ജയ്പുര്‍ : പഞ്ചാബിന്റെയും ചത്തീസ്ഗഢിന്റെയും പിന്നാലെ കഴിഞ്ഞ മാസം പാര്‍ലമെന്റ് അനുമതി നല്‍കിയ കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങളെ പ്രതിരോധിക്കാന്‍ മൂന്ന് ബില്ലുകള്‍ നിയമ സഭയില്‍ അവതരിപ്പിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍.

പഞ്ചാബ് നിയമസഭ നാല് പുതിയ ഫാം ബില്ലുകള്‍ ഈ മാസമാദ്യം പാസാക്കിയിരുന്നു. കേന്ദ്രവ്യവസ്ഥകളെ ഇല്ലാതാക്കുന്നതും എംഎസ്പിക്ക് താഴെയുള്ള ഗോതമ്പും നെല്ല് വില്‍ക്കുന്നതിനും വാങ്ങുന്നതിനും വിലക്ക് നല്‍കുന്നതുമായ ഭേദഗതി ബില്ലുകളായിരുന്ന ഇതില്‍ മൂന്നെണ്ണം. ഛത്തീസ്ഗഡ് നിയമസഭയും ഇത്തരത്തില്‍ ഭേദഗതി ബില്‍ 2020 ന് അംഗീകാരം നല്‍കിയിരുന്നു.

നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ രാജസ്ഥാനിലെ പാര്‍ലമെന്ററി കാര്യമന്ത്രി ശാന്തി ധരിവാള്‍ അവശ്യവസ്തുക്കളുടെ ബില്‍, കര്‍ഷക ശാക്തീകരണ സംരക്ഷണ ബില്‍, ന്യായവില ഉറപ്പ് നല്‍കുന്ന കാര്‍ഷിക സേവന ബില്‍, കര്‍ഷക വ്യാപാര വാണിജ്യ ഉത്പാദന ബില്‍ എന്നിവ അവതരിപ്പിച്ചിരുന്നു.

സംസ്ഥാനങ്ങളെ ആത്മവിശ്വാസത്തിലെടുക്കാതെ കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയതായി രാജസ്ഥാന്‍ മന്ത്രി പ്രതാപ് ഖചരിയവാസ് പറഞ്ഞു.’ കേന്ദ്രം കര്‍ഷകരോട് കള്ളം പറയുകയാണ്, എന്നാല്‍ ഞങ്ങള്‍ അവരുടെ അവകാശങ്ങള്‍ നേടാന്‍ ശ്രമിക്കുകയാണ്, പഞ്ചാബിലുള്ളതിന് സമാനമായ കാര്‍ഷിക ബില്ലുകള്‍ ഇവിടെ പാസാക്കും, അദ്ദേഹം പറഞ്ഞു.വിവാദമായ കാര്‍ഷിക നിയമങ്ങളിലെ വ്യവസ്ഥകള്‍ മറികടന്ന് കൊണ്ട് ബില്ലുകള്‍ പാസാക്കാന്‍ കഴിഞ്ഞ മാസം കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.