ദോഹ: ഫലസ്തീന്‍ ജനതയുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഉചിതമായ രാജ്യാന്തര പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ മിഡില്‍ഈസ്റ്റില്‍ സമാധാനം നിലനിര്‍ത്തുന്നതിനും പ്രതിബദ്ധതയിലൂന്നിയുള്ള നിലപാടാണ് രാജ്യം സ്വീകരിക്കുന്നതെന്ന് ഖത്തര്‍ ആവര്‍ത്തിച്ചു. യുഎന്‍ ജനറല്‍ അസംബ്ലിയുടെ 72-ാമത് സെഷനില്‍ ഫലസ്തീന്‍ വിഷയത്തില്‍ നടന്ന പ്രത്യേക യോഗത്തില്‍ പങ്കെടുക്കവെ യുഎന്നിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹമ്മദ് ബിന്‍ സെയ്ഫ് അല്‍താനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സമാധാനപരമായ മാര്‍ഗങ്ങളിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കുകയെന്ന നയത്തിന്റെ അടിസ്ഥാനത്തില്‍ മേഖലയിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഖത്തര്‍ തുടരുമെന്നും അവര്‍ അറിയിച്ചു. അധിനിവേശ ഫലസ്തീന്‍ മേഖലകളിലും അറബ് മേഖലകളിലും ഇസ്രാഈലിന്റെ അനധികൃത അധിനിവേശത്തിന്റെ അന്‍പതാം വര്‍ഷമാണിത്. 1967 മുതല്‍ കിഴക്കന്‍ ജറുസലേമിലുള്‍പ്പടെയുള്ള ഇസ്രാഈലിന്റെ അനധികൃത അധിനിവേശവും യുഎന്നില്‍ ഖത്തര്‍ ഉയര്‍ത്തി. ഈ അധിനിവേശത്തിന്റെ നിയമപരവും മാനുഷികവുമായ പ്രത്യാഘാതങ്ങള്‍ മനസിലാക്കി, അധിനിവേശം അവസാനിപ്പിക്കുന്നതിനും ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കുന്നതിനും രാജ്യാന്തര നിയമങ്ങളും ബന്ധപ്പെട്ട രാജ്യാന്തര സംവിധാനങ്ങളും നടപ്പാക്കണമെന്നും ശൈഖ ആലിയ ആവശ്യപ്പെട്ടു. മിഡില്‍ഈസ്റ്റില്‍ സമാധാനം സ്ഥാപിക്കുന്നതില്‍ വെല്ലുവിളികള്‍ അഭിമുഖീകരിക്കുമ്പോള്‍ പോലും ഫലസ്തീന്‍ ജനതയ്ക്കിടയില്‍ ഐക്യവും അനുരഞ്ജനവും സാധ്യമാക്കുന്ന പുതിയ സംഭവവികാസങ്ങളും പ്രസംഗത്തില്‍ ശൈഖ ആലിയ പരാമര്‍ശിച്ചു. മിഡില്‍ഈഈൗസ്റ്റില്‍ സമഗ്രമായ സമാധാനമെന്ന ആഗ്രഹം കൈവരിക്കുകയെന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഫതഹും ഹമാസും തമ്മിലേര്‍പ്പെട്ട അനുരഞ്ജന കരാറിനെ ഖത്തര്‍ സ്വാഗതം ചെയ്യുകയാണ്. ഫലസ്തീന്‍ ജനതയ്്ക്ക് ഖത്തറിന്റെ പൂര്‍ണ ഐക്യദാര്‍ഢ്യമുണ്ട്. 1967ലെ അതിര്‍ത്തികള്‍ പ്രകാരം കിഴക്കന്‍ ജറുസലേം തലസ്ഥാനമാക്കി സ്വതന്ത്ര രാജ്യം എന്ന ആവശ്യത്തിനൊപ്പമാണ് ഖത്തറെന്നും അവര്‍ വ്യക്തമാക്കി.