ടി.കെ ഷറഫുദ്ദീന്‍

കോഴിക്കോട്: ജീവിതത്തില്‍ ലക്ഷ്യബോധത്തോടെ മുന്നേറാന്‍ ആഗ്രഹമുള്ളവര്‍ തീര്‍ച്ചയായും പരിചയപ്പെടേണ്ട വിദ്യാര്‍ത്ഥിയാണ് തിരൂര്‍ ബി.പി അങ്ങാടി സ്വദേശി എം. ഷാഫില്‍ മാഹിന്‍. എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷയില്‍ തിളക്കമാര്‍ന്ന പ്രകടനത്തിലൂടെ ചരിത്രനേട്ടത്തിലേക്കുള്ള പ്രയാണത്തിലാണ് ഈ കൊച്ചുമിടുക്കന്‍. ജെ.ഇ.ഇ ഓള്‍ ഇന്ത്യ എഞ്ചിനീയറിങ് മെയിന്‍ പരീക്ഷയില്‍ എട്ടാം റാങ്ക് നേടി കേരളത്തിന്റെ അഭിമാനമായി മാറിയിരുന്നു ഷാഫില്‍. ഒ.ബി.സി വിഭാഗത്തില്‍ ഒന്നാംസ്ഥാനവും ഷാഫിലിനായിരുന്നു. കണക്കിനെ ഏറെ ഇഷ്ടപ്പെടുന്ന ഷാഫില്‍, എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷയില്‍ ആകെയുള്ള 600 മാര്‍ക്കില്‍ 587 മാര്‍ക്ക് നേടിയാണ് സംസ്ഥാനത്ത് ഒന്നാമനായത്. ജെ.ഇ.ഇ ഓള്‍ ഇന്ത്യ എഞ്ചിനീയറിങ് പരീക്ഷയിലാവട്ടെ 360 മാര്‍ക്കില്‍ 345 മാര്‍ക്ക് ഷാഫില്‍ നേടിയിരുന്നു.

dc-cover-jnlmuktr75t64iqsrddf1uido1-20170612020707-medi

എഴുതിയ പരീക്ഷയിലെല്ലാം മിന്നും വിജയമായിരുന്നു ഈ കൊച്ചു മിടുക്കന്.
കോഴിക്കോട് റെയിസ് പബ്ലിക് സ്‌കൂളില്‍ പ്ലസ്ടുവിദ്യാര്‍ത്ഥിയായ ഷാഫില്‍ ചിട്ടയായ പഠനത്തിലൂടെയാണ് നേട്ടത്തിലേക്കുള്ള ആദ്യപടി കയറിയത്. സമയം പാഴാക്കാതെ രാവിലെ ആറുമണിമുതല്‍ പഠനം ആരംഭിക്കും. രാത്രി പതിനൊന്നുമണിവരെ തുടരും. പഠനത്തിന്റെ സമ്മര്‍ദ്ദം കുറക്കാന്‍ കമ്പ്യൂട്ടര്‍ഗെയിമാണ് ഏകവിനോദം. ഇതാണ് ഷാഫിലിന്റെ വിജയഫോര്‍മുല.
ഗണിതശാസ്ത്രജ്ഞനാകണമെന്നാണ് ഈ കൊച്ചുമിടുക്കന്റെ ആഗ്രഹം. കണക്കിനോടുള്ള അടങ്ങാത്ത ആവേശം വാക്കുകളില്‍ പ്രകടം. ജര്‍മ്മന്‍ ഗണിത ശാസ്ത്രജ്ഞന്‍ ഫെഡ്രിക് ഗോസാണ് ഇഷ്ട്ടപ്പെട്ട ശാസ്ത്രജ്ഞന്‍. ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ഉപരി പഠനം നടത്താനാണ് താല്‍പര്യം. ചെറുപ്പംമുതല്‍ പഠിക്കാന്‍ മിടുക്കനായ ഷാഫിലിനെ പൂര്‍ണ പിന്തുണയുമായി തിരൂര്‍ പോളി ടെക്‌നിക്ക് കോളജ് അധ്യാപകനായ പിതാവ് കെ.എ നാസിയും കാവന്നൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടറായ മാതാവ് എസ് ഷംജിതയും എപ്പോഴും കൂടെയുണ്ട്. മകന്റെ പരിശീലനത്തിനുവേണ്ടി കോഴിക്കോട് മാവൂര്‍റോഡിനടുത്തുള്ള സൗഭാഗ്യ അപ്പാര്‍ട്ട്‌മെന്റിലേക്ക് താമസം മാറുകയായിരുന്നു.
പൊതുവെ വിദ്യാര്‍ത്ഥികള്‍ അകറ്റിനിര്‍ത്താറുള്ള കണക്കിനെ ഏറെ ഇഷ്ടപ്പെടുന്ന ഷാഫിലിന് എത്രബുദ്ധിമുട്ടുള്ള ചോദ്യം നല്‍കിയാലും നിമിഷനേരംകൊണ്ട് ചെയ്ത് തീര്‍ക്കുമെന്ന് സഹപഠികള്‍ പറയുന്നു. അധ്യാപകരെ എന്നും വിസ്മയിപ്പിക്കുന്ന ഈ വിദ്യാര്‍ത്ഥി റാങ്ക് നേട്ടത്തില്‍ അമിതമായ ആഘോഷമില്ലാതെയാണ് സ്വീകരിച്ചത്. ഒന്നാംറാങ്കാണ് തന്റെ ലക്ഷ്യമെന്നും അതിലേക്കുള്ള പ്രയാണത്തിലാണെന്നുമുള്ള ഷാഫില്‍ മാഹിന്റെ വാക്കുകളില്‍ സ്ഫുരിക്കുന്നത് ആത്മവിശ്വാസം മാത്രം.
ചെറിയ ക്ലാസുമുതല്‍ പഠിക്കാന്‍ മിടുക്കനായിരുന്ന വിദ്യാര്‍ത്ഥിക്ക് എസ്.എസ്.എല്‍.സിക്ക് എല്ലാവിഷയങ്ങളിലും എപ്ലസായിരുന്നു. പഠനസമയത്ത് എത്രപ്രയാസമുള്ള ചോദ്യങ്ങളും നിമിഷനേരംകൊണ്ട് പൂര്‍ത്തിയാക്കിയ മിടുക്കന്‍ നാടിന്റെ അഭിമാനമാകുമെന്ന് അധ്യാപകര്‍ അന്നുതന്നെ വിധിയെഴുതിയിരുന്നു. വളര്‍ച്ചയുടെ പാതയില്‍ കഠിനാദ്ധ്വാനം കൈമുതലാക്കി 17കാരന്‍ നിലയുറപ്പിച്ചപ്പോള്‍ പുതിയമാറ്റത്തിന്റെ തുടക്കമായാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കേരള എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷയില്‍ ആദ്യ റാങ്കില്‍ സ്ഥാനം പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് ഷാഫില്‍ മാഹിന്‍.