കോഴിക്കോട്: തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കണമെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. പ്രതികള്‍,ആരായാലും എത്രയും പെട്ടെന്ന് പിടിക്കപ്പെടട്ടെ എന്നും അര്‍ഹമായ ശിക്ഷ ലഭിക്കട്ടെ എന്നും ആഗ്രഹിക്കുന്നുവെന്ന് ഫിറോസ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

തിരുവനന്തപുരത്ത് കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് ആദരാഞ്ജലികള്‍. സംഭവം രാഷ്ട്രീയ കൊലപാതകമാണെന്നും അതല്ല ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണെന്നുമൊക്കെയുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ ഇതിനകം ഉയര്‍ന്നു കഴിഞ്ഞു. സംഭവത്തിലെ പ്രതികള്‍, അവരാരായാലും എത്രയും പെട്ടെന്ന് പിടിക്കപ്പെടട്ടെ എന്നും അര്‍ഹമായ ശിക്ഷ ലഭിക്കട്ടെ എന്നും ആഗ്രഹിക്കുന്നു.
ഈ കൊലപാതകം ഉയര്‍ത്തിക്കാട്ടി സിപിഎമ്മും കോണ്‍ഗ്രസും ഒരു പോലെയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ട്. അതൊരിക്കലും അംഗീകരിക്കാനാവില്ല. എന്ത് കൊണ്ട്?
രാഷ്ട്രീയ പ്രതിയോഗികളെ കൊന്നു തള്ളുകയും കൊല്ലപ്പെട്ടതിനു ശേഷവും കുലം കുത്തി എന്ന് വിളിച്ചാക്ഷേപിക്കുകയും ചെയ്യുന്ന പാര്‍ട്ടിയുടെ പേര്…
കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സൈബര്‍ ഗുണ്ടകളെ വിട്ട് അപമാനിക്കുന്ന പാര്‍ട്ടിയുടെ പേര്…
പ്രതികള്‍ പിടിക്കപ്പെട്ട് ജയിലിലെത്തിയാല്‍ അവിടെ വെച്ച് മൂട്ട കടിച്ചാല്‍ ഓടിയെത്തുന്ന സംസ്ഥാന സെക്രട്ടറിയുള്ള പാര്‍ട്ടിയുടെ പേര്…
പ്രതികള്‍ക്ക് നിയമ സഹായം നല്‍കാന്‍ കൂപ്പണ്‍ അടിച്ച് പിരിവ് നടത്തുന്ന പാര്‍ട്ടിയുടെ പേര്…
ഭരണത്തിന്റെ തണലില്‍ പ്രതികള്‍ക്ക് നിയമ വിരുദ്ധമായി പരോള്‍ നല്‍കുന്ന പാര്‍ട്ടിയുടെ പേര്…
പരോളിലിറങ്ങുന്നവര്‍ക്ക് പാര്‍ട്ടി ഗ്രാമത്തില്‍ ചെണ്ട മേളങ്ങളുടെ അകമ്പടിയോടെ സ്വീകരണം നല്‍കുന്ന പാര്‍ട്ടിയുടെ പേര്…
ശിക്ഷിക്കപ്പെട്ടവരുടെ കല്യാണം നടത്തികൊടുക്കുകയും എം.എല്‍.എ അതിനു കാര്‍മ്മികത്വം വഹിക്കുകയും ചെയ്യുന്ന പാര്‍ട്ടിയുടെ പേര്…
കൊലക്കുറ്റത്തിന് ജയില്‍ ശിക്ഷ ലഭിച്ചവര്‍ക്ക് പാര്‍ട്ടിയില്‍ പ്രമോഷന്‍ നല്‍കുന്ന പാര്‍ട്ടിയുടെ പേര്…
ജയില്‍ ശിക്ഷക്കിടെ മരണപ്പെട്ടാല്‍ മുഖ്യമന്ത്രി പദവിയിലുള്ളവരടക്കം അയാളെ മഹത്വ വല്‍ക്കരിക്കാന്‍ മടി കാണിക്കാത്ത പാര്‍ട്ടിയുടെ പേര്…
ജയില്‍ ശിക്ഷക്കിടെ(ഓര്‍ക്കുക സ്വാതന്ത്ര്യ സമരത്തിനല്ല കൊലക്കുറ്റത്തിനാണ്) മരണപ്പെട്ടാല്‍ അദ്ദേഹത്തിന്റെ പേരില്‍ സ്മാരകം പണിയുന്ന പാര്‍ട്ടിയുടെ പേര്…
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ് (സിപിഐഎം)എന്നാണ്. ആ പാര്‍ട്ടിക്ക് ആര് വിശുദ്ധ പദവി നല്‍കിയാലും അംഗീകരിക്കാന്‍ മനസ്സില്ല.