ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ ചര്‍ച്ച ചെയ്യാനിരിക്കെ അണ്ണാ ഡി.എം.കെ അംഗങ്ങളുടെ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ ഉച്ചക്ക് രണ്ട് മണി വരെ നിര്‍ത്തിവെച്ചു. കാവേരി നദീ തര്‍ക്കവുമായി ബന്ധപ്പെട്ടാണ് അണ്ണാ ഡി.എം.കെ അംഗങ്ങള്‍ ