ന്യൂഡല്‍ഹി: മുത്തലാഖ് ബില്ല് രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ വഭിാഗത്തിന് ഒരര്‍ത്ഥത്തിലും സ്വീകാര്യമല്ലന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. ലോക്‌സഭയില്‍ മുത്തലാഖ് ബില്ലിന്‍മേല്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബില്ല് വിവേചനപരമാണ്. മറ്റ് സമുദായങ്ങളോടൊന്നും സ്വീകരിക്കാത്ത വിവേചനപരമായ നിലപാടാണ് മുത്തലാഖ് ബില്ലില്‍ മുസ്ലിം വിഭാഗത്തോട് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. സുപ്രീംകോടതി മുത്തലാഖ് നിയമവിരുദ്ധമാക്കി വിധിപ്രസ്താവിച്ചു എന്നത് ശരിയാണ്. പക്ഷെ എവിടെയാണ് സുപ്രീംകോടതി മുത്തലാഖ് വിഷയത്തില്‍ നിയമം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടാതെന്നും അദ്ദേഹം ചോദിച്ചു.

ഏറ്റവും ഒടുവിലത്തെ കനേഷുമാരി പ്രകാരം മുസ്ലിം സമുദായത്തില്‍ വിവഹാമോചനം നടക്കുന്നത് വളരെ നിസ്സാരമായ അളവിലാണ്. 0.56 ശതമാനമാണ് മുസ്ലിം സമുദായത്തിലേ വിവാഹമോചനമെന്നത് കണക്കുകള്‍ സൂചിപ്പിക്കുന്നു. മറ്റ് പലസമുദായങ്ങളില്‍ അതിലും കൂടുതലാണ് വിവാഹമോചനത്തിന്റെ അളവും തോതുമെന്നിരിക്കെ എന്തിനാണ് മുത്തലാഖ് ബില്ല് ഒരു പ്രത്യക വിഭാഗത്തിന് ബാധകമാക്കുന്ന തരത്തില്‍ കൊണ്ടുവന്നിരിക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയുന്ന കാര്യമാണ്്. ഇത് രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. വേറൊരു മാനവും മുത്തലാഖ് ബില്ലിനില്ല. അതുകൊണ്ടുതന്നെയാണ് ബില്ല് വിവേചനപരമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങളും ഇവിടുത്തെ ഏറ്റവും വലിയ ന്യൂനപക്ഷ സമുദായവും മുത്തലാഖ് ബില്ല് നിങ്ങളുടെ രാഷ്ട്രീയ അജണ്ടയാണന്ന് ശരിക്കും മനസസ്സിലാക്കിയിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞടുപ്പ് കഴിഞ്ഞില്ലേ. നിങ്ങള്‍ക്ക് മതിയായ ഭൂരിപക്ഷവുമുണ്ട്. പിന്നെന്തിനാണ് ഇത്തരമൊരു ബില്ല് ഇത്ര ദൃധിയില്‍ പാസ്സാക്കിയെടുക്കാന്‍ ശ്രമിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. ന്യൂനപക്ഷ പാര്‍ട്ടിയായ എന്റെ പാര്‍ട്ടി ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പമായിരുന്നു. ഭരണകക്ഷിയും വിശ്വാസികള്‍ക്കൊപ്പമാണന്നാണ് പറയുന്നത്. പക്ഷെ മുത്തലാഖ് ബില്ലിന്റെ കാര്യം വരുമ്പോള്‍ എന്തുകൊണ്ടാണ് ഈ ഇരട്ടത്താപ്പന്നും അദ്ദേഹം ചോദിച്ചു. ചില വക്കീലമന്‍മാര്‍ക്ക് ചീത്തയെ നല്ലതാക്കി അവതരിപ്പിക്കാന്‍ സാധിക്കും. അത് തന്നെയാണ് ഇവിടെയും നടന്നിരിക്കുന്നതെന്ന് അഭിഭാഷകന്‍ കൂടിയായ നിയമമന്ത്രിയെ ഉന്നംവെച്ച് കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു.