കൊച്ചി: കശ്മീരിലെ കഠ്‌വയില്‍ എട്ടുവയസ്സുകാരി ആസിഫ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നടന്ന ഹര്‍ത്താലുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണം പുതിയ തലത്തില്‍. വ്യാജ ഹര്‍ത്താല്‍ വാര്‍ത്ത പ്രചരിപ്പിച്ചവരില്‍ ഒരാളെ പൊലീസ് തിരിച്ചറിഞ്ഞു. ഇയാള്‍ എറണാകുളം സ്വദേശിയാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനു പിന്നില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായാണ് വിവരം. ഇവരെ കണ്ടെത്തുന്നതിന് സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ ഫേസ്ബുക്ക് ഐ.ഡികള്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. വ്യാജ ഐ.ഡി ഉപയോഗിച്ചാണ് ഹര്‍ത്താല്‍ വാര്‍ത്ത പ്രചരിപ്പിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഫേസ്ബുക്കിലെ വ്യാജ ഐ.ഡികളും പൊലീസ് നിരീക്ഷിക്കുന്നുണ്ട്.
ശക്തമായ ഗൂഢാലോചന നടന്നതിന് ഇത് തെളിവേകുന്നുവെന്നും പൊലീസ് പറഞ്ഞു.