ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ ബഹിരാകാശ സഞ്ചാരി കല്‍പന ചൗളയുടെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ പ്രിയങ്ക ചോപ്ര നായികയാകും. പ്രിയ മിശ്ര ഒരുക്കുന്ന ചിത്രത്തിലാണ് കല്‍പനയായി പ്രിയങ്ക എത്തുന്നത്. 2003ല്‍ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായി ശൂന്യാകാശത്തുപോയി മടങ്ങുന്നതിനിടെ പേടകം പൊട്ടിത്തെറിച്ച് മരണമടഞ്ഞ കല്‍പന ചൗളയെക്കുറിച്ചുള്ള സിനിമക്കുവേണ്ടി വിപുലമായ ഒരുക്കങ്ങളാണ് പ്രിയങ്ക നടത്തുന്നത്. കല്‍പന ജനിച്ചുവളര്‍ന്ന കര്‍ണാല്‍ ഗ്രാമം സന്ദര്‍ശിച്ച താരം ബഹികാരാശ സഞ്ചാരികളെക്കുറിച്ച് കൂടുതല്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഗെറ്റ്വേ എന്ന കമ്പനിയാണ് ബോളിവുഡ് ശൈലിയിലുള്ള ചിത്രം നിര്‍മിക്കുന്നത്. ഏഴു വര്‍ഷം മുമ്പാണ് പ്രിയ മിശ്ര ഈ ചിത്രത്തിനുള്ള ജോലികള്‍ തുടങ്ങിയത്. ചിത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മേരി കോമിനുശേഷം പ്രിയങ്ക ചോപ്ര അവതരിപ്പിക്കുന്ന മറ്റൊരു ഐതിഹാസിക കഥാപാത്രമാണ് കല്‍പന ചൗള. മേരി കോമാകാന്‍ പ്രിയങ്ക ബോക്‌സിങ് പഠിച്ചിരുന്നു.