കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍ സുനി ദിലീപിനേയോ ദിലീപ് സുനിയേയോ വിളിച്ചതിന് തെളിവുകളില്ലെന്ന് പോലീസ്. സുനിയുടെ ഫോണ്‍കോളുകള്‍ വിശദമായി പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.

ഫോണ്‍വിളികള്‍ അന്വേഷിക്കുന്നതിനായി സുനി ഫോണില്‍ നിന്ന് വിളിച്ച എല്ലാവരോടും പോലീസ് വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ട്. എന്നാല്‍ നാദിര്‍ഷയേയും അപ്പുണ്ണിയേയും ജയിലില്‍ നിന്ന് വിളിച്ചുവെന്ന് പള്‍സര്‍ മൊഴി നല്‍കിയിട്ടുണ്ട്. മൂന്നുപേരേയും അന്വേഷണ സംഘം ചോദ്യം ചെയ്യും. ചോദ്യം ചെയ്യല്‍ ഇന്നുതന്നെയുണ്ടായിരിക്കും. അതേസമയം, ക്വട്ടേഷന്‍ നല്‍കിയത് ആരാണെന്ന് വെളിപ്പെടുത്തിയതിനാണ് താനിപ്പോള്‍ അനുഭവിക്കുന്നതെന്ന് പള്‍സര്‍ സുനി പറഞ്ഞു.

ഇന്‍ഫോപാര്‍ക്ക് സ്‌റ്റേഷനില്‍ എത്തിച്ചപ്പോഴായിരുന്നു മാധ്യമപ്രവര്‍ത്തകരോട് സുനിയുടെ പ്രതികരണം. മരണമൊഴിയെടുക്കാന്‍ താന്‍ മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെടും. നടിയെ ആക്രമിച്ച കേസിലാണ് അന്വേഷണമെന്നും സുനി പറഞ്ഞു. ജയിലില്‍ ഫോണ്‍ ഉപയോഗിച്ച കേസില്‍ സുനി ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.