ദോഹ: ഷോപ്പ് ഖത്തര്‍ വാണിജ്യോത്സവത്തിന്റെ ഭാഗമായുള്ള വിനോദ പരിപാടികള്‍ ശ്രദ്ധേയമാകുന്നു. ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ദോഹ കോമഡി ഫെസ്റ്റിവല്‍, ഷെറാട്ടണ്‍ പാര്‍ക്കിലെ വിനോദപരിപാടികള്‍ എന്നിവ ആസ്വദിക്കാന്‍ കുട്ടികളും കുടുബങ്ങുമായി നിരവധിപേരാണ് എത്തുന്നത്. ഫെബ്രുവരി ഏഴ് വരെ തുടരുന്ന ഷോപ്പ് ഖത്തറില്‍ ഈ രണ്ടു പരിപാടികളും ഇന്ന് സമാപിക്കും. കോമഡി ഫെസ്റ്റിവലിന്റെ ആദ്യ രണ്ട് ദിവസങ്ങളിലും കാഴ്ചക്കാരുടെ എണ്ണം പതിവിലുമധികമായിരുന്നു.

ഒന്‍പത് രാജ്യങ്ങളില്‍നിന്നായി പ്രശസ്തരായ പതിനഞ്ച് ഹാസ്യതാരങ്ങളുടെ പരിപാടികളായിരുന്നു ഇത്തവണത്തെ ആകര്‍ഷണം. വിഖ്യാത ഖത്തരി ഹാസ്യതാരം ഹമദ് അല്‍ അമരി ഉള്‍പ്പടെയുള്ളവരുടെ പരിപാടികളും കോമഡി ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങേറി. കോമഡി ഫെസ്റ്റിവലിന്റെ ഒന്നാം ദിനമായ വ്യാഴാഴ്ച അറബിക് നൈറ്റില്‍ നെമര്‍(ലബനാന്‍), രാജെ ഖവാസ്(ജോര്‍ദ്ദാന്‍), നിക്കോളസ് ഖൗരി(ജോര്‍ദ്ദാന്‍), മുഹന്നദ് അല്‍ ഖത്താബ്(സിറിയ), വൊന്‍ഹോ ചുങ്(കൊറിയ), മുഹമ്മദ് സലേം(ഈജിപ്ത്) എന്നിവരാണ് പരിപാടികള്‍ അവതരിപ്പിച്ചത്.

ഇന്നലെ ഖലീജി നൈറ്റില്‍ ബാദര്‍ സലേഹ്, ഇബ്രാഹിം അല്‍ ഖയ്‌റല്ല, മൊഅയദ് അല്‍ നിഫാഈ(മൂന്നുപേരും സഉദി അറേബ്യ), അഹമ്മദ് അല്‍ ശമ്മാരി, അബ്ദല്ല അല്‍ സെയ്ദാന്‍, ബാഷര്‍ അല്‍ ജസഫ്(മൂന്നു പേരും കുവൈത്ത്) തുടങ്ങിയവരുടെ പരിപാടികള്‍ അറബ്- ഖത്തരി പ്രേക്ഷകരെ ശരിക്കും രസിപ്പിച്ചു. ഇന്നു നടക്കുന്ന രാജ്യാന്തര കോമഡി ഷോക്കുള്ള ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റഴിഞ്ഞിട്ടുണ്ട്.ഡെയ്‌ലി ഷോയുടെ അവതാരകന്‍ ട്രെവര്‍ നോഹ്, അമേരിക്കയുടെ ഗോട്ട് ടാലന്റ് പോള്‍ സെര്‍ദിന്‍ എന്നിവര്‍ ഇന്ന് പരിപാടികള്‍ അവതരിപ്പിക്കും.

