കാര്‍ഡിഫ് സിറ്റി: ഖത്തര്‍ ടിക്കറ്റ് സ്വന്തമാക്കുന്ന അവസാന യൂറോപ്യന്‍ രാജ്യം ആരായിരിക്കും…? ഉത്തരം ഇന്ന്. കാര്‍ഡിഫില്‍ ആതിഥേയരായ വെയില്‍സും യുദ്ധം തകര്‍ത്ത യുക്രെയിനും നേര്‍ക്കുനേര്‍. വിജയിക്കുന്നവര്‍ ഖത്തറിലേക്ക്. മാര്‍ച്ചില്‍ അവസാനിക്കേണ്ട ലോകകപ്പ് യൂറോപ്യന്‍ പ്ലേ ഓഫ് റഷ്യയുടെ യുദ്ധ നയത്തില്‍ ഫിഫ മാറ്റിവെക്കുകയായിരുന്നു.

റഷ്യയുടെ കടന്നാക്രമണത്തില്‍ സര്‍വവും നഷ്ടമായ യുക്രെയിന് കളിക്കാന്‍ സമയം നല്‍കിയായിരുന്നു പ്ലേ ഓഫ് മാറ്റിയത്. അലക്‌സാണ്ടര്‍ സിന്‍ചെങ്കോയുടെ യുക്രെയിന്‍ പ്ലേ ഓഫ് സെമിയില്‍ കഴിഞ്ഞ ദിവസം സ്‌ക്കോട്ട്‌ലന്‍ഡിനെ 3-1 ന് തകര്‍ത്തിരുന്നു.

അതേ സമയം മൂന്ന് പതിറ്റാണ്ടുകളായി ലോകകപ്പ് ഫൈനല്‍ റൗണ്ടിന് പുറത്താണ് വെയില്‍സ്. പല തവണകളില്‍ നിര്‍ഭാഗ്യം അവരെ വേട്ടയാടിയിരുന്നു. ഇത്തവണ മികച്ച സംഘമാണ്. പക്ഷേ ലോകം യുക്രെയിനൊപ്പം നില്‍ക്കുമ്പോള്‍ എല്ലാവരെയും മറികടന്ന് മുന്നേറുക എന്ന വലിയ ദൗത്യമാണ് ടീമിന് മുന്നില്‍.