Connect with us

kerala

ഇപിയെ അനുനയിപ്പിക്കാന്‍ പിണറായി വിജയന്‍; 15 മിനിറ്റോളം നീണ്ട കൂടിക്കാഴ്ച; മുഖ്യമന്ത്രിയോട് പറഞ്ഞത് പറയാനാകില്ലെന്ന് ഇ.പി ജയരാജന്‍

അനുനയത്തിന് വഴങ്ങിയെന്നോ പാര്‍ട്ടിയെ തീരുമാനത്തെ എതിര്‍ക്കുമെന്നോ വ്യക്തമാക്കാതെയാണ് ഇപിയുടെ പ്രതികരണം.

Published

on

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും നീക്കിയതിനെ തുടര്‍ന്ന് പാര്‍ട്ടിയുമായി അകല്‍ച്ചയിലുള്ള ഇപി ജയരാജനെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ രംഗത്ത് വന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇ.പി.ജയരാജന്‍ കൂടിക്കാഴ്ച നടത്തി. ഡല്‍ഹി കേരള ഹൗസിലായിരുന്നു കൂടിക്കാഴ്ച. 15 മിനിറ്റോളം ഇരുവരും സംസാരിച്ചു.

മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും താമസിക്കാനുള്ള കൊച്ചിന്‍ ഹൗസ് കെട്ടിടത്തിലേക്ക് തൊട്ടപ്പുറത്തെ കെട്ടിടത്തില്‍ താമസിക്കുകയായിരുന്ന ജയരാജന്‍ എത്തുകയായിരുന്നു. ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തുനിന്നു മാറ്റിയ ശേഷം പാര്‍ട്ടി നേതാക്കളുമായി അകല്‍ച്ചയിലാണു ജയരാജന്‍. അതിനിടെയാണു കൂടിക്കാഴ്ച എന്നതാണ് ശ്രദ്ധേയം.

പഴയ വിശ്വസ്തനെ അനുനയിപ്പിക്കാനുളള ശ്രമത്തിന്റെ ഭാഗമായാണ് പിണറായി തന്നെ കൂടിക്കാഴ്ചക്ക് മുന്‍കൈയെടുത്തത്. ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തുനിന്നു മാറ്റിയതില്‍ എതിര്‍പ്പുണ്ടെങ്കിലും അക്കാര്യം ഇതുവരെ തുറന്ന് പറയാന്‍ ഇപി തയ്യാറായിട്ടില്ല. മാധ്യമങ്ങള്‍ പലവട്ടം കാണാന്‍ ശ്രമിച്ചെങ്കിലും പാര്‍ട്ടി അച്ചടക്കം വിട്ട് ഇപി ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല.

”മുഖ്യമന്ത്രിയോട് പറഞ്ഞത് മാധ്യമങ്ങളോട് പറയാനാകില്ല. മാധ്യമങ്ങളെല്ലാം തെറ്റായി വ്യാഖ്യാനിക്കുകയാണ്. രാഷ്ട്രീയമെല്ലാം അതിന്റെ വേദിയില്‍ ചര്‍ച്ച ചെയ്യും. യച്ചൂരിയെപ്പറ്റി ചോദിക്കൂ, അത് പറയാം. തെറ്റായുള്ള വ്യാഖ്യാനം വേണ്ട. നശീകരണ വാസനകളില്ലാതെ നിര്‍മാണ താല്‍പര്യത്തോടെ പ്രവര്‍ത്തിക്കണം. ഞാന്‍ മുഖ്യമന്ത്രിയെ കാണാറും സംസാരിക്കാറുമുണ്ട്. തിരുവനന്തപുരത്തുള്ളപ്പോള്‍ സമയം കിട്ടുമ്പോള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോകാറുണ്ട്. ഞങ്ങളൊരു പാര്‍ട്ടി കുടുംബത്തിലെ അംഗങ്ങളാണ്. ഞങ്ങളെല്ലാം സ്‌നേഹവും ബഹുമാനവും ഉള്ളവരാണ്” ജയരാജന്‍ പറഞ്ഞു.

അനുനയത്തിന് വഴങ്ങിയെന്നോ പാര്‍ട്ടിയെ തീരുമാനത്തെ എതിര്‍ക്കുമെന്നോ വ്യക്തമാക്കാതെയാണ് ഇപിയുടെ പ്രതികരണം. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതിനാണ് ഇപിയെ ഇടതു കണ്‍വീനര്‍ സ്ഥാനത്ത് നിന്നും സിപിഎം നീക്കിയത്. എന്നാല്‍ അതിനു പിന്നാലെ മുഖ്യമന്ത്രിയുടെ വിശ്വസ്തനും ക്രമസമാധാനത്തിന്റെ ചുമതലയുളള എഡിജിപിയുമായ എംആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി രണ്ടുതവണ കൂടിക്കാഴ്ച നടത്തിയ വിവരവും പുറത്തുവന്നത്. ഇപിക്കെതിരെ നടപടിയുണ്ടായെങ്കിലും അജിത്കുമാറിനെ ഇപ്പോഴും മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഡിജിറ്റല്‍ അറസ്റ്റ്: ബംഗളൂരു സ്വദേശിനിക്ക് 32 കോടി രൂപയുടെ നഷ്ടം

മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്.

Published

on

ബംഗളൂരുവിലെ 57 കാരിയായ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ‘ഡിജിറ്റല്‍ അറസ്റ്റി’ന്റെ പേരില്‍ നടന്ന വമ്പന്‍ സൈബര്‍ തട്ടിപ്പില്‍ 32 കോടി രൂപ നഷ്ടപ്പെട്ടു. മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്. നവംബര്‍ 14-നാണ് അവര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ആദ്യ തട്ടിപ്പ് നടന്നത് 2024 സെപ്റ്റംബര്‍ 15-നാണ്.

ആരംഭത്തില്‍ ഡി.എച്ച്.എല്‍ കുറിയര്‍ എക്‌സിക്യൂട്ടീവാണെന്ന് പറഞ്ഞ് വിളിച്ചെത്തിയ തട്ടിപ്പുകാര്‍, സ്ത്രീയുടെ പേരില്‍ മുംബൈ ഓഫീസില്‍ എംഡിഎംഎ, പാസ്പോര്‍ട്ടുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ അടങ്ങിയ പാഴ്‌സല്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞു. തുടര്‍ന്ന് ‘സി.ബി.ഐ ഉദ്യോഗസ്ഥന്‍’ എന്ന് പരിചയപ്പെടുത്തിയ മറ്റൊരാള്‍ ഭീഷണിപ്പെടുത്തി. അറസ്റ്റ് ചെയ്യുമെന്ന ഭീഷണിക്കിടെ നിരപരാധിത്വം തെളിയിക്കാന്‍ സ്ത്രീയെ നിര്‍ബന്ധിക്കുകയും അവരുടെ എല്ലാ ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

മകന്റെ വിവാഹം അടുത്തുള്ളതിനാല്‍ ഭീതിയില്‍പ്പെട്ട അവര്‍ തട്ടിപ്പുകാരുടെ നിര്‍ദ്ദേശം അനുസരിക്കേണ്ടി വന്നു. ‘ജാമ്യം’ എന്ന പേരില്‍ ആദ്യം രണ്ട് കോടി രൂപയും തുടര്‍ന്ന് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നുളള മുഴുവന്‍ പണവും, സ്ഥിര നിക്ഷേപം ഉള്‍പ്പെടെ, കൈമാറി. ‘ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്’ എന്ന പേരില്‍ ഒരു വ്യാജ രേഖയും തട്ടിപ്പുകാര്‍ നല്‍കി.

തുക തിരികെ നല്‍കുമെന്ന വാഗ്ദാനം പാലിക്കാതെ തട്ടിപ്പുകാര്‍ തീയതികള്‍ മാറ്റിനില്‍ക്കുകയായിരുന്നു. സാമ്പത്തികമായും മാനസികമായും തകര്‍ന്ന സ്ത്രീ ഒരുമാസത്തോളം ചികിത്സയില്‍ കഴിയേണ്ടിവന്നു. പിന്നീട് തട്ടിപ്പുകാരുമായി ബന്ധപ്പെടാനാകാതെ വന്നതോടെ, മകന്റെ വിവാഹശേഷം അവര്‍ പൊലീസില്‍ പരാതി നല്‍കി.

 

Continue Reading

kerala

അതിരപ്പിള്ളിയില്‍ കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്ക്

കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഡ്രൈവര്‍ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതോടെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്.

Published

on

അതിരപ്പിള്ളി: അതിരപ്പിള്ളിയിലുണ്ടായ ഗുരുതര വാഹനാപകടത്തില്‍ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്കേറ്റു. രണ്ടാമത്തെ ചപ്പാത്തിക്ക് സമീപത്താണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഏകദേശം 1.45 ഓടെ അപകടം സംഭവിച്ചത്.

കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഡ്രൈവര്‍ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതോടെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്. കൊണ്ടോട്ടി രജിസ്ട്രേഷന്‍ നമ്പറിലുള്ള കാറാണ് അപകടത്തില്‍ പെട്ടത്. സംഭവം നടന്ന ഉടന്‍ വിവരം പുറത്തറിഞ്ഞിട്ടില്ല; കുറച്ച് സമയത്തിന് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് വിവരം ലഭിച്ചത്. കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ക്ക് ഗുരുതരമായ പരിക്കുകളാണ് സംഭവിച്ചതെന്ന് ലഭ്യമായ വിവരങ്ങള്‍ വ്യക്തമാക്കുന്നു.

 

Continue Reading

kerala

കേരളത്തില്‍ ശക്തമായ മഴ: ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Published

on

ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കക്കും മുകളിലായി നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍, മധ്യ കേരള മേഖലകളിലാണ് കൂടുതല്‍ മഴയ്ക്കുള്ള സാധ്യത.

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളും ബുധനാഴ്ച കോട്ടയം, ഇടുക്കി ജില്ലകളും യെല്ലോ അലര്‍ട്ടില്‍ തുടരും.

ശബരിമല മകരവിളക്ക് തീര്‍ത്ഥാടനം പുരോഗമിക്കുന്ന സാഹചര്യത്തില്‍ സന്നിധാനം, പമ്പ, നിലക്കല്‍ പ്രദേശങ്ങളില്‍ ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയെ കുറിച്ച് കാലാവസ്ഥ വകുപ്പ് പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തീര്‍ത്ഥാടകര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

 

Continue Reading

Trending