Connect with us

More

മുത്തലാഖ് വിരുദ്ധ ബില്‍ ഇന്ന് രാജ്യസഭയില്‍

Published

on

ന്യുഡല്‍ഹി: മുത്തലാഖ് നിയമവിരുദ്ധമാക്കുന്നത് ലക്ഷ്യമിട്ടുള്ള ബില്‍ ഇന്ന് രാജ്യസഭയില്‍ ചര്‍ച്ച ചെയ്യും. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ നിലപാടില്‍ കേന്ദ്രസര്‍ക്കാര്‍ ഇന്നും തീരുമാനം വ്യക്തമാകും. രാജ്യസഭയില്‍ സര്‍ക്കാര്‍ ന്യൂനപക്ഷമായതിനാല്‍ ബില്ലില്‍ സമവായമുണ്ടാക്കുന്നത് ലക്ഷ്യമിട്ട് രാജ്യസഭയിലെ ബില്‍ അവതരണം ഇന്നലെ മാറ്റിവെച്ചിരുന്നു. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യത്തിലുറച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ നില്‍ക്കുന്നതിനാല്‍ തന്നെ ബില്‍ രാജ്യസഭയില്‍ പാസാക്കിയെടുക്കല്‍ സര്‍ക്കാരിന് എളുപ്പമല്ല.

അതേസമയം മുത്തലാഖ് നിരോധനവുമായി ബന്ധപ്പെട്ട വിവാദ ബില്‍ രാജ്യസഭയില്‍ പാസാക്കിയെടുക്കുന്നതിന് പ്രതിപക്ഷ എം.പിമാരുടെ പിന്തുണ ഉറപ്പാക്കാന്‍ കഠിന പ്രയത്നത്തിലാണ് ബി.ജെ.പി. മുക്താര്‍ അബ്ബാസ് നഖ്വിയുടെ നേതൃത്വത്തിലാണ് ഇതിനുള്ള കരുനീക്കം നടക്കുന്നത്.

സര്‍ക്കാറിന് മികച്ച ഭൂരിപക്ഷമുള്ളതിനാല്‍ ലോക്സഭയില്‍ ബില്‍ എളുപ്പത്തില്‍ പാസാക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ രാജ്യസഭയില്‍ സര്‍ക്കാര്‍ ന്യൂനപക്ഷമായതിനാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല. പല പ്രതിപക്ഷ പാര്‍ട്ടികളും ബില്ലിനെ എതിര്‍ക്കുന്ന പശ്ചാത്തലത്തില്‍ പ്രത്യേകിച്ച്. മുത്തലാഖ് സംബന്ധിച്ച നിയമ നിര്‍മാണത്തെ ഭൂരിഭാഗം കക്ഷികളും അനുകൂലിക്കുന്നുണ്ട്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിലെ വ്യവസ്ഥകളോടാണ്് പ്രധാന എതിര്‍പ്പ്. മുത്തലാഖിനെ ക്രിമിനല്‍ കുറ്റമായി വ്യാഖ്യാനിക്കുന്നതിലാണ് പ്രധാന എതിര്‍പ്പ്. മുത്തലാഖില്‍ ഏര്‍പ്പെടുന്ന പുരുഷന്മാരെ ഒരേ സമയം ജയിലില്‍ അടക്കാനും വിവാഹ മോചിതയായ ഭാര്യക്ക് ജീവനാംശം നല്‍കാനും ബാധ്യസ്ഥമാക്കുന്ന ബില്ലിലെ നിര്‍ദേശവും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ജയിലില്‍ പോകുന്ന ആള്‍ എങ്ങനെ ജീവനാംശം നല്‍കുമെന്ന ചോദ്യമാണ് ഉയരുന്നത്.

വേണ്ടത്ര ഗൃഹപാഠം ചെയ്യാതെയാണ് കേന്ദ്രസര്‍ക്കാര്‍ ബില്‍ കൊണ്ടുവന്നിട്ടുള്ളതെന്ന് ലോക്സഭയില്‍ നടന്ന ചര്‍ച്ചയില്‍ എന്‍.സി.പി അംഗം മജീദ് മേമന്‍ ആരോപിച്ചിരുന്നു. വിവാഹം സിവില്‍ കരാറിന്റെ പരിധിയില്‍ ആണ് വരുന്നതെന്നിരിക്കെ, ഇതിന്റെ ലംഘനം എങ്ങനെ ക്രിമിനല്‍ കുറ്റമായി മാറുമെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.

