ബാലതാരമായി മലയാള സിനിമയിലെത്തിയ പ്രണവ് മോഹന്‍ലാല്‍ നായകനായി സിനിമയില്‍ അരങ്ങേറുന്നു. ഏറെ കാലമായി ആരാധകര്‍ കാത്തിരുന്ന താരപുത്രന്റെ നായകവേഷമുള്ള ‘ആദി’യുടെ ചിത്രീകരണം തുടങ്ങി. എറണാംകുളത്താണ് ചിത്രീകരണം. ജിത്തുജോസഫിന്റെ ഒമ്പതാമത്തെ ചിത്രമാണ് പ്രണവിന്റെ ‘ആദി’.

‘ആദി’യില്‍ ഗിത്താറിസ്റ്റിന്റെ കഥാപാത്രത്തെയാണ് പ്രണവ് അവതരിപ്പിക്കുന്നതെന്നാണ് സൂചന. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

മലയാള സിനിമക്ക് പുതുതാരമല്ല പ്രണവ്. സിനിമയ്ക്ക് അകത്തും പുറത്തും പ്രണവിന്റെ കരസ്പര്‍ശമേറ്റിറ്റുണ്ട്. ബാലതാരമായി തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലം അഭിനയിച്ചത് പ്രണവായിരുന്നു. 2002-ലായിരുന്നു ചിത്രം. അതേവര്‍ഷം മേജര്‍രവിയുടെ പുനര്‍ജനി എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം പ്രണവ് സ്വന്തമാക്കി. കൂടാതെ സാഗര്‍ ഏലിയാസ് ജാക്കി എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ രെു ഗാനത്തിലും കുഞ്ഞുവേഷത്തില്‍ പ്രണവ് എത്തിയിരുന്നു. സ്‌ക്രീനില്‍ ഇങ്ങനെ എത്തിയപ്പോള്‍ സിനിമക്ക് പിറകിലും പ്രണവുണ്ടായിരുന്നു. ജിത്തു ജോസഫിന്റെ രണ്ടു ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചു. ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാസത്തിലും ദിലീപ് നായകനായ ലൈഫ് ഓഫ് ജോസൂട്ടിയിലുമാണ് പ്രണവ് സഹസംവിധായകനായത്.