ന്യൂഡല്‍ഹി: പാണക്കാട് തങ്ങള്‍ പറഞ്ഞാല്‍ രാജിവെക്കുമെന്ന് പറഞ്ഞ മന്ത്രി കെ.ടി ജലീലിന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയുടെ മറുപടി. വിഷയം വഴിതിരിച്ചുവിടാനാണ് ജലീല്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മതഗ്രന്ഥത്തിന്റെ മറവില്‍ സ്വര്‍ണം കടത്തിയതാണ് ജലീലിനെതിരായ ആരോപണം. ഇതിനെ രാഷ്ട്രീയമായി വഴിതിരിച്ചുവിടാനുള്ള തന്ത്രപരമായ നീക്കമാണ് ജലീല്‍ നടത്തുന്നത്. ഈ തന്ത്രത്തില്‍ വീഴില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇപ്പോഴത്തെ പ്രശ്‌നം ഇത്തരം രാഷ്ട്രീയ പ്രശ്‌നങ്ങളല്ല. മതഗ്രന്ഥത്തിന്റെ കൂടെ സ്വര്‍ണം വന്നോ എന്നതാണ് ഇപ്പോഴത്തെ ചര്‍ച്ച. അതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണം. അത് എല്ലാ മാധ്യമങ്ങളോടും പ്രതികരിക്കാന്‍ മന്ത്രി തയ്യാറാവണം. മുന്‍കൂട്ടി തയ്യാറാക്കിയ അഭിമുഖം നടത്തി അതിലൂടെ ചില പുതിയ അടവുകള്‍ പുറത്തെടുക്കാനാണ് ജലീല്‍ ശ്രമിക്കുന്നത്. അതിന് നിന്നുകൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയത് സംബന്ധിച്ച ചര്‍ച്ചകള്‍ പാര്‍ലമെന്റിലേക്ക് കൊണ്ടുവരാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ല. അത് ഇപ്പോള്‍ നിലവിലുള്ള മതേതരചേരിയെ ഭിന്നിപ്പിക്കാന്‍ സാധ്യതയുണ്ട്. ബിജെപി അത് മുതലെടുക്കാന്‍ സാധ്യതയുള്ളതിനാല്‍ അതിനെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.