കോഴിക്കോട്: ഫാറൂഖ് ട്രെയിനിംഗ് കോളേജ് അധ്യാപകന്‍ ജൗഹര്‍ മുനവ്വറിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്ത നടപടി പ്രതിഷേധാര്‍ഹമാണെന്നും കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും മുസ്‌ലിം യൂത്ത് ലീഗ്. സമാനമായ കേസില്‍ മറ്റുപലര്‍ക്കുമെതിരെ മൗനവും ജൗഹറിനെതിരെ കേസെടുക്കുകയും ചെയ്തത് ഇരട്ടനീതിയാണ്. ന്യൂനപക്ഷവേട്ട അവസാനിപ്പിച്ച് തുല്യനീതി നടപ്പിലാക്കാന്‍ ഇടതുസര്‍ക്കാര്‍ തയ്യാറാകണമെന്നും മുസ്‌ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

പി.കെ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഇന്ത്യന്‍ ശിക്ഷാ നിയമവും(l-P-C) വകുപ്പുകളുമെല്ലാം ചില പ്രത്യേക ജന വിഭാഗത്തിന് നേരെ ഉപയോഗിക്കുന്നത് നമ്മുടെ രാജ്യത്തിപ്പോള്‍ സര്‍വ്വ സാധാരണമായിരിക്കുകയാണ്. രാജ്യത്തെ ജയിലുകളില്‍ വിചാരണ പൂര്‍ത്തിയാകാതെ തടവിലാക്കപ്പെട്ടവരുടെയും ശിക്ഷ വിധിച്ച് ജയിലുകളില്‍ കഴിയുന്നവരുടെയും കണക്കെടുത്താല്‍ ആദിവാസി, ദളിത്, മുസ്‌ലിം ജനവിഭാഗങ്ങളാണ് അതിലധികവും എന്ന് ബോധ്യമാകും. കുറ്റം ചെയ്യുന്നവര്‍ അവര്‍ മാത്രമായത് കൊണ്ടല്ല; നിയമത്തിന്റെ പ്രിവിലേജുകളോ ലൂപ്പ് ഹോള്‍സോ അവര്‍ക്ക് ലഭ്യമല്ല എന്നത് കൊണ്ടാണിത് സംഭവിച്ചത്.

ഏറെ പരിഷ്‌കൃതമെന്നവകാശപ്പെടുന്ന കേരളത്തിലെ സാഹചര്യവും വ്യത്യസ്തമല്ല. പോക്‌സോ ആക്ട് നടപ്പിലാക്കിയപ്പോള്‍ കേരളത്തിലെ ആദിവാസികളിലധികവും ജയിലുകളിലടക്കപ്പെടുന്ന സാഹചര്യമുണ്ടായി. നിയമങ്ങളും ഭരണകൂടത്തിന്റെ ടൂളുകളുമെല്ലാം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തിന് നേരെ മാത്രം ഉപയോഗിക്കുന്നു. അത്തരം ജനവിഭാഗമെപ്പോഴും മോണിറ്റര്‍ ചെയ്യപ്പെടുകയും ചെറിയ പിഴവുകള്‍ക്ക് പോലും നിയമത്തിന്റെ നൂലാമാലകളിലേക്ക് വലിച്ചിഴക്കപ്പെടുകയും ചെയ്യുന്നു.

കേരളത്തില്‍ പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം കേന്ദ്രത്തിലെ സര്‍ക്കാറിനെ തോല്‍പ്പിക്കും വിധമാണ് മുസ്‌ലിം സമുദായത്തിനെതിരെ നടപടികളുമായി മുന്നോട്ട് പോകുന്നത്. മുസ്‌ലിം ഐഡന്റിറ്റി ഉള്ളതിന്റെ പേരില്‍ അമേരിക്കയിലെ എയര്‍പോര്‍ട്ടുകളില്‍ പ്രത്യേകം സ്‌കാനിംഗിന് വിധേയമാകേണ്ടി വന്ന വാര്‍ത്ത പലകുറി നമ്മള്‍ കേട്ടിട്ടുണ്ട്. അത്തരം ‘സ്‌കാനിംഗ് മെഷീനുകള്‍’ കേരളത്തിലേക്കും ഇറക്കുമതി ചെയ്യുകയാണ് ഈ സര്‍ക്കാര്‍. ചില പ്രത്യേക വിഭാഗം റിവോള്‍വറുമായി പോവുമ്പോള്‍ കണ്ണു പൊത്തുകയും മൊട്ടുസൂചിയുമായി പോകുന്ന മറ്റു ചിലരെ അകത്തിടുകയും ചെയ്യുന്ന ഈ ‘മെഷീന്‍’ നമ്മുടെ നാടിന് ഒട്ടും ഗുണകരമല്ല.
ശംസുദ്ധീന്‍ പാലത്തും എം.എം അക്ബറും ഒടുവില്‍ ജൗഹര്‍ മുനവ്വിറുമെല്ലാം ചില ഉദാഹരണങ്ങള്‍ മാത്രമാണ്. സമാനമായ സാഹചര്യങ്ങളില്‍ മറ്റു പലര്‍ക്കുമെതിരെ കേസെടുക്കാതിരിക്കുകയും/ കേസെടുത്താല്‍ തന്നെ നടപടികളെടുക്കാതിരിക്കുകയും ചെയ്യുമ്പോഴാണിതെന്ന് ഓര്‍ക്കണം.

നിയമത്തിലും ഭരണഘടനയിലും മുഴുവന്‍ ജനവിഭാഗത്തിന്റെയും വിശ്വാസം ആര്‍ജ്ജിക്കുക എന്നത് ഒരു സമൂഹത്തിന്റെ പുരോഗമനത്തിന് അനിവാര്യമാണ്. വിഭവങ്ങള്‍ തുല്ല്യമായി വീതിക്കുക എന്നത് പോലെ തന്നെ പ്രധാനമാണ് നിയമവും തുല്യമായി നടപ്പിലാക്കുക എന്നതും. അതിനാലാണ് Equ-a-l-tiy b-e-for-e l-aw (നിയമത്തിന് മുന്നില്‍ എല്ലാവരും തുല്ല്യര്‍) എന്നത് ഭരണഘടനയിലെ മൗലികാവകാശ തത്വങ്ങളില്‍ എഴുതിച്ചേര്‍ത്തത്. പിണറായി സര്‍ക്കാറിനും അത് ബാധകമാണെന്ന് ഓര്‍മ്മപ്പെടുത്തുന്നു.