പിറവം: പിറന്നാള്‍ ദിനത്തില്‍ അപ്രതീക്ഷിതമായി സമ്മാനിക്കാന്‍ അച്ഛനും അമ്മയും കരുതിയ പുത്തന്‍ ബൈക്ക് കൈനീട്ടി വാങ്ങുന്നതിന മുമ്പ് തന്നെ വിഷ്ണു യാത്രയായി. പിറവം കാരൂര്‍ക്കാവ് -വെട്ടിക്കല്‍ റോഡില്‍ പാമ്പ്ര പുളിഞ്ചോട് ജംക്ഷനു സമീപം ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞാണു മേലരീക്കര കണ്ണുകുഴയ്ക്കല്‍ വിഷ്ണു(21)വിന്റെ മരണം. വിഷ്ണുവിന്റെ പിറന്നാളാണു നാളെ.

ബൈക്കുകള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന വിഷ്ണുവിനു വേണ്ടി അച്ഛന്‍ വിജയനും അമ്മ സതിയും ചേര്‍ന്നു പുതിയ ബൈക്ക് ബുക്ക് ചെയ്തിരുന്നു. നാളെ ജന്മദിനത്തില്‍ ബൈക്കിന്റെ താക്കോല്‍ കൈമാറാന്‍ ഒരുങ്ങിയിരിക്കുകയായിരുന്നു. പക്ഷേ ജന്മദിനത്തിനു മണിക്കൂറുകള്‍ക്കു മുന്‍പ് എത്തിയതു മകന്റെ മരണവാര്‍ത്ത.

കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കു പോകുന്നതിനിടെ ഇന്നലെ രാവിലെയായിരുന്നു അപകടം. റോഡിലെ കുഴി ഒഴിവാക്കുന്നതിനിടെ നിയന്ത്രണം വിട്ടു ബൈക്ക് മറിയുകയായിരുന്നുവെന്നു കരുതുന്നു. സാരമായി പരുക്കേറ്റ വിഷ്ണുവിനെ കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

ചെത്തുതൊഴിലാളിയാണ് അച്ഛന്‍ വിജയന്‍. സഹോദരി അയനയുടെ വിവാഹം ഏതാനും ആഴ്ചകള്‍ക്കു മുന്‍പായിരുന്നു. ഐടിസി പഠനത്തിനു ശേഷമാണു വിഷ്ണു കൊച്ചിയിലെ സ്വകാര്യ കമ്പനിയില്‍ ജോലിക്കു ചേര്‍ന്നത്.