തിരുവനന്തപുരം: വരള്‍ച്ചാ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിലും കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിലും സര്‍ക്കാര്‍ പരാജയമെന്ന് ടി.വി ഇബ്രാഹിം. നിയമസഭയില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടിവെള്ള വിതരണത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കാനായി ജില്ലാ ഭരണകൂടത്തിന് നല്‍കിയ തുക പോലും ചെലവഴിക്കാതെ തിരികെ നല്‍കുകയാണുണ്ടായത്. മലപ്പുറത്ത് പഞ്ചായത്തുകള്‍ക്ക് അനുവദിച്ച പത്ത് ലക്ഷം രൂപ മതിയാകില്ലെന്നും 15 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും ജില്ലാഭരണകൂടം പണം തിരിച്ചയക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജലസ്രോതസുകളില്‍ മാലിന്യ നിക്ഷേപം വര്‍ധിച്ചിരിക്കുകയാണ്. കുളങ്ങളും നീര്‍ച്ചാലുകളും മലീമസമായി. ഇത് തടയാന്‍ കര്‍ശനമായ നിയമവും ബോധവല്‍ക്കരണവും ആവശ്യമാണ്. 44 നദികളാലും 50 ലക്ഷത്തോളം കിണറുകളാലും അരുവികളാലും തോടുകളാലും സമ്പന്നമായ കേരളത്തില്‍ കുടിക്കാന്‍ ഒരു തുള്ളിവെള്ളമില്ലാത്ത അവസ്ഥയാണ്. കുടിവെള്ളത്തിന് പെട്രോളിനെക്കാളും വില നല്‍കേണ്ട അവസ്ഥയാണ്. സംസ്ഥാനത്തെ ജലവിതാനം വലിയതോതില്‍ താഴുകയാണ്. കുഴല്‍ക്കിണര്‍ നിയന്ത്രിക്കുകയല്ല, പൂര്‍ണമായി നിരോധിക്കുകയാണ് വേണ്ടത്. കുഴല്‍ക്കിണറുകളിലെ വെള്ളം കൂടുതലായി ഉപയോഗിക്കുക വഴി ഫഌറോസിസ് എന്ന രോഗം പടരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. ഈ സാഹചര്യത്തില്‍ കുഴല്‍ക്കിണര്‍ നിരോധിക്കണം.water2
കുപ്പിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതുണ്ട്. ജല അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളം ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാന്‍ കര്‍ശന നടപടികള്‍ വേണം. ഒരു കുടുംബത്തിന് ആവശ്യമായ വെള്ളം കണക്കാക്കി, അധികമായി ഉപയോഗിക്കുന്ന വെള്ളത്തിന് ഇരട്ടിനിരക്ക് ഈടാക്കണം. പുതിയതായി നിര്‍മിക്കുന്ന വീടുകളില്‍ മഴവെള്ള സംഭരണി ഉറപ്പുവരുത്തണം. മഴവെള്ളത്തെ മണ്ണില്‍ പിടിച്ചുനിര്‍ത്തുന്നതിന് നടപടികള്‍ വേണം. കടലുണ്ടി പുഴയില്‍ അടക്കം തടയണ നിര്‍മിക്കേണ്ടതുണ്ട്. വന്‍കിട കോര്‍പറേറ്റുകളുടെ ജലചൂഷണം തടയണം.
വ്യക്തമായ കര്‍മ പദ്ധതിയില്ലാതെ കുടിവെള്ള പദ്ധതികള്‍ ആരംഭിക്കുകവഴി പദ്ധതികള്‍ അനന്തമായി നീളുകയാണ്. 1996ല്‍ ആരംഭിച്ച ചീക്കോട് പദ്ധതി ഇതിന് തെളിവാണ്. 1.20 ലക്ഷം സംഭരണശേഷിയുള്ള അഞ്ച് ടാങ്കുകള്‍ സ്ഥാപിച്ചെങ്കിലും വെള്ളം വിതരണം ചെയ്യുന്ന ഘട്ടത്തിലേക്കെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. 998ല്‍ ആരംഭിച്ച തിരുനാവായ പദ്ധതിയുടെ സ്ഥിതിയും ഇതുതന്നെയാണ്. ചീക്കോട് പദ്ധതി പള്ളിക്കല്‍ പഞ്ചായത്തിലേക്ക് കൂടി നീട്ടുന്നതിന് നടപടിവേണം.
പൈപ്പിടല്‍ ജോലികള്‍ വേഗത്തിലാക്കാന്‍ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം ആവശ്യമാണ്. 11 ഡാമുകളുള്ള പാലക്കാടിനും അനവധി ഡാമുകളുള്ള കോഴിക്കോടിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന മലപ്പുറം ജില്ലയില്‍ ഒരു ഡാമുപോലമില്ല. നേരത്തെ പോത്തുഗല്‍, അമ്പിട്ടാന്‍പ്പൊട്ടി എന്നീ ഡാമുകളുടെ പ്രോപ്പോസല്‍ വന്നിരുന്നതാണ്. ചാലിയാറില്‍ ഡാം നിര്‍മിക്കുന്നതിന് നടപടി സ്വീകരിക്കണം. ചാലിയാറിനെയും കടലുണ്ടി പുഴയെയും ബന്ധിപ്പിക്കാനുള്ള പദ്ധതി പുനരുജ്ജീവിപ്പിക്കണം. തീരദേശ മേഖലയില്‍ ഫീഷറീസ് കോളനികളിലെ ഇരട്ടവീട് ഒറ്റവീടായി മാറ്റണം. മത്സ്യത്തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തിന് പട്ടയം നല്‍കണം. വിദേശ കപ്പലുകള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തിന് അനുമതി ഉള്ളപ്പോള്‍ തദ്ദേശീയര്‍ക്ക് അനുമതി ലഭിക്കാത്ത സ്ഥിതിയാണുള്ളതെന്നും ടി.വി ഇബ്രാഹിം ചൂണ്ടിക്കാട്ടി.