കൊച്ചി: പുതുവൈപ്പില്‍ സമരം ചെയ്യുന്നവര്‍ക്കെതിരെ പോലീസ് നടത്തിയ അതിക്രമത്തില്‍ വിശദീകരണം നല്‍കാന്‍ ഡി.സി.പി യതീഷ് ചന്ദ്രയെ ഡി.ജി.പി സെന്‍കുമാര്‍ വിളിച്ചുവരുത്തി. ഏത് സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നടപടി സ്വീകരിക്കേണ്ടി വന്നത് എന്നതിനെക്കുറിച്ച് ഡി.ജി.പി വിശദീകരണം ചോദിച്ചു. ഡി.ജി.പിയെ കണ്ടശേഷം യതീഷ ചന്ദ്ര തിരിച്ചുവെന്നാണ് വിവരം.

കഴിഞ്ഞ ദിവസമാണ് പ്ലാന്റിനെതിരെ സമരം ചെയ്ത കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമുള്‍പ്പെടെ പോലീസിന്റെ ആക്രമണം നേരിടേണ്ടി വന്നത്. സമരത്തെ മര്‍ദ്ദനത്തിലൂടെ നേരിടാന്‍ ശ്രമിച്ച പോലീസ് നടപടിക്ക് ഭരണകക്ഷികളുള്‍പ്പെടെയുള്ളവരുടെ വിമര്‍ശനം നേരിടേണ്ടി വന്നു. ഈ സാഹചര്യത്തിലാണ് സംഭവത്തില്‍ വിശദീകരണം ചോദിച്ചിരിക്കുന്നത്. അതേസമയം, സമരവുമായി മുന്നോട്ടുപോകുമെന്നാണ് സമരസമിതി അറിയിച്ചിരിക്കുന്നത്. നാളെ മുഖ്യമന്ത്രിയുമായി സമരം ഒത്തുതീര്‍ക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

യതീഷ് ചന്ദ്രക്കൊപ്പം കൊച്ചിയിലെ ഉന്നത പോലീസ് നേതാക്കളേയും ഡി.ജി.പി വിളിച്ചുവരുത്തിയിരുന്നു. ദൃശ്യമാധ്യമങ്ങള്‍കൂടിയുള്ളപ്പോള്‍ സമരത്തെ ഇങ്ങനെ നേരിട്ടത് ശരിയായില്ലെന്ന് വിമര്‍ശിച്ചുവെന്നാണ് അറിയുന്നത്.