വാഷിങ്ടണ്‍: ഖത്തറിനെതിരായ അറബ് രാഷ്ട്രങ്ങളുടെ നടപടിയെ ന്യായീകരിച്ചും പുകഴ്ത്തിയും യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. രണ്ടു തവണയാണ് ഖത്തര്‍ വിഷയത്തില്‍ ട്രംപ് ഇന്നലെ ട്വിറ്ററിലൂടെ പ്രതികരിച്ചത്. റിയാസ് സന്ദര്‍ശനത്തിനിടെ സഊദി രാജാവുമായി ഖത്തറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നുവെന്ന് ആദ്യ ട്വീറ്റില്‍ പറയുന്നു. ”ഭീകരവാദ ആശയങ്ങള്‍ പിന്തുടരുന്നവര്‍ക്കുള്ള ഫണ്ടിങ് ദീര്‍ഘകാലം ഉണ്ടാവില്ലെന്നാണ് പറഞ്ഞത്. നേതാക്കള്‍ ഖത്തറിലേക്ക് വിരല്‍ ചൂണ്ടുന്നു- നോക്കൂ” എന്നായിരുന്നു ആദ്യ ട്വീറ്റ്. ”സഊദി സന്ദര്‍ശനത്തിനും രാജാവുമായുള്ള കൂടിക്കാഴ്ചക്കും നല്ല ഫലങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുന്നു. 50 രാഷ്ട്രങ്ങള്‍ ഇതിനകം തന്നെ ഭീകരവാദത്തിനുള്ള ഫണ്ടിങ് തടഞ്ഞുകഴിഞ്ഞു. ഭീകരവാദത്തോട് കടുത്ത നിലപാടുകള്‍ സ്വീകരിക്കുമെന്നാണ് അവര്‍ പറയുന്നത്. എല്ലാ സൂചകങ്ങളും വിരല്‍ ചൂണ്ടുന്നത് ഖത്തറിലേക്കാണ്. ഒരുപക്ഷേ ഇത് ഭീകരവാദത്തിന്റെ അന്ത്യത്തിന്റെ തുടക്കമായിരിക്കാം” രണ്ടാമത്തെ ട്വീറ്റില്‍ ട്രംപ് കുറിച്ചു.