കുവൈത്ത് സിറ്റി: വ്യാജരേഖ ചമച്ചെന്ന പേരില്‍ തനിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കള്ളക്കേസെടുത്ത പിണറായി സര്‍ക്കാരിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്നും കയ്യാമത്തെ പൂമാലയായി സ്വീകരിക്കുമെന്നും പി കെ ഫിറോസ്. കുവൈത്ത് സ്വതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കുവൈത്ത് കെ.എം.സി.സി. അബ്ബാസിയ മറീന ഹാളില്‍ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അദീബ് രാജി വെച്ചപ്പോള്‍ ഞങ്ങളുടെ ആദ്യ വിജയമായിരുന്നെങ്കില്‍, ഈ വിഷയവുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ കയ്യിലുള്ള ഫയലുകള്‍ മാര്‍ച്ച് 8 നല്‍കണമെന്നാവശ്യപ്പെട്ട കോടതി നടപടി യൂത്ത് ലീഗിന്റെ രണ്ടാം വിജയമായി കാണുന്നു.
മൂന്നാം വിജയം ഉടനുണ്ടാവുമെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.വിജയം വരെയും പോരാട്ടം തുടരും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം പിണറായി ഒറ്റപ്പെടും. ബന്ധു നിയമനത്തില്‍ ധാര്‍മ്മികതയുടെ പേരില്‍ ജയരാജന്‍ രാജിവച്ചിട്ടും കെ ടി ജലീലിന്റെ ബന്ധു നിയമനത്തില്‍ പിണറായി സംരക്ഷണം നല്‍കുകയാണ്. കെ ടി ജലീലിന്റെ ബ്ലാക്ക് മെയിലില്‍ പിണറായി പേടിച്ചിരിക്കുകയാണ്. സംഘര്‍ഷങ്ങള്‍ക്ക് വേണ്ടി സി.പി.എം. ഉള്‍പ്പെടെയുള്ള സംഘടനകള്‍ യുവജനങ്ങളെ സജ്ജരാക്കുമ്പോള്‍ മുസ്ലീം ലീഗ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി യുവജനങ്ങളിലൂടെ വൈറ്റ് ഗാര്‍ഡുകളെ വാര്‍ത്തെടുക്കുകയാണെന്ന് ഫിറോസ് പറഞ്ഞു. ജി.സി.സി യില്‍ ആദ്യമായി കുവൈറ്റ് കെ.എം.സി.സി. വൈറ്റ് ഗാര്‍ഡുകളെ സജ്ജമാക്കിയതിന് ഫിറോസ് അഭിനന്ദിച്ചു. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ വിയോഗത്തില്‍ ആദരാഞജലികള്‍ അര്‍പ്പിക്കുകയാണ്. അതേസമയം ബി.ജെ.പിയുടെ പ്രതിശ്ചായ തകര്‍ന്നിരിക്കുന്ന അവസരത്തിലാണ് തീവ്രവാദ ആക്രമണം നടന്നിരിക്കുന്നത് എന്നതിന്റെ രാഷ്ട്രീയം പിന്നീട് ചര്‍ച്ച ചെയ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. കുവൈത്ത് സംസ്ഥാന പ്രസിഡണ്ട് ഷറഫുദ്ദീന്‍ കണ്ണേത്തിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനം ഫര്‍വാനിയ ഗവര്‍ണര്‍ ഓഫീസ് ഫര്‍വാനിയ അഡ്മിസ്‌ട്രേറ്റീവ് മാനേജര്‍ അലി അക്ബര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുള്‍ സമദ് സമദാനി പങ്കെടുത്തു. കെ.എം.സി.സി പുരസ്‌ക്കാരം ചന്ദ്രിക ഡയരക്ടര്‍ മെട്രോ മുഹമ്മദ് ഹാജിക്ക് സമ്മാനിച്ചു.