നാഗര്‍കോവില്‍: സംസ്ഥാനങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തമിഴ്‌നാട്ടിലെ എ.ഐ.എ.ഡി.എം.കെ സര്‍ക്കാറിനെ നിയന്ത്രിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

തമിഴ്‌നാട്ടിലെ ഒരു സര്‍ക്കാറിനെയും ഡല്‍ഹിയില്‍ നിന്ന് നിയന്ത്രിക്കുന്ന അവസ്ഥ മുമ്പുണ്ടായിട്ടില്ല. ഭീഷണിപ്പെടുത്തി ഇന്ത്യയിലെ ഏതൊരു സ്ഥാപനവും പിടിച്ചെടുക്കാമെന്നും ഏതൊരു സംസ്ഥാനത്തേയും വരുതിയിലാക്കാമെന്നുമാണ് മോദി കരുതുന്നത്-രാഹുല്‍ പറഞ്ഞു.

താന്‍ കാവല്‍ക്കാരനാണെന്നാണ് മോദി അവകാശപ്പെടുന്നത്. എന്നാല്‍ ഇതേ കാവല്‍ക്കാരനാണ് രാജ്യത്തിന്റെ 30,000 കോടി ചോര്‍ത്തി അംബാനിക്ക് നല്‍കിയത്. മോദി നിലനില്‍ക്കുന്നത് നുണകള്‍ കൊണ്ടാണ്. എന്നാല്‍ സത്യങ്ങള്‍ അദ്ദേഹത്തെ ജയിലിലെത്തിക്കുമെന്നും രാഹുല്‍ പറഞ്ഞു.