കെ മുഹമ്മദ് ഈസ്സ

എല്ലാം മണ്ണില്‍നിന്ന് പിന്നെ മണ്ണിലേക്ക്. മറ്റൊരു മഹാഗായകന്‍കൂടി മണ്ണിലേക്ക് മടങ്ങിപ്പോകുന്നു. വിണ്ണോളം വളര്‍ന്ന് കലാലോകത്ത് അമരത്വം കൈവരിച്ച എസ്.പി ബാലസുബ്രഹ്മണ്യം എന്ന മഹാപ്രതിഭാസം. ഗായകന്‍, സംഗീതസംവിധായകന്‍, നടന്‍, ചലച്ചിത്ര നിര്‍മ്മാതാവ്, ഡബ്ബിങ് ആര്‍ട്ടിസ്റ്റ്… ഒരു ജന്മത്തില്‍ എത്രയെത്ര സഫലജീവിതങ്ങളാണ് എസ്.പി.ബിയിലൂടെ കാലം കണ്ടത്. എസ്.പി ഏത് നാട്ടുകാരനാണ്? ഏത് ഭാഷക്കാരനാണ്? തെലുങ്കന്‍, തമിഴന്‍, കന്നഡിക, മലയാളി, ഉത്തരേന്ത്യന്‍..? പതിനാല് ഭാഷകളിലായി നല്‍പ്പതിനായിരം പാട്ടുകളിലൂടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ചെറുപുഞ്ചിരിയോടെ കടന്നുകയറിയ ആ മഹാകലാകാരന്‍ അനുപമമായ ശബ്ദഭംഗികൊണ്ടും ആലാപനഗാംഭീര്യംകൊണ്ടും ഉച്ചാരണശുദ്ധികൊണ്ടും എല്ലാ സംസ്ഥാനക്കാരുടെയും ഹൃദയം കീഴടക്കിയ ഗാനഗന്ധര്‍വനായി, സ്വരരാഗസുധാസാഗരമായി, ഇന്ത്യയുടെ അഭിമാനമായി.

…1989. എസ്.പി ദോഹയില്‍ പാടുന്നു. ദോഹാസിനിമയിലെ രണ്ട് ഷോകളിലും കേള്‍വിക്കാരായെത്തിയ ആയിരങ്ങളിലൊരാളായി ഉണ്ടായിരുന്നു. അന്നദ്ദേഹം പാടിയ സ്വന്തം പാട്ടുകളില്‍ പലതും ഹൃദിസ്ഥമായിരുന്നു. കുട്ടിക്കാലം മുതല്‍ അവയിലൊട്ടുമിക്കവയും പാടിനടന്നിട്ടുണ്ട്. മത്സരവേദികളില്‍ ഒട്ടേറെ സമ്മാനങ്ങള്‍ അവ നേടിത്തന്നിട്ടുമുണ്ട്. ‘ആയിരം നിലവേ വാ’ (അടിമൈപ്പെണ്‍), ‘ഉയര്‍ക്കൈ എന്നും ഇളയകന്നി’ (ശാന്തിനിലയം), ‘പൊട്ടുവെത്ത മുഖമോ’ (സുമതി എന്‍ സുന്ദരി) അവള്‍ ഒരു നവരസ നാടകം (ഉലകം ചുറ്റും വാലിബന്‍). മറക്കാന്‍ കഴിയാത്ത മധുരഗാനങ്ങളാണ് അവയൊക്കെ. ഓര്‍മകളാല്‍ ഉള്ളുനിറച്ച് മനസ്സിനെ തഴുകി മിഴിയില്‍ നനവുപടര്‍ത്തി ഇന്നലെകളിലേക്ക് കൈപിടിച്ച് നടത്തുന്ന മധുരഗാനങ്ങള്‍. തമിഴ്‌നാട്ടില്‍ ജനിച്ചുവളര്‍ന്ന ബാല്യത്തില്‍ ഇരുപതിലേറെ കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി എസ്.പിയുടെ ഗാനമേള കേള്‍ക്കാന്‍ പോയത് ഇപ്പോഴും മനസ്സില്‍ മായാതെ കിടക്കുന്നുണ്ട്. കഴിഞ്ഞ അമ്പതോളം വര്‍ഷങ്ങളായി എസ്.പി ഗാനങ്ങളുമായി ചങ്ങാത്തത്തിലായിട്ട്. ‘ഇളയനിലാ പൊഴികിറത്’, ‘മണ്ണില്‍ ഇന്ത കാതല്‍’, ‘ശങ്കരാ’, ‘കേളെടി കണ്മണി’, ‘താരാപഥം നവമേഘമേ കുളിര്‍ കൊണ്ടുവാ’, ‘ഈ കടലും മറു കടലും’ എത്രയോ വേദികളില്‍ എനിക്കാവുംവിധത്തില്‍ പാടിയിട്ടുണ്ട്.

2011ല്‍ ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറത്തിനുവേണ്ടി പാടാന്‍ എസ്.പിയും സംഘവും ഖത്തറില്‍ വീണ്ടുമെത്തി. അന്ന് ഐ.സി.ബി.എഫിന്റെ ഇവന്റ് സെക്രട്ടറി ആയിരുന്നു. കെ.എസ് ചിത്ര, ബിജു നാരായണന്‍, ജന്റില്‍മാന്‍ ഷംസുദ്ദീന്‍ ടീം ഖത്തറിനൊരിക്കലും മറക്കാന്‍ കഴിയാത്ത സംഗീത രാവാണ് അന്ന് കാഴ്ചവെച്ചത്. എസ്.പിയിലെ കലാകാരനേയും കലാകാരനിലെ പച്ചമനുഷ്യനേയും നേരിട്ട് മനസ്സിലാക്കിയത് ആ ദിവസങ്ങളിലാണ്. വിനയംകൊണ്ട് അത്ഭുതപ്പെടുത്തുകയായിരുന്നു ആ വ്യക്തിത്വം. വലുപ്പ ചെറുപ്പ വ്യത്യാസമില്ലാതെ മറ്റ് ആര്‍ട്ടിസ്റ്റുകളോടുള്ള സ്‌നേഹാദരം, സമഭാവന, അശേഷം ജാടയില്ലാത്ത പെരുമാറ്റം, ഭക്ഷണം ഇന്നത് വേണമെന്ന നിര്‍ബന്ധമില്ലായ്മ. സാധാരണക്കാരനില്‍ സാധാരണക്കാരനായി, തുളുമ്പാത്ത നിറകുടമായിനിന്ന ആ മനുഷ്യസ്‌നേഹിയെ ഇന്നുമോര്‍ക്കുന്നു. മൂന്നോ നാലോ തവണ റിഹേഴ്‌സലെടുത്താലും പരിഭവമില്ല.

‘ഇളയനിലാ പൊഴികിറത്’ എന്ന തന്റെ പ്രസിദ്ധമായ ഗാനം ഗാനമേളക്കിടെ ആലപിക്കേ #ൂട്ടിസ്റ്റിന്റെ ഒരു കലാകാരന്‍ #ൂട്ടിന്റെ ഒരു പീസ് വായിക്കാന്‍ വിട്ടുപോയ ആ ആര്‍ട്ടിസ്റ്റിനെ സഹായിക്കാന്‍ സ്വയം ഹമ്മിങ്ങിട്ട് പാടി, പിന്നീട് #ൂട്ടിസ്റ്റിന്റെ സമീപത്തെത്തി സമാശ്വസിപ്പിച്ച് ‘മുകിലെടുത്ത് മുഖം തുടയ്ത്ത്’ എന്ന ഭാഗം വീണ്ടും പാടുന്ന എസ്.പി എന്ന വിനയാന്വിതനു തുല്യം മറ്റൊരാളെ ചൂണ്ടിക്കാണിക്കാനാകില്ല.

