കോഴിക്കോട്: ദേശീയ രാഷ്ട്രീയം മാറ്റത്തിന്റെ പാതയിലാണെന്നും മതേതര കൂട്ടായ്മയില്‍ പ്രതീക്ഷയുണ്ടെന്നും മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ബി.ജെ.പിയുടെ ഇപ്പോഴത്തെ വരവ് കണ്ട് ഭയപ്പെടാനൊന്നുമില്ല. മോദിയെ ഡല്‍ഹിയില്‍ ആണിയടിച്ച് ഇരുത്തിയിട്ടില്ലെന്ന് വൈകാതെ ബോധ്യപ്പെടും. ലാ കോണ്‍വിവെന്‍സിയ ക്യാമ്പയിന്റെ ഭാഗമായി മുസ്്‌ലിം യൂത്ത്‌ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി ടാഗോര്‍ ഹാളില്‍ സംഘടിപ്പിച്ച യൂത്ത്മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി ഭരണം നടത്തിയിടത്തൊക്കെ അവര്‍ക്ക് തിരിച്ചടിയാണ്. ബീഹാറില്‍ ബി.ജെ.പിയെ പിടിച്ചുകെട്ടി. പത്തു വര്‍ഷം ഭരിച്ച പഞ്ചാബില്‍ മൂന്നാം സ്ഥാനത്തായി. ഗോവയിലും വലിയ തിരിച്ചടിയാണുണ്ടയത്. ഡല്‍ഹിയില്‍ വലിയ വരവുവന്ന ആംആത്മിയുടെ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലെ സ്ഥിതി ദയനീയമായി. രാഷ്ട്രീയ കാലാവസ്ഥ മാറിവരികയാണ്. എന്നാല്‍, ഇതൊന്നും മനസ്സിലാക്കാതെ എങ്ങോട്ട് ചാടണമെന്ന് അറിയാതെ വേലിപ്പുറത്താണ് സി.പി.എം. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള വിശാല മുന്നണിയുടെ ഭാഗമാവാതെ അവര്‍ക്ക് ഒന്നും ചെയ്യാനാവില്ല.
സി.പി.എമ്മിന്റെ ശക്തി എവിടെയൊക്കെയുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. ഒറ്റക്ക് ഒന്നും ചെയ്യാന്‍ ആര്‍ക്കും കഴിയില്ല. ബംഗാളില്‍ ഉപ്പുവച്ച കലംപോലെയായി, അവര്‍. രാജ്യസഭയിലെത്താന്‍ സീതാറാം യെച്ചൂരിയെ പിന്തുണക്കാമെന്ന കോണ്‍ഗ്രസ്സ് വാഗ്ദാനം സ്വീകരിക്കാത്ത സി.പി.എമ്മിന്റെത് ചരിത്രപരമായ വിഢിത്തമല്ലാതെ മറ്റെന്താണ്. വിശ്വാസിയെ ഒരു മാളത്തില്‍ നിന്ന് ഒരിക്കലെ പാമ്പ് കടിക്കൂവെന്നാണ് പ്രവാചക വചനം. സി.പി.എമ്മിനെ പാമ്പ് കടിച്ചുകൊണ്ടേയിരിക്കുകയാണ്.
തമിഴ്‌നാട്ടിലെ വ്യക്തി കേന്ദ്രീകൃത രാഷ്ട്രീയവും ബംഗാളിലെ ഇടതു ഭരണം അവസാനിച്ച ശേഷമുള്ള കാലാവസ്ഥയും ഉപയോഗപ്പെടുത്താന്‍ മതേതര കക്ഷികള്‍ ജാഗ്രത കാണിക്കണം. ആ ശൂന്യത നികത്താന്‍ മുസ്്‌ലിം ലീഗും യൂത്ത്‌ലീഗും ക്രിയാത്മക ഇടപെടലുകള്‍ നടത്തും. അടിസ്ഥാന വിഭാഗങ്ങളെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ഉന്നമനം പാടെ അവഗണിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ പോവുന്നത്. മന്‍മോഹന്‍ സിംഗ് മിണ്ടാത്ത പ്രധാനമന്ത്രിയായിരുന്നെങ്കിലും ഒരു സംവിധാനം ഫലപ്രദമായി ചലിപ്പിച്ചിരുന്നു. മോദി എല്ലാം തന്നിലേക്ക് കേന്ദ്രീകരിച്ച് നിശ്ചലാവസ്ഥ സൃഷ്ടിക്കുകയാണ്. ഐ.ടി സാക്ഷരത ഇല്ലാവരോട ഡിജിറ്റലാവാന്‍ പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്.
കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടും ക്രിയാത്മകമായി ഇടപെടാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിയുന്നില്ല. റേഷന്‍ വിതരണം പോലും താറുമാറായി. സി.പി.എമ്മിനും സി.പി.ഐക്കും വഴക്ക് തീര്‍ന്നിട്ട് ഭരിക്കാന്‍ സമയമില്ല. ഒരു കൊല്ലമാവാറായിട്ട് എന്താണിവര്‍ ചെയ്തത്. സര്‍ക്കാറിന്റെ ഹണിമൂണ്‍ സമയത്ത് ഒന്നും ചെയ്യാനായില്ല. തുടക്കം പിഴച്ചാല്‍ ഒടുക്കവും പിഴക്കുമെന്നാണ്. മതേതര കക്ഷികളുടെ യോജിച്ച നീക്കത്തിലൂടെ രാജ്യത്ത് ജനാധിപത്യ ഭരണകൂടം തിരിച്ചുവരുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
മുസ്്‌ലിം യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് സാജിദ് നടുവണ്ണൂര്‍ അധ്യക്ഷത വഹിച്ചു. എം.കെ രാഘവന്‍ എം.പി മുഖ്യാതിഥിയായി. എം.പിയായി തെരഞ്ഞെടുക്കപ്പെട്ട പി.കെ കുഞ്ഞാലിക്കുട്ടിക്ക് മുസ്്‌ലിംലീഗ് സംസ്ഥാന ട്രഷറര്‍ പി.കെ.കെ ബാവയും മുസ്്‌ലിം യൂത്ത്‌ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ ഗഫാറിന് മുസ്്‌ലിംലീഗ് സ്ംസ്ഥാന സെക്രട്ടറി എം.സി മായിന്‍ഹാജിയും ദശീയ ട്രഷറര്‍ മുഹമ്മദ് യൂനുസിന് എം.സി വടകരയും ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. മുസ്്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു.
മുസ്്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, മുസ്‌ലിം യൂത്ത്‌ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ ഗഫാര്‍, ട്രഷറര്‍ മുഹമ്മദ് യൂനുസ്, മുസ്്‌ലിംലീഗ് സ്ംസ്ഥാന ട്രഷറര്‍ പി.കെ.കെ ബാവ, സെക്രട്ടറിമാരായ എം.സി മായിന്‍ഹാജി, ടി.പി.എം സാഹിര്‍, ജി സെക്രട്ടറി എം.പി അബ്ദുസമദ് സമദാനി, സണ്ണി കപിക്കാട് സംസാരിച്ചു.