിവസം എവിടെയായിരുന്നു? സ്വര്‍ണം അടിച്ചു മാറ്റുന്നതിനു വേണ്ടിയുള്ള പ്രക്രിയയില്‍ ആയിരുന്നോ? അതോ പല സ്ഥലങ്ങളിലും കൊണ്ടു പോയി പൂജ നടത്താനുള്ള തത്രപ്പാടിലായിരുന്നോ? ശബരിമലയിലെ പവിത്രമായ സ്വര്‍ണപാളികള്‍ ചെന്നൈയില്‍ എത്തിക്കാന്‍ 40 ദിവസം എടുത്തെന്ന ഹൈക്കോടതി വിധിയിലെ പരാമര്‍ശം ദുരൂഹത വ്യക്തമാക്കുന്നതാണ്. ചെമ്പ് പാളി മാത്രമാണ് ചെന്നൈയില്‍ എത്തിച്ചതെന്നാണ് ഏജന്‍സി പറയുന്നത്. സ്വര്‍ണം ഇവിടെ നിന്നു തന്നെ അടിച്ചു മാറ്റിയ ശേഷം ചെമ്പു പാളിയാണ് ചെന്നൈയില്‍ എത്തിച്ചതെന്നു വ്യക്തമാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.
ഉണ്ണികൃഷ്ണന്‍ പോറ്റി ആരാണെന്ന് പ്രതിപക്ഷം നിരന്തരം ചോദിച്ചിട്ടും മറുപടിയില്ല. സ്പോണ്‍സറാണെന്നാണ് പറയുന്നത്. 2029-ല്‍ സ്വര്‍ണപാളി കൊണ്ടു പോയതില്‍ ക്രമക്കേടുണ്ടെന്നും സ്വര്‍ണം നഷ്ടപ്പെട്ടെന്നും ദേവസ്വം കണ്ടെത്തിയിട്ടുണ്ട്. എന്നിട്ടും മൂടിവച്ചു. ഇടനിലക്കാരനാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെന്നും സ്വര്‍ണത്തിന്റെ വിഹിതം ഇവര്‍ക്കെല്ലാം കിട്ടിയിട്ടുണ്ടെന്നുമാണ് ഇതിന്റെ അര്‍ത്ഥം. അന്ന് ദേവസ്വം ബോര്‍ഡിലും സര്‍ക്കാരിലും ഉണ്ടായിരുന്നവര്‍ അടിച്ചു മാറ്റിയ സ്വര്‍ണത്തിന്റെ പങ്ക് പറ്റി. അതുകൊണ്ടാണ് സ്വര്‍ണത്തില്‍ കുറവുണ്ടായെന്ന് അറിഞ്ഞിട്ടും മൂടിവച്ചത്. 2019-ല്‍ കൊണ്ടു പോയ സ്വര്‍ണത്തില്‍ കുറവുണ്ടായെന്ന് വ്യക്തമായിട്ടും എന്തിനാണ് ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡ് അതേ ആളെ വിളിച്ചുവരുത്തി വീണ്ടും ചെന്നൈയിലേക്ക് സ്വര്‍ണം പൂശാന്‍ കൊടുത്തുവിട്ടത്? 2019-ല്‍ പൂശിയത് 2025-ല്‍ വീണ്ടും എന്തിനാണ് പൂശുന്നത്? ഇതിനൊന്നും മറുപടിയില്ല. സ്പോണ്‍സര്‍ ആയതുകൊണ്ടാണ് വിളിച്ചതെന്നാണ് ദേവസ്വം പ്രസിഡന്റ് പറയുന്നത്. കൊണ്ടു പോയ സ്വര്‍ണത്തില്‍ കുറവുണ്ടായിട്ടെന്ന് ദേവസ്വം കണ്ടെത്തിയ സാഹചര്യത്തിലും അതിന് ഉത്തരവാദിയായ സ്പോണ്‍സറെ തന്നെ ദേവസ്വം ക്ഷണിച്ചു വരുത്തി. വാറന്റിയുള്ള കാര്യത്തില്‍ മാത്രമല്ല, മൊത്തം കാര്യങ്ങള്‍ക്കു വേണ്ടിയാണ് അയാളെ ക്ഷണിച്ചത്. സ്വര്‍ണം അടിച്ചു മാറ്റിയെന്നത് രഹസ്യമാക്കി ഒളിച്ചുവച്ച അതേ സംഘം അയാളെ തന്നെ വീണ്ടും വിളിച്ചു വരുത്തി സ്വര്‍ണം പൂശാന്‍ ദ്വാരപാലക ശില്‍പ പാളികള്‍ നല്‍കിയെന്നത് ഗുരുതരമായ കുറ്റമാണ്. ഉത്തരവാദികളായ ദേവസ്വം മന്ത്രിയും തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റും അടിയന്തരമായി രാജിവയ്ക്കണം. നിലവിലെ ദേവസ്വം മന്ത്രിക്കും മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനും രണ്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ക്കും എതിരെ കേസെടുക്കണം. സ്വര്‍ണം കാണാതായതിനെ കുറിച്ച് സി.ബി.ഐ അന്വേഷിക്കണം. അന്വേഷണത്തിന് തയാറായില്ലെങ്കില്‍ യു.ഡി.എഫ് ശക്തമായ പ്രക്ഷോഭത്തിലേക്ക് പോകും.
സ്വര്‍ണത്തില്‍ കുറവ് വരുത്തിയെന്ന രേഖ ദേവസ്വം ബോര്‍ഡിലുണ്ട്. പക്ഷെ അത് മൂടിവച്ചു. സ്വര്‍ണം എവിടെ പോയി എന്നതാണ് ചോദ്യം. ഗുരുതരമായ കുറ്റകൃത്യം ചെയ്തെന്ന് കണ്ടെത്തിയിട്ടും ആരെയും അറിയിക്കാതെ മൂടിവച്ചു. എന്നിട്ട് അതേ ആളെ തന്നെ വീണ്ടും ക്ഷണിച്ചതിന് കാരണം ദേവസ്വം ബോര്‍ഡിനെ പ്രധാനസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് അതിന്റെ വിഹിതം കിട്ടിയതു കൊണ്ടാണ്. കൂട്ടുകച്ചവടമാണ് നടന്നത്. എന്തിനാണ് സ്വര്‍ണത്തില്‍ കുറവ് വന്നത് മൂടിവച്ചത്? എന്തുകൊണ്ടാണ് അന്വേഷണം നടത്താത്തത്? സ്വര്‍ണം കട്ടെടുത്തയാളെ എന്തിനാണ് ക്ഷണിച്ചു വരുത്തിയത്? ഈ മൂന്ന് ചോദ്യങ്ങള്‍ക്കാണ് ഉത്തരം നല്‍കേണ്ടത്.
ഉണ്ണികൃഷ്ണന്‍ പോറ്റി മാത്രമാണ് കുറ്റക്കാരനാണെങ്കില്‍ 2019-ല്‍ സ്വര്‍ണത്തില്‍ കുറവ് വന്നെന്ന് കണ്ടപ്പോള്‍ അയാള്‍ക്കെതിരെ കേസെടുക്കാതിരുന്നത് കൂട്ടുകച്ചവടമായതു കൊണ്ടാണ്. ഇനിയും കച്ചവടം നടത്താമെന്നാണ് കരുതിയത്. പുറത്തു വന്നില്ലായിരുന്നെങ്കില്‍ ഇനിയും ഒരുപാട് സാധനങ്ങള്‍ അവിടെ നിന്നും പോയേനെ. അയ്യപ്പ വിഗ്രഹം അടിച്ചു മാറ്റാത്തതില്‍ സര്‍ക്കാരിനോടും ദേവസ്വത്തോടും നന്ദി പറയുന്നു. കുറച്ചു സമയം കൂടി കിട്ടിയിരുന്നെങ്കില്‍ അയ്യപ്പനെയും ഇവര്‍ അടിച്ചുകൊണ്ടു പോയേനെ. ഒന്നും രണ്ടും പിണറായി സര്‍ക്കാരുകളിലെ ഉത്തരവാദിത്തപ്പെട്ടവര്‍ ഇതില്‍ പങ്കാളികളാണ്. അയ്യപ്പനോടുള്ള കപട ഭക്തി മുര്‍ദ്ധന്യത്തില്‍ നിക്കുമ്പോഴും പിണറായി വിജയന് ഒരു പ്രതികരണവുമില്ല.
ഗുരുതരമായ കുറ്റകൃത്യത്തെ ലഘൂകരിക്കാനാണ് പഴയകാലത്തെ കുറിച്ച് പറയുന്നത്. ഒന്‍പതര കൊല്ലമായിട്ടും അത് അന്വേഷിക്കാതിരുന്നത് ഞങ്ങളുടെ കുറ്റമാണോ? അന്വേഷണത്തിന് ഞങ്ങള്‍ ആരും എതിര് പറഞ്ഞിട്ടില്ല. ഇപ്പോള്‍ അയ്യപ്പന്റെ സ്വര്‍ണം അടിച്ചു മാറ്റിയിരിക്കുകയാണ്. കോടിക്കണക്കിന് ഭക്തരുടെ മനസിലാണ് ഇത് പ്രയാസമുണ്ടാക്കിയത്. സ്പോണ്‍സര്‍മാര്‍ കോടിക്കണക്കിന് രൂപ ഭക്തരില്‍ നിന്നും സമാഹരിച്ച് അതില്‍ ഒരംശം മാത്രമാണ് ശബരിമലയില്‍ നല്‍കുന്നത്. ആ തട്ടിപ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നാളികേര കരാറും പുഷ്പത്തിനുള്ള കരാറും റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി സെപ്തംബര്‍ 29-ന് വിധി പുറപ്പെടുവിച്ചിട്ടുണ്ട്. സുതാര്യമല്ലാതെയാണ് കരാര്‍ അനുവദിച്ചതെന്നാണ് കോടതി കണ്ടെത്തിയത്. കള്ളക്കച്ചവടമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നടക്കുന്നതെന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അന്ന് രാജിവയ്ക്കേണ്ടതായിരുന്നു. സമഗ്രം എന്ന് പറയുന്നത് ഇപ്പോഴത്തെ വിഷയങ്ങള്‍ ലഘൂകരിക്കാനാണ്. ഇപ്പോഴുണ്ടായ വിഷയത്തില്‍ ക്രിമനില്‍ നടപടിക്രമം അനുസരിച്ചുള്ള കാര്യങ്ങള്‍ ചെയ്യണം. ബന്ധപ്പെട്ടവര്‍ രാജിവയ്ക്കണം. എന്നിട്ട് വിശാലമായോ സമഗ്രമായോ ശബരിമല ഉണ്ടായ കാലം മുതല്‍ക്കോ അന്വേഷണം നടത്തിക്കോ.
അയ്യപ്പ ഭക്തര്‍ കൊടുത്ത സ്വര്‍ണമാണ് കൊള്ളയടിച്ചത്. ഹൈക്കോടതി വിധിയിലും അത് വ്യക്തമാണ്. ദ്വാരപാലക ശില്‍പവും പീഠവുമൊക്കെ എവിടെയായിരുന്നു? ദേവസ്വം ജീവനക്കാര്‍ അനുഗമിച്ചെങ്കില്‍ പീഠം എങ്ങനെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബന്ധുവിന്റെ വീട്ടിലേക്ക് പോയത്? ഹൈക്കോടതിയുടെ നിയന്ത്രണത്തിലാണ് അന്വേഷണം നടക്കേണ്ടത്. സൂക്ഷ്മമായ നിരീക്ഷണം നടത്തിയ ഹൈക്കോടതിയെ അഭിനന്ദിക്കുന്നു. ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ തന്നെ കേന്ദ്ര ഏജന്‍സി അന്വേഷിക്കട്ടെ. അഞ്ച് കിലോ അല്ലാതെ യു.ബി ഗ്രൂപ്പ് നല്‍കിയ 30 കിലോ സ്വര്‍ണത്തില്‍ എത്ര നഷ്ടപ്പെട്ടിട്ടുണ്ടെന്നും പരിശോധിക്കേണ്ടതുണ്ട്. അതു കൊണ്ടാണ് അന്ന് നല്‍കിയ സ്വര്‍ണത്തില്‍ എത്ര ബാക്കിയുണ്ടെന്ന് ചോദിച്ചത്. ചെമ്പില്‍ പൂശിയിരിക്കുന്ന സ്വര്‍ണം എപ്പോള്‍ വേണമെങ്കില്‍ അടിച്ചുമാറ്റാവുന്ന സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്.