ഫോം ഖത്തര്‍ കഴിഞ്ഞ വര്‍ഷം നടത്തിയ മെഗാ സംഗീതരാവില്‍ പാടാനദ്ദേഹത്തെ ക്ഷണിച്ചിരുന്നു. കാറില്‍ സഞ്ചരിച്ചുകൊണ്ടിരിക്കെ വരാമെന്ന് സമ്മതിച്ചെങ്കിലും വീട്ടില്‍ച്ചെന്ന് ഡയറി പരിശോധിച്ചപ്പോഴാണ് ആ ദിവസം ഒരു തെലുങ്ക് ചാനല്‍ പ്രോഗ്രാമില്‍ സംബന്ധിക്കാമെന്നേറ്റ കാര്യം മനസ്സിലായത്. ‘ക്ഷമിക്കണം ഈസ്സാഭായ്, അടുത്ത വര്‍ഷം, 2020 ല്‍ ഒരു പ്രോഗ്രാം സംഘടിപ്പിച്ചോളൂ. ഖത്തറിലേക്ക് തീര്‍ച്ചയായും ഞാനെത്തും എന്ന് പറഞ്ഞ അദ്ദേഹം ഇന്ന് നമ്മോടൊപ്പമില്ല. കൊറോണക്കാലം കഴിഞ്ഞാല്‍ ഇന്ത്യന്‍ സമൂഹത്തിനുവേണ്ടി ഖത്തറിലദ്ദേഹത്തെ പാടിക്കാനായിരുന്നു ആശിച്ചത്. പക്ഷേ ആ ഭാഗ്യം ഉണ്ടായില്ല.
സംഗീതത്തിന്റെ ഹൃദയസംവാദശക്തി അറിഞ്ഞ അപൂര്‍വ്വ പ്രതിഭാസമായിരുന്നു എസ്.പി. ബി. മുഹമ്മദ് റഫിക്ക്‌ശേഷം ദേശീയതലത്തില്‍ ഇത്രമാത്രം ജനപ്രീതി നേടിയ മറ്റൊരു ഗായകനും ഇല്ല. റഫി ഹിന്ദിയിലും ഉറുദുവിലുമൊതുങ്ങിയപ്പോള്‍ പതിനാറ് ഇന്ത്യന്‍ ഭാഷകളില്‍ ഗിന്നസ് റെക്കോര്‍ഡോടെ നിറഞ്ഞു നില്‍ക്കുകയായിരുന്നു എസ്.പി ബാലസുബ്രഹ്മണ്യം.ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലും എസ്. പി അത്ഭുതം സൃഷ്ടിച്ചു. കമല്‍ഹാസന്‍, രജനികാന്ത്, വിഷ്ണുവര്‍ദ്ധന്‍, സല്‍മാന്‍ ഖാന്‍, അനില്‍ കപൂര്‍, ഭാഗ്യരാജ്, ഗിരീഷ് കര്‍ണാട്, അര്‍ജ്ജുന്‍, നാഗേഷ്, കാര്‍ത്തിക്, രഘുവരന്‍ തുടങ്ങിയവരുടെ മൊഴിമാറ്റ സിനിമകളില്‍ പലപ്പോഴും കേട്ടത് എസ്.പിയുടെ ശബ്ദമാണ്. കമല്‍ഹാസന്റെ ദശാവ താരത്തില്‍ സ്ത്രീയടക്കം ഏഴ് കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം ശബ്ദം നല്‍കി എന്ന് അറിയുമ്പോഴാണ് അത്ഭുതം ആദരവിന് വഴിമാറുന്നത്. കാലം നല്‍കിയ അപൂര്‍വ്വ വരദാനമായിരുന്നു എസ്.പി. സംഗീതമായിരുന്നു അദ്ദേഹത്തിനെല്ലാം. ‘എങ്കേയും എപ്പോതും സംഗീതം സന്തോഷം’… കാലത്തെ അതിജീവിക്കുന്ന തലമുറകള്‍ നെഞ്ചോട് ചേര്‍ത്തുവെക്കുന്ന അനിര്‍വ്വചനീയ അനുഭൂതിയായി എസ്.പിയുടെ ഗാനങ്ങള്‍ നില്‍ക്കും, സംഗീതമുള്ളിടത്തോളം.