വിഖ്യാത ദക്ഷിണാഫ്രിക്കന്‍ ഹാസ്യതാരം ട്രെവര്‍ നോഹും ബ്രിട്ടീഷ് കൊമേഡിയന്‍ പോള്‍ സെര്‍ദിനും ഇതാദ്യമായാണ് ദോഹയില്‍ പരിപാടി അവതരിപ്പിക്കാനെത്തുന്നത്. ഷോപ്പ് ഖത്തറിന്റെ ഭാഗമായി ഷെറാട്ടണ്‍ ദോഹ പാര്‍ക്കില്‍ തുടരുന്ന വാരാന്ത്യ ആഘോഷപരിപാടികളും ഇന്ന് സമാപിക്കും. വ്യാഴാഴ്ച തുടങ്ങിയ പരമ്പരാഗത കലാ, സാംസ്‌കാരിക പരിപാടികളില്‍ നല്ല ജനപങ്കാളിത്തം അനുഭവപ്പെടുന്നുണ്ട്. ഇത് രണ്ടാം തവണയാണ് ഷോപ്പ് ഖത്തറിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കായി ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നത്.

നേരത്തെ ജനുവരി ആദ്യം കോര്‍ണീഷില്‍ ത്രിദിന പരിപാടികള്‍ ഒരുക്കിയിരുന്നു. ഇരുപത് ഭക്ഷണ ട്രക്കുകളും രാത്രിയിലെ വെടിക്കെട്ട് പ്രദര്‍ശനവുമാണ് ആഘോഷത്തിന്റെ സവിശേഷത. വൈകിട്ട് നാല് മുതല്‍ രാത്രി പത്ത് വരെയാണ് ഷെറാട്ടണ്‍ ദോഹ പാര്‍ക്കില്‍ ആഘോഷം നടക്കുന്നത്. രാത്രി എട്ട് മണിയോടെ വര്‍ണാഭമായ വെടിക്കെട്ടും സംഘടിപ്പിച്ചിട്ടുണ്ട്. ലഗൂണമാളില്‍ വ്യാഴാഴ്ച രാത്രി നടന്ന ഓറിയന്റല്‍, അറേബ്യന്‍ ഫാഷന്‍ ഷോയില്‍ പത്ത് ഖത്തരി ഫാഷന്‍ ഡിസൈനര്‍മാര്‍ക്കു പുറമെ കുവൈത്ത്, പാകിസ്ഥാന്‍, ഇന്ത്യ, ഹോങ്കോങ് എന്നിവിടങ്ങളിലെ പ്രമുഖ ഡിസൈനര്‍മാരും പങ്കെടുത്തു.

തെരഞ്ഞെടുക്കപ്പെട്ട അറേബ്യന്‍, ഓറിയന്റല്‍ ഫാഷന്‍ ശ്രേണിയിലെ നൂറോളം വസ്ത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. വിവിധ മാളുകളില്‍ നടക്കുന്ന വിനോദപരിപാടികള്‍ക്കും മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടരുന്ന മ്യൂസിക്കല്‍ ക്യാറ്റ് പ്രദര്‍ശനവും ഇന്ന് സമാപിക്കും. നാളെ വൈകിട്ട് ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രമുഖ യുഎഇ സൂപ്പര്‍സ്റ്റാര്‍ ഹുസൈ്ന്‍ അല്‍ ജാസ്സിമിന്റെ ഖലീജി നൈറ്റ് അരങ്ങേറും.

മില്യണയറെ കണ്ടെത്തുന്നതിനുള്ള അവസാന നറുക്കെടുപ്പ് മേളയുടെ അവസാന ദിവസമായ ഫെബ്രുവരി ഏഴിന് നടക്കും.15 വിജയികള്‍ക്കായി 15.7ലക്ഷം ഖത്തര്‍ റിയാലാണ് സമ്മാനം. അവാര്‍ഡ് ജേതാവായ ഇറാഖി ഗായകന്‍ മജീദ് അല്‍മുഹന്‍ദെസിന്റെ സംഗീതപരിപാടിയോടെ ഷോപ്പ് ഖത്തര്‍ വാണിജ്യോത്സവത്തിന്റെ ഒന്നാം എഡീഷന് കൊടിയിറങ്ങും.