മുത്തലാഖ് നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി അസന്നിഗ്ധമായി വ്യക്തമാക്കിയിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ ഇനി മറ്റൊരു നിയമത്തിന്റെ ആവശ്യമില്ല. ഒരാള്‍ മൂന്നു ത്വലാഖല്ല, പത്തു ലക്ഷം ത്വലാഖ് ഒരുമിച്ചു ചൊല്ലിയാലും വിവാഹബന്ധം മുറിയില്ല. വിവാഹ ബന്ധം മുറിയില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് ഇത് കുറ്റകൃത്യമായി മാറുന്നതെന്നും അദ്ദേഹം ചോദിച്ചു.

പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട്

തലാഖ് ഇ ബിദത്ത്(മൂന്നു ത്വലാഖും ഒരുമിച്ചു ചൊല്ലുന്നത്) ക്രിമിനല്‍ കുറ്റമായി വ്യവസ്ഥ ചെയ്യുന്ന മുസ്്ലിം സ്ത്രീകളുടെ വിവാഹ അവകാശ ബില്‍ 2017 വ്യാഴാഴ്ച്ച കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ അവതരിപ്പിക്കും. പ്രതിപക്ഷ കക്ഷികളുടെ എതിര്‍പ്പ് മറികടന്ന് ബില്ലിന് നേരത്തെ ലോക്സഭ അംഗീകാരം നല്‍കിയിരുന്നു. നടപ്പു സമ്മേളനത്തില്‍ തന്നെ ഇരു സഭകളിലും ബില്‍ പാസാക്കിയെടുക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഈ സാഹചര്യത്തിലാണ് ശീതകാല സമ്മേളനം സമാപിക്കാന്‍ മൂന്നു ദിവസം മാത്രം ശേഷിക്കെ, ബില്‍ ഇന്ന് രാജ്യസഭയില്‍ വെക്കുന്നത്.

ഇതിനിടെ ബില്‍ പാര്‍ലമെന്റിന്റെ സ്റ്റാന്റിങ് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം ശക്തമാണ്. വിവിധ കക്ഷികള്‍ ഇന്നലെ തന്നെ രാജ്യസഭയില്‍ ഇക്കാര്യം ഉന്നയിച്ചു. കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനു പിന്നിലെ ഗൂഢലക്ഷ്യം തുറന്നു കാട്ടി മുസ്്ലിംലീഗ് നേരത്തെ തന്നെ പാര്‍ലമെന്റിനകത്തും പുറത്തും നിലപാട് വ്യക്തമാക്കിയിരുന്നു. സമാന നിലപാടുമായി കൂടുതല്‍ കക്ഷികള്‍ രംഗത്തുവന്നു. മുത്തലാഖ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന അമിത താല്‍പര്യത്തിന്റെയും അനാവശ്യ ധൃതിയുടെയും ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്താണ് എസ്.പി, ബി.എസ്.പി, എ.ഐ.എ.ഡി.എം.കെ, ഡി.എം.കെ, സി.പി.ഐ, സി.പി.എം, ബി.ജെ.ഡി തുടങ്ങിയ കക്ഷികള്‍ രംഗത്തെത്തിയത്. ഇതില്‍ എ.ഐ.എ.ഡി.എം.കെയും ബി.ജെ.ഡിയും ലോക്സഭയിലും ബില്ലിനെ എതിര്‍ത്തിരുന്നു. വര്‍ക്കിങ് പ്രസിഡണ്ട് എം.കെ സ്റ്റാലിന്റെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച ചേര്‍ന്ന ഡി.എം.കെ എം.പിമാരുടെ യോഗത്തിലാണ് ബില്ലിനെ എതിര്‍ക്കാന്‍ ധാരണയായത്.

രാജ്യസഭയില്‍ കോണ്‍ഗ്രസും ബില്‍ സ്റ്റാന്റിങ് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം ഉന്നയിക്കുമെന്നാണ് സൂചന. നിലപാട് രൂപീകരിക്കുന്നതിന്റെ ഭാഗമായി രാജ്യസഭാ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഗുലാം നബി ആസാദ് ഇന്നലെ പ്രതിപക്ഷ എം.പിമാരുടെ യോഗം വിളിച്ചിരുന്നു. ബില്‍ സംബന്ധിച്ച് രാജ്യസഭയില്‍ നടക്കുന്ന ചര്‍ച്ചയില്‍ പാര്‍ട്ടി പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രേണുകാ ചൗധരി പറഞ്ഞു.

രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ നിയമം നിര്‍മിക്കുമ്പോള്‍ എന്തിനാണ് ഇത്ര തിടുക്കം കാട്ടുന്നതെന്നായിരുന്നു സി.പി.ഐ നേതാവ് ഡി. രാജയുടെ ചോദ്യം. അതേസമയം ജനസംഖ്യയുടെ 30 ശതമാനം മുസ്്ലിംകളുള്ള പശ്ചിമബംഗാളിലെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് വിഷയത്തില്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ബില്ലിനെ മുസ്്ലിം സ്ത്രീകള്‍ അനുകൂലിക്കുകയും പുരുഷന്മാര്‍ എതിര്‍ക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ഇക്കാര്യത്തില്‍ പ്രത്യേക നിലപാട് സ്വീകരിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി തീരുമാനമെന്ന് തൃണമൂല്‍ എം.പി പറഞ്ഞു.

tech

യൂട്യൂബ് മ്യൂസിക് കൂടുതല്‍ സ്മാര്‍ട്ട്: ഇനി പ്ലേലിസ്റ്റിലെ പാട്ടുകള്‍ സെക്കന്‍ഡുകള്‍ക്കകം കണ്ടെത്താം

ഫീച്ചര്‍ ഇപ്പോള്‍ പ്ലേലിസ്റ്റ് മെനുവിലൂടെ ലഭ്യമാകുന്നു.ഐഫോണിനുള്ള യൂട്യൂബ് മ്യൂസിക് ആപ്പിന്റെ 8.45.3 പതിപ്പിലാണ് ഈ ഓപ്ഷന്‍ ആദ്യമായി കാണാന്‍ തുടങ്ങിയത്.

Published

on

ദീര്‍ഘമായ പ്ലേലിസ്റ്റുകളില്‍ സ്‌ക്രോള്‍ ചെയ്ത് ഒരു പാട്ട് കണ്ടെത്തേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാന്‍ യൂട്യൂബ് മ്യൂസിക് പുതുതായി അവതരിപ്പിച്ചിരിക്കുന്നത് ‘find my playlist’ എന്ന ഫീച്ചറാണ്. നിരവധി ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്യുന്നപ്രകാരം, ഈ പരീക്ഷണ ഫീച്ചര്‍ ഇപ്പോള്‍ പ്ലേലിസ്റ്റ് മെനുവിലൂടെ ലഭ്യമാകുന്നു.ഐഫോണിനുള്ള യൂട്യൂബ് മ്യൂസിക് ആപ്പിന്റെ 8.45.3 പതിപ്പിലാണ് ഈ ഓപ്ഷന്‍ ആദ്യമായി കാണാന്‍ തുടങ്ങിയത്.

പ്ലേലിസ്റ്റ് പേജിലെ shuffle play ബട്ടണിന് താഴേയുള്ള മൂന്ന് ഡോട്ട് മെനുവിലെ ഓപ്ഷനായി ഇത് ചിലര്‍ക്കു പ്രത്യക്ഷപ്പെട്ടു. എല്ലാ ഐഫോണ്‍ ഉപയോക്താക്കള്‍ക്കും ഇപ്പോള്‍ ഈ സവിശേഷത ലഭ്യമല്ല അതായത് ഏറ്റവും പുതിയ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്താലും ചില അക്കൗണ്ടുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ ആക്‌സസ്. പാട്ടുകളുടെ പേരുവഴി പ്ലേലിസ്റ്റിനുള്ളില്‍ നേരിട്ട് തിരയാനുള്ള ഈ സൗകര്യം ഇപ്പോള്‍ പരിമിതമായ iOS ഉപയോക്താക്കള്‍ക്കു മാത്രമാണ് ലഭിക്കുന്നത്.

