ഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ അഡ്വ.പ്രശാന്ത് ഭൂഷണ്‍ ഒരു രൂപ പിഴ അടച്ചു. എന്നാല്‍ പിഴ അടച്ചതു കൊണ്ട് കോടതി വിധി അംഗീകരിക്കുന്നുവെന്ന് അര്‍ത്ഥമില്ലെന്ന് അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി വിധിച്ച ഒരു രൂപ പിഴയടയ്ക്കാനെത്തിയപ്പോഴാണ് അദ്ദേഹത്തിന്റെ പ്രതികരണം.

പിഴ അടയ്ക്കുന്നതിനായി വിവിധ കോണുകളില്‍ നിന്ന് സംഭാവനകള്‍ ലഭിച്ചിരുന്നുവെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. ഇത് ഉപയോഗപ്പെടുത്തി ഒരു ‘ട്രൂത്ത് ഫണ്ട്’ രൂപീകരിക്കും. അഭിപ്രായപ്രകടനത്തിന്റെ പേരില്‍ ഉപദ്രവിക്കപ്പെടുന്നവരെ സഹായിക്കാന്‍ ഇത് ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചീഫ് ജസ്റ്റിസുമാരെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തതിന്റെ പേരിലുള്ള കോടതിയലക്ഷ്യക്കേസിലാണ് അഡ്വ.പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ സുപ്രീം കോടതി വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം തടവു ശിക്ഷയും അഭിഭാഷക വൃത്തിയില്‍ നിന്ന് മൂന്നു വര്‍ഷം വിലക്കും ഭൂഷണ്‍ നേരിടേണ്ടിവരുമായിരുന്നു.

ഭൂഷണ്‍ മാപ്പുപറയാന്‍ വിസമ്മതിക്കുകയും പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തതോടെയാണ് ജസ്റ്റിസ് അരുണ്‍മിശ്ര അധ്യക്ഷനായ ബെഞ്ച് ശിക്ഷ വിധിച്ചത്. മാപ്പ് പറയാനുള്ള നിരവധി അവസരം കോടതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു രൂപ പിഴ വിധിച്ചുള്ള അസാധാരണ വിധി പറപ്പെടുവിച്ചത്.