കോഴിക്കോട്: കെ.ടി ജലീലിന്റെ അഴിമതിയെ ന്യായീകരിക്കാന്‍ ലീഗിനെ പഴിചാരിയ സിപിഎം നേതാവ് എം.ബി രാജേഷിന് വായടപ്പന്‍ മറുപടിയുമായി പി.കെ ഫിറോസ്. കഴിഞ്ഞ ദിവസം മനോരമ ന്യൂസ് ചാനല്‍ ചര്‍ച്ചയിലായിരുന്നു രാജേഷ് ജലീലിനെ ന്യായീകരിക്കാനെത്തിയത്. ലീഗിന് ജലീലിനോട് കുടിപ്പകയാണെന്നായിരുന്നു രാജേഷ് പറഞ്ഞത്.

എന്നാല്‍ പാര്‍ട്ടി വിട്ടവരെ കുടിപ്പകകൊണ്ട് വെട്ടിക്കൊല്ലുന്നവര്‍ ആരാണെന്ന് നാട്ടുകാര്‍ക്കറിയാമെന്ന് ഫിറോസ് തുറന്നടിച്ചു. ലീഗ് വിട്ട ആദ്യത്തെ ആളല്ല കെ.ടി ജലീല്‍. ബഹുമാന്യനായ ഇബ്രാഹീം സുലൈമാന്‍ സേട്ട് സാഹിബ് ഉള്‍പ്പെടെയുള്ളവര്‍ ലീഗ് വിട്ടുപോയിട്ടുണ്ട്. അവരുടെ ദേഹത്ത് ഒരു കല്ല് പോലും അതിന്റെ പേരില്‍ വീണിട്ടില്ല.

ബന്ധുനിയമനക്കേസില്‍ ഫിറോസ് പരാജയപ്പെട്ടു എന്നായിരുന്നു രാജേഷിന്റെ മറ്റൊരു ആരോപണം. എന്നാല്‍ ബന്ധുനിയമനം സംബന്ധിച്ച കേസ് ഇപ്പോഴും ലോകായുക്തയില്‍ നടക്കുന്നുണ്ടെന്ന് ഫിറോസ് ചൂണ്ടിക്കാട്ടി. ആരോപണം ഉയര്‍ന്നപ്പോള്‍ ജലീലിന്റെ ബന്ധുവായ അദീബ് രാജിവെച്ചു പോയതും ശമ്പളം മുഴുവന്‍ തിരിച്ചടച്ചതും എന്തിനായിരുന്നു എന്നും ഫിറോസ് ചോദിച്ചു. കോടതിയുടെ പരാമര്‍ശങ്ങളുടെ പേരില്‍ യുഡിഎഫ് മന്ത്രിമാര്‍ രാജിവെച്ചിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ക്കെതിരായ ആരോപണങ്ങളില്‍ ന്യായീകരിച്ച് നാണംകെടാനാണ് സിപിഎം നേതാക്കളുടെ വിധിയെന്നും ഫിറോസ് പറഞ്ഞു.