ആന്‍ഡ്രോയിഡ് പതിപ്പില്‍ ഇതുവരെ ഈ ഫീച്ചര്‍ എത്തിയിട്ടില്ല. ഫീച്ചറിന്റെ വ്യാപകമായ റോള്ഔട്ടിനും ആന്‍ഡ്രോയിഡ് റിലീസിനും യൂട്യൂബ് ഇതുവരെ വ്യക്തമായ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്ന ഈ അപ്‌ഡേറ്റ്, വലിയ പ്ലേലിസ്റ്റുകള്‍ കൈകാര്യം ചെയ്യുന്നവര്‍ക്കു പ്രത്യേകിച്ച് ഗുണകരമാകുമെന്നാണ് പ്രതീക്ഷ.

Continue Reading

More

വൈഷ്ണയുടെ വോട്ട് വെട്ടിയതിനു പിന്നില്‍ സി.പി.എമ്മിന്റെ ക്രിമിനല്‍ ഗൂഡാലോചന: വിഡി സതീശന്‍

ഉദ്യോഗസ്ഥര്‍ക്കും നേരിട്ട് പങ്ക്: തിരഞ്ഞെടുപ്പ് കമ്മിഷന്‍ അന്വേഷണം പ്രഖ്യാപിക്കണം; ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യണം

Published

on

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുട്ടട വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ സി.പി.എം ക്രിമിനല്‍ ഗൂഡാലോചന നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തിരുവനന്തപുരത്തെ രണ്ട് പ്രധാന സി.പി.എം നേതാക്കള്‍ക്ക് ഗൂഡാലോചനയില്‍ നേരിട്ട് പങ്കുണ്ട്. കോര്‍പ്പറേഷനിലെ സി.പി.എമ്മുകാരായ ചില ഉദ്യോഗസ്ഥര്‍ കൂടി ഈ ക്രിമിനല്‍ പ്രവര്‍ത്തിയില്‍ പങ്കാളികളാണ്. ഇതേ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സമഗ്രമായി പരിശോധിക്കണം. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണം. അല്ലെങ്കില്‍ യു.ഡി.എഫ് നിയമ നടപടിസ്വീകരിക്കും അദ്ദേഹം പറഞ്ഞു.

വൈഷ്ണയുടെ വോട്ട് പുനസ്ഥാപിച്ചു കൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കിയ ഉത്തരവിന്‍ ഉദ്യോഗസ്ഥതലത്തിലെ ഗുരുത വീഴ്ചകള്‍ എടുത്ത് പറയുന്നു. സി.പി.എം പ്രാദേശിക നേതാവിന്റെ പരാതിയില്‍ കോര്‍പ്പറേഷന്‍ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ തീര്‍ത്തും ഏകപക്ഷീയമായി തീരുമാനമെടുത്തു. സി.പി.എമ്മിന്റെ ക്രിമിനല്‍ ഗൂഡാലോചനയ്ക്ക് എല്ലാ ഒത്താശയും ചെയ്യുകയാണ് ഈ ഉദ്യോഗസ്ഥന്‍ ചെയ്തത്. വൈഷ്ണയുടെ പേര് നീക്കം ചെയ്തതിന് ഒരു ന്യായീകരണവും ഇല്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണ്ടെത്തലെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

വൈഷ്ണ ഹിയറിംഗ് സമയത്ത് നല്‍കിയ രേഖകള്‍ ഒന്നും ഉദ്യോഗസ്ഥന്‍ പരിഗണിച്ചില്ല. വൈഷ്ണയുടെ അസാനിധ്യത്തില്‍ സി.പി.എം പ്രാദേശിക നേതാവ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് വോട്ട് വെട്ടിയത്. സിപിഎമ്മിന് വിടുപണി ചെയ്യുന്ന ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് ഒരു നിമിഷം പോലും തുടരാന്‍ അര്‍ഹതയില്ല. രാഷ്ട്രീയ ഗൂഡാലോചനക്ക് ഒത്താശ ചെയ്ത ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യണം. ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണം. എക്കാലത്തും സി.പി.എം ഭരണത്തിലുണ്ടാകില്ലെന്നും കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ലെന്നും സി.പി.എമ്മിന് അടിമപ്പണി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Continue Reading

Education

മലയാളം മീഡിയത്തില്‍ SSLC എഴുതുന്നവര്‍ കുത്തനെ കുറഞ്ഞു; 7 വര്‍ഷത്തില്‍ 20%ത്തിലധികം ഇടിവ്

