കോഴിക്കോട്: പണിക്കര്‍ റോഡില്‍ മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം ഗുണ്ടാ ആക്രമണം. പണിക്കര്‍റോഡ് ലീഗ് ഓഫീസിനു സമീപത്ത് നില്‍ക്കുകയായിരുന്ന യൂത്ത്‌ലീഗ് പ്രവര്‍ത്തകരെയാണ് സംഘടിച്ചെത്തിയ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. മാരകായുധങ്ങളുമായെത്തിയ സിപിഎം അക്രമത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ യൂത്ത്‌ലീഗ് പ്രവര്‍ത്തകരായ ഫസല്‍ റഹ്്മാന്‍, ഫൈജാസ്, അനീഷ് എന്നിവരെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9.30ഓടെയായിരുന്നു സംഭവം.

വെള്ളയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി സുനില്‍, പ്രവര്‍ത്തകരായ ഫിറോസ്, ബിനിയാമിന്‍, മനാഫ് എന്നിവരുടെ നേതൃത്വത്തിലാണ് അക്രമം നടത്തിയതെന്ന് യൂത്ത് ലീഗ് ആരോപിച്ചു. സംഭവം നടന്നയുടന്‍ സ്ഥലത്തെത്തിയ വെള്ളയില്‍ പൊലീസ് അക്രമികളെ സംരക്ഷിക്കുകയായിരുന്നുവെന്ന് യൂത്ത് ലീഗ് പറഞ്ഞു. കഴിഞ്ഞ ദിവസമുണ്ടായ അക്രമത്തിന്റെ തുടര്‍ച്ചയായാണ് ഇന്നലെ വീണ്ടും അക്രമമുണ്ടായത്. എസ്.ഐ ജംഷീദിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. രാത്രി വൈകിയും സ്ഥലത്ത് പൊലീസ് പട്രോളിങ് നടത്തി.