ബാംഗ്ലൂര്‍: മോഹന്‍ ഭഗവതിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പ്രസ്താവനയുമായി പ്രധാനമന്ത്രിക്ക് കര്‍ണാടക കോണ്‍ഗ്രസ് നേതാവിന്റെ കത്ത്.

മുന്‍ റെയില്‍വെ സഹമന്ത്രിയും കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജാഫര്‍ ശരീഫാണ് മോഹന്‍ ഭഗവതിന്റെ ദേശസ്‌നേഹത്തെക്കുറിച്ച് സന്ദേഹമേതുമില്ലെന്ന് കാണിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. ഭഗവതിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിത്വം വിഷയത്തില്‍ കോണ്‍ഗ്രസ് കൈക്കൊണ്ട നിലപാടിന് കടകവിരുദ്ധമായ നിലപാടാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നടത്തിയിരിക്കുന്നത്.

വ്യത്യസ്ത ചിന്താധാരകള്‍ നിലനില്‍ക്കുന്ന രാഷ്ട്രമാണ് ഇന്ത്യ. ഇന്ത്യയെപ്പോലൊരു വലിയ രാഷ്ട്രത്തില്‍ അത് സ്വാഭാവികമാണ് താനും. മോഹന്‍ ഭഗവഗതും ഒരു ചിന്താപ്രസ്ഥാനത്തിന്റെ അനുവര്‍ത്തകനായിരിക്കാം. എന്നാല്‍ അദ്ദേഹത്തിന്റെ ദേശസ്‌നേഹത്തില്‍ തരിമ്പ് പോലും സംശയമില്ലെന്നും ശരീഫ് പ്രധാനമന്ത്രിക്കയച്ച കത്തില്‍ പറയുന്നു.

നേരത്തെ മുഖ്യപ്രതിപക്ഷപാര്‍ട്ടിയായ കോണ്‍ഗ്രസ് എന്ത് വില കൊടുത്തും ഭഗവതിനെപ്പോലൊരാള്‍ പ്രസിഡന്റ് പദവിയിലെത്തുന്നതിനെ തടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ‘ആര്‍.എസ്.എസിന്റെ വിചാരധാരകളുമായി പൊരുത്തപ്പെടാനാവില്ല’ -കോണ്‍ഗ്രസ് വക്താവ് ഗൗരവ് ഗഗോയ് തുറന്നടിച്ചു.

മഹാരാഷ്ട്രയിലെ ബി.ജെ.പിയുടെ സഖ്യകക്ഷിയായ ശിവസേന കഴിഞ്ഞാഴ്ച മോഹന്‍ ഭഗവത് ഇന്ത്യയുടെ അടുത്ത പ്രസിഡന്റാവുന്നത് എന്തുകൊണ്ടും ഗുണകരമാണെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഭഗവത് ഇത്തരം വാര്‍ത്തകളെ നിഷേധിച്ചു. തികച്ചും വിനോദപരം എന്നാണ് ഇത് സംബന്ധമായി പ്രചരിക്കുന്ന വാര്‍ത്തകളെ അദ്ദേഹം വിശേഷിപ്പിച്ചത്.
രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ അഞ്ച് വര്‍ഷ കാലാവധി ഈ വരുന്ന ജൂലൈ 24ന് തീരാനിരിക്കെയാണ് അടുത്ത രാഷ്ട്രപതി സ്ഥാനാര്‍ഥി സംബന്ധമായ വാര്‍ത്തകള്‍ പ്രചരിക്കുന്നത്.