2018-19 അധ്യയന വര്‍ഷത്തില്‍ 55.93% വിദ്യാര്‍ത്ഥികളായിരുന്നു മലയാളത്തില്‍ പരീക്ഷയെഴുതിയത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മലയാളം മീഡിയത്തില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വേഗത്തില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 2018-19 അധ്യയന വര്‍ഷത്തില്‍ 55.93% വിദ്യാര്‍ത്ഥികളായിരുന്നു മലയാളത്തില്‍ പരീക്ഷയെഴുതിയത്. എന്നാല്‍ 2024-25ല്‍ ഇത് 36.56% ആയി താഴ്ന്നതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ SSLC പരീക്ഷയെഴുതിയ മൊത്തം 4,27,017 വിദ്യാര്‍ത്ഥികളില്‍ 1,56,161 പേര്‍ മാത്രമാണ് മലയാളം മീഡിയം തിരഞ്ഞെടുത്തത്.

2019ലെ 2,43,409 എന്ന എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ 87,000 വിദ്യാര്‍ത്ഥികളുടെ കുറവാണ് രേഖപ്പെടുത്തിയത്. മലയാളം മീഡിയത്തില്‍ പഠിക്കുന്നവരുടെ കുറവാണ് ഈ ഇടിവിന് കാരണമെന്ന് പരീക്ഷാഭവനിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. വിദ്യാഭ്യാസ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വിവരമനുസരിച്ച് പ്രാഥമിക ക്ലാസുകളില്‍ തന്നെ ഇംഗ്ലീഷ്-മലയാളം മീഡിയം പ്രവേശന അനുപാതം 70:30 ആയി മാറിയിട്ടുണ്ട്. ഇംഗ്ലീഷ് കൂടുതല്‍ ഗുണമേറിയ പഠനമാധ്യമമാണെന്ന പൊതുധാരണയാണ് ഈ മാറ്റത്തിന് പിന്നിലെന്ന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സിഇഒ കെ. അന്‍വര്‍ സാദത്ത് അഭിപ്രായപ്പെട്ടു. എന്നാല്‍ മീഡിയമല്ല, സ്‌കൂള്‍ നല്‍കുന്ന ഭാഷാ പരിശീലനമാണ് വിജയത്തിനുള്ള നിര്‍ണ്ണായക ഘടകമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാതൃഭാഷാ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അധികൃതര്‍ ചര്‍ച്ച ചെയ്യുമ്പോഴും, സമൂഹത്തിന്റെ താല്‍പര്യം വിപരീതമാണെന്ന് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണപരിശീലന കൗണ്‍സില്‍ ഡയറക്ടര്‍ ജയപ്രകാശ് ആര്‍. കെ. ചൂണ്ടിക്കാട്ടി. ഗ്രാമ-നഗര വ്യത്യാസം കുറഞ്ഞതും മധ്യവര്‍ഗ്ഗത്തിന്റെ വളര്‍ച്ചയും ഈ മാറ്റത്തിന്റെ സൂചനയായെന്നും അദ്ദേഹം പറഞ്ഞു. 2025ല്‍ SSLC എഴുതിയവര്‍ 2014-15ല്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നവരാണെന്നും വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ മലയാളം മീഡിയം വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞേക്കുമെന്നും അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

മലയാളം മീഡിയത്തിലെ ഇടിവ് സംസ്ഥാന വികസനത്തിനുതന്നെ ഭീഷണിയാകാമെന്ന് ഐക്യ മലയാള പ്രസ്ഥാനം സംസ്ഥാന കണ്‍വീനര്‍ ആര്‍. നന്ദകുമാര്‍ മുന്നറിയിപ്പ് നല്‍കി. മലയാളവുമായി വിദ്യാര്‍ത്ഥികള്‍ക്ക് അടുപ്പമില്ലാത്തത്, നാട്ടിന്‍ പരിസരത്തെ ഭൂമിശാസ്ത്ര-പരിസ്ഥിതി ബോധത്തെ തന്നെ ബാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനെതിരെ താന്‍ അല്ലെങ്കിലും, ആവശ്യമായ ഇടപെടലുകള്‍ ഇല്ലെങ്കില്‍ പുതിയ സാമൂഹിക-വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ ഉയര്‍ന്നേക്കുമെന്നാണ് നന്ദകുമാര്‍ മുന്നറിയിപ്പ് നല്‍കിയത്.

Continue Reading

Trending