റാഞ്ചി: കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്ന ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന 200 കിലോഗ്രാം കഞ്ചാവ് എലികള്‍ നശിപ്പിച്ചതായി പൊലീസ് കോടതിയെ അറിയിച്ചു. പിടിച്ചെടുത്ത തൊണ്ടിമുതല്‍ നഷ്ടമായതും മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന്‍ കഴിയാതിരുന്നതും കാരണം കേസിലെ പ്രതിയെ കോടതി വെറുതെ വിടുകയും ചെയ്തിരുന്നു. 2002 ജനുവരിയില്‍ എന്‍എച്ച്-20ല്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഒര്‍മാന്‍ജി പൊലീസ് കഞ്ചാവ് പിടിച്ചെടുത്തത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ റാഞ്ചിയില്‍ നിന്ന് രാംഗഡിലേയ്ക്ക് മയക്കുമരുന്ന് കടത്തുകയായിരുന്ന വെളുത്ത ബൊലേറോ വാഹനം പൊലീസ് തടഞ്ഞു. പൊലീസിനെ കണ്ടതോടെ വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഒരാളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞു. രണ്ട് പേര്‍ രക്ഷപ്പെട്ടു. വൈശാലി ജില്ലയിലെ ബിര്‍പൂര്‍ ഗ്രാമവാസിയായ ഇന്ദ്രജിത് റായ് എന്ന അനുര്‍ജിത് റായ് (26) ആണ് പിടിയിലായത്.
വാഹന പരിശോധനയില്‍ ഏകദേശം 200 കിലോഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. തുടര്‍ന്ന് ഇന്ദ്രജിത് റായിയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്ത പൊലീസ്, എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസെടുത്ത് കുറ്റപത്രം സമര്‍പ്പിച്ചു. എന്നാല്‍ വിചാരണ വേളയില്‍ പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് മതിയായ തെളിവുകള്‍ ഹാജരാക്കാനായില്ല. കഞ്ചാവ് പിടിച്ചെടുത്ത സ്ഥലം, സമയം, രീതി എന്നിവ സംബന്ധിച്ച സാക്ഷിമൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു.
ഇതിന് പിന്നാലെയാണ് ഒര്‍മാന്‍ജി പൊലീസ് സ്റ്റേഷനിലെ മല്‍ഖാനയില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് എലികള്‍ നശിപ്പിച്ചതായി പൊലീസ് കോടതിയെ അറിയിച്ചത്. ഇക്കാര്യം പൊലീസ് ഡയറിയിലും രേഖപ്പെടുത്തിയിട്ടുണ്ട്. പിടിച്ചെടുത്ത വസ്തുക്കള്‍ സംരക്ഷിക്കുന്നതില്‍ പൊലീസിന് ഗുരുതരമായ അശ്രദ്ധ സംഭവിച്ചുവെന്ന് കോടതി വിലയിരുത്തി. പ്രതിയും പിടിച്ചെടുത്ത വാഹനവും തമ്മിലുള്ള ബന്ധം തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായും കോടതി വ്യക്തമാക്കി.
ആവശ്യമായ തെളിവുകളുടെ അഭാവവും തൊണ്ടിമുതല്‍ നശിച്ചതുമാണ് പ്രതിയെ കുറ്റവിമുക്തനാക്കാന്‍ കാരണമായത്. ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന കഞ്ചാവാണ് കേസില്‍ പിടിച്ചെടുത്തിരുന്നത്. റാഞ്ചിയില്‍ ഇതിന് മുമ്പും സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ധന്‍ബാദിലും സര്‍ക്കാര്‍ വെയര്‍ഹൗസുകളില്‍ സൂക്ഷിച്ചിരുന്ന മദ്യം എലികള്‍ കുടിച്ചു തീര്‍ത്തുവെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം.