പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയില്‍ സിപിഐക്ക് കടുത്ത അതൃപ്തി. മുന്നണി മര്യാദയുടെ ലംഘനമാണ് നടന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ എതിര്‍ത്തിട്ടും വിവാദ പദ്ധതിയില്‍ ഒപ്പുവെച്ചത് കടുത്ത അവഗണനയെന്നാണ് സിപിഐ വ്യക്തമാക്കി. സിപിഐ സെക്രട്ടറിയേറ്റ് അടിയന്തര യോഗവും നാളെ ചേരും.
അതേസമയം പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് എഐഎസ്എഫും സിപിഐ അധ്യാപക സംഘടന എകെഎസ്ടിയുവും രംഗത്തെത്തി. സംസ്ഥാന സര്‍ക്കാരിന്റെ നടപടി തികഞ്ഞ വഞ്ചനയാണെന്നും വിദ്യാര്‍ത്ഥി വിരുദ്ധവും പൊതു സമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് എഐഎസ്എഫ് പറഞ്ഞു. സര്‍ക്കാരിന്റെ വിദ്യാര്‍ത്ഥി വഞ്ചനക്കെതിരെ കടുത്ത പ്രതിഷേധങ്ങള്‍ കേരളത്തിന്റെ തെരുവുകളില്‍ ഉയരുമെന്നും എഐഎസ്എഫ് അറിയിച്ചു.
വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയില്‍ ആശങ്കയുണ്ടെന്ന് എകെഎസ്ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ കെ ജയകൃഷ്ണന്‍ പറഞ്ഞു. എന്തുകൊണ്ട് ഇടതുപക്ഷം ഇത്തരമൊരു തീരുമാനത്തിലേക്ക് പോയി എന്ന് വിശദീകരിക്കേണ്ട ബാധ്യത എല്‍ഡിഎഫിനും അതിനെ നയിക്കുന്ന പാര്‍ട്ടിക്കുമുണ്ടെന്നും ഒ കെ ജയകൃഷ്ണന്‍ പറഞ്ഞു.
പിഎം ശ്രീയുടെ ഭാഗമാകുന്ന 34ാമത്തെ സര്‍ക്കാരായി കേരളം മാറി.