പൂശാന്‍ കൊണ്ടു പോയ സാധനങ്ങള്‍ നടന്‍ ജയറാമിന്റെ വീട്ടിലെത്തിച്ച് പൂജ നടത്തി അദ്ദേഹത്തെയും പറ്റിച്ചു. ഇത്തരത്തില്‍ എത്ര പേരില്‍ നിന്നും പണം വാങ്ങിയിട്ടുണ്ട്. അപ്പോഴൊക്കെ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ എവിടെയായിരുന്നു? ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ നിന്നും കവര്‍ച്ചയുടെ പങ്ക് പറ്റിയിട്ട് എല്ലാത്തിനും കൂട്ടു നില്‍ക്കുകയായിരുന്നു. കോടതിയുടെ നിയന്ത്രണത്തിലുള്ള അന്വേഷണമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. കോടതിയിലേക്ക് പോകേണ്ട സാഹചര്യമുണ്ടായാല്‍ അതേക്കുറിച്ചും ആലോചിക്കും.
ആര്‍ക്കും ആരുടെ കൂടെയും പടമെടുക്കാം. സോഷ്യല്‍ മീഡിയയില്‍ വരുന്ന എല്ലാ കാര്യങ്ങള്‍ക്കും മറുപടി പറയാനാകില്ല. സത്യത്തെ തമസ്‌ക്കരിച്ച് അസത്യം കുടിലല്ല കൊട്ടാരം കെട്ടിയാണ് സോഷ്യല്‍ മീഡിയയില്‍ താമസിക്കുന്നത്. ആര്‍ക്ക് ആരെ വേണമെങ്കിലും തെറ്റിദ്ധരിപ്പിക്കാം. പടം എടുത്തിട്ടുണ്ടെങ്കില്‍ തന്നെ സോണിയ ഗാന്ധിക്ക് ഇതില്‍ എന്താണ് കാര്യം? അയാള്‍ വിവിധ ക്ഷേത്രങ്ങളിലെ പൂജാരിയായിരുന്നെന്നും വി.ഡി സതീശന്‍ പറഞ്ഞു.
kerala
‘ഫ്രഷ് കട്ട് ഉടമകള്‍ തുടര്‍ച്ചയായി ഉറപ്പുകള്‍ ലംഘിക്കുന്നു’; മഹാറാലി പ്രഖ്യാപിച്ച് സമരസമിതി
രാത്രിയില്‍ പോലീസ് ഇനിയും ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചാല്‍ പ്രദേശവാസികള്‍ തടയുമെന്നും സമരസമിതി വ്യക്തമാക്കി.
ഫ്രഷ് കട്ട് ഉടമകള്‍ തുടര്‍ച്ചയായി ഉറപ്പുകള്‍ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി താമരശ്ശേരിയില്‍ ഫ്രഷ് കട്ട് വിരുദ്ധ മഹാറാലി പ്രഖ്യാപിച്ച് സമരസമിതി. രാത്രിയില്‍ പോലീസ് ഇനിയും ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചാല്‍ പ്രദേശവാസികള്‍ തടയുമെന്നും സമരസമിതി വ്യക്തമാക്കി. പ്ലാന്റ് തുറന്നാല്‍ സുരക്ഷ കൊടുക്കാന്‍ ഹൈക്കോടതി പോലീസിനോട് നിര്‍ദേശിച്ചിരുന്നു. നവംബര്‍ 12 ബുധനാഴ്ച്ചയാണ് സമിതി ഫ്രഷ് കട്ട് വിരുദ്ധ റാലി പ്രഖ്യാപിച്ചിരിക്കുന്നത്.
kerala
വിവാദമായതോടെ പിന്‍വലിച്ച വന്ദേഭാരതിലെ ആര്‍എസ്എസ് ഗണഗീത വീഡിയോ റീപോസ്റ്റ് ചെയ്ത് റെയില്‍വേ
വര്‍ഗീയ പ്രചരണത്തിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ റെയില്‍വേയെ ഉപയോഗിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആരോപിച്ചിുന്നു
എറണാകുളം -ബംഗളൂരു വന്ദേഭാരതിന്റെ ഉദ്ഘടനത്തില്‍ വിവാദമായ കുട്ടികള്‍ ആര്‍എസ്എസ് ഗണഗീതം ആലപിക്കുന്ന വീഡിയോ പിന്‍വലിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ റീപോസ്റ്റ് ചെയ്ത് റെയില്‍വേ. വീഡിയോ വിവാദമായതോടെ ദക്ഷിണ റെയില്‍വേ തങ്ങളുടെ സോഷ്യല്‍മീഡിയ അക്കൗണ്ടില്‍ നിന്ന് വീഡിയോ പിന്‍വലിച്ചിരുന്നു. ഇതാണ് ഇംഗ്ലീഷ് തര്‍ജമയോടു കൂടി വീണ്ടും പോസ്റ്റ് ചെയ്തത്.
വന്ദേഭാരതിന്റെ ഉദ്ഘാടന യാത്രയില്‍ ആര്‍എസ്എസ് ഗണഗീതം വിദ്യാര്‍ഥികളെക്കൊണ്ട് പാടിച്ചതില്‍ പ്രതിഷേധം ശക്തമായിരുന്നു. വര്‍ഗീയ പ്രചരണത്തിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ റെയില്‍വേയെ ഉപയോഗിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആരോപിച്ചിുന്നു.
വിവാദമായതോടെ ഗണഗീതം പങ്കുവച്ച എഫ്ബി പോസ്റ്റ് ദക്ഷിണ റെയില്‍വേ ആദ്യം പിന്‍വലിച്ചെങ്കിലും പിന്നീട് രാത്രിയോടെ എക്‌സില്‍ റീപോസ്റ്റ് ചെയ്യുകയായിരുന്നു. എറണാകുളം ബംഗളൂരു വന്ദേഭാരതിന്റെ ആദ്യയാത്രയിലാണ് വിദ്യാര്‍ഥികള്‍ ആര്‍എസ്എസ് ഗണഗീതം പാടിയത്.
ഈ ദൃശ്യങ്ങള്‍ ദക്ഷിണ റെയില്‍വേ ഔദ്യോഗിക പേജില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടികളുടെ തലച്ചോറിലേക്ക് വിഷം കുത്തിവയ്ക്കുന്ന ആര്‍എസ്എസിനെയാണ് ഇന്ന് കണ്ടതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും പറഞ്ഞിരുന്നു.
kerala
അട്ടപ്പാടിയില്‍ ചുമരിടിഞ്ഞ് വീണ് രണ്ടു കുട്ടികള്‍ക്ക് ദാരുണാന്ത്യം.
2016 ല്‍ സര്‍ക്കാര്‍ അനുവദിച്ച വീടാണ് നിര്‍മാണം പൂര്‍ത്തിയാവാത്ത അവസ്ഥയിലുണ്ടായിരുന്നത്.
അട്ടപ്പാടിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കാത്ത വീടിന്റെ ചുമരിടിഞ്ഞ് വീണ് രണ്ടു കുട്ടികള്‍ക്ക് ദാരുണാന്ത്യം. കരുവാര ഉന്നതിയില്‍ വൈകീട്ട് നാലു മണിയോടെയായിരുന്നു അപകടം. വീടിന്റെ സണ്‍ഷെയ്ഡില്‍ കളിക്കുന്നതിനിടെയാണ് ചുമരിടിഞ്ഞ് വീണ് സഹോദരങ്ങളായ ആദി (7), അജ്‌നേഷ് (4) എന്നിവര്‍ മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന ബന്ധുവായ അഭിനയ എന്ന കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു. 8 വര്‍ഷമായി ഈ വീട് ഉപയോഗശൂന്യമായി കിടക്കുകയായിരുന്നുവെന്നാണ് വിവരം.
കുട്ടികള്‍ സാധാരണയായി ഈ വീട്ടില്‍ കളിക്കാനായി പോകാറുണ്ടായിരുന്നു എന്നാണ് വിവരം. അജയ് – ദേവി ദമ്പതികളുടെ മക്കളാണ് മരിച്ച ആദിയും അജ്‌നേഷും. മരിച്ച 2 കുട്ടികളും സീങ്കര സെന്റ് ജോര്‍ജ് എല്‍പി സ്‌കൂളിലെ വിദ്യാര്‍ഥികളാണ്. 2016 ല്‍ സര്‍ക്കാര്‍ അനുവദിച്ച വീടാണ് നിര്‍മാണം പൂര്‍ത്തിയാവാത്ത അവസ്ഥയിലുണ്ടായിരുന്നത്. കുട്ടികള്‍ കളിക്കുന്നതിനിടെ വീടിന്റെ വാര്‍പ്പ് സ്ലാബ് തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് വിവരം. പരുക്കേറ്റ കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. മുഡുക ഗോത്ര ഉന്നതിയാണ് കരുവാര.
മുക്കാലിയില്‍ നിന്ന് നാലു കിലോമീറ്റര്‍ അകലെ ഉള്‍വനത്തിലാണ് കരുവാര ഉന്നതി. അപകടം നടന്നതിനു പിന്നാലെ കുട്ടികളെ ആശുപത്രിയിലെത്തിക്കാന്‍ വൈകി. സ്‌കൂട്ടറിലാണ് കുട്ടികളെ വനംവകുപ്പിന്റെ ഓഫിസിലേക്കും അവിടെ നിന്ന് വാഹനത്തില്‍ ആശുപത്രിയിലും എത്തിച്ചത്. മൃതദേഹങ്ങള്‍ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍. മൊബൈല്‍ സിഗ്‌നല്‍ സംവിധാനം ലഭ്യമല്ലാത്ത ഇടമാണ് അപകടം നടന്ന കരുവാര ഉന്നതി. അതിനാല്‍ തന്നെ അപകട വിവരം പുറത്തറിയാന്‍ വൈകി.
-
News3 days agoഇന്ത്യഓസീസ് ട്വന്റി20 പരമ്പരയില്‍ ആവേശം; കറാറയില്‍ നാലാം മത്സരം ഇന്ന്
-
News3 days agoഗൂഗ്ള്‍ മാപ്സില്‍ വിപ്ലവം; ജെമിനി എ.ഐ.യുമായി സംഭാഷണരീതിയിലേക്ക് മാറ്റം
-
News3 days agoസൂപ്പര്‍ കപ്പില്‍ നിര്‍ണായക പോരാട്ടം; സെമിയിലേക്ക് ഒരു സമനില മതി ബ്ലാസ്റ്റേഴ്സിന്
-
News3 days agoതൃശൂരില്‍ ദാരുണ അപകടം; ലോറിയില്‍ ബൈക്കിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു
-
News3 days agoഏഷ്യന്‍ കപ്പ് യോഗ്യതയ്ക്കുള്ള ഇന്ത്യന്‍ സാധ്യതാ ടീം പ്രഖ്യാപിച്ചു; ഛേത്രിയും സഹലും പുറത്ത്
-
india3 days agoറെയില്‍വേയുടെ അനാസ്ഥയില്‍ യാത്രക്കാരന് മരിച്ചു
-
Film3 days agoപ്രണവ് മോഹന്‍ലാലിന്റെ ‘ഡീയസ് ഈറെ’ ഇപ്പോള്‍ തെലുങ്കിലും; നവംബര്‍ 7ന് റിലീസ്
-
kerala3 days agoസ്വര്‍ണവില വീണ്ടും ഉയര്‍ന്നു: ഗ്രാമിന് 40 രൂപ വര്‍ധന

