അഹമ്മദാബാദ്: മഹേഷിന്റെ പ്രതികാരം പോലെ ദിനേഷ് ശര്‍മ്മയും പ്രതികാരത്തിനൊരുങ്ങുന്നു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ആരാധകനായ ദിനേഷ് ശര്‍മ്മയാണ് കാലില്‍ ചെരുപ്പിടാതെ വര്‍ഷങ്ങളായി ജീവിക്കുന്നത്. രാഹുല്‍ഗാന്ധി പ്രധാനമന്ത്രി പദത്തിലെത്തിയാല്‍ മാത്രമേ കാലില്‍ ചെരുപ്പണിയൂ എന്നാണ് ദിനേഷിന്റെ പ്രതിജ്ഞ. ഇതിനായി രാഹുലിനൊപ്പം പ്രചാരണത്തിനും പര്യടനത്തിനും ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ദിനേഷ് ശര്‍മ്മ.

ആറേഴുവര്‍ഷം മുമ്പാണ് രാഹുല്‍ ഗാന്ധിയുടെ കടുത്ത ആരാധകനായ ദിനേഷ് ശര്‍മ്മ കോണ്‍ഗ്രസ് പരിപാടികളില്‍ പങ്കെടുക്കാന്‍ തുടങ്ങിയത്. ഹരിയാനയിലെ ജിന്ദ് ജില്ലയിലെ കാക്രോഡ് ഗ്രാമത്തിലെ ഒരു കര്‍ഷക കുടുംബത്തിലെ അംഗമാണ് ദിനേഷ് ശര്‍മ്മ. നാല് കുട്ടികളില്‍ ഏറ്റവും മൂത്ത ആളാണ് ദിനേഷ്. 2011ല്‍ ഉത്തര്‍പ്രദേശില്‍ രാഹുല്‍ ഗാന്ധി പര്യടനം നടത്തിയപ്പോഴാണ് അദ്ദേഹത്തെ ആദ്യമായി കാണാന്‍ ശര്‍മ്മ തീരുമാനിച്ചത്. പിന്നീടങ്ങോട്ട് രാഹുലിനൊപ്പമുണ്ടാവും. രാഹുല്‍ ഗാന്ധിയുടെ എല്ലാ പരിപാടികളിലും ദിനേഷ് ശര്‍മ്മ പങ്കെടുക്കുകയും ചെയ്യും. 23 കാരനായ ഈ യുവാവ് രാഹുല്‍ പ്രധാനമന്ത്രിയായാല്‍ മാത്രമേ കാലില്‍ ചെരുപ്പണിയൂ എന്ന് പ്രതിജ്ഞ എടുത്തിട്ടുമുണ്ട്. രാഹുല്‍ ഗാന്ധി തനിക്ക് ദൈവത്തെപ്പോലെയാണ്. ഒരിക്കല്‍ അദ്ദേഹം പ്രധാനമന്ത്രിയായുമെന്നുറപ്പാണെന്ന് ദിനേശ് പറയുന്നു. കോണ്‍ഗ്രസ് കുടുംബമാണ് തന്റേതെന്നും സ്വന്തം കൈവശമുള്ള പണമെടുത്താണ് യാത്രകള്‍ നടത്തുന്നതെന്നും ദിനേഷ് പറയുന്നു.

ഹിസാറിലെ സി.ആര്‍ ലോ കോളേജില്‍ നിന്നും പഞ്ചവത്സര നിയമബിരുദം നേടിയിട്ടുണ്ട് ശര്‍മ്മ. ഇപ്പോള്‍ രാഹുല്‍ ഗാന്ധി ഇന്ത്യയില്‍ എവിടെ പോയാലും അവിടെയൊക്കെ ശര്‍മ്മയുടെ സാന്നിധ്യവും ഉണ്ടാകുന്നു. ഇനി ഗുജറാത്തിലെ രാഹുലിന്റെ റാലിയിലാണ് ദിനേഷിന്റെ പങ്കാളിത്തം ഉണ്ടായിരിക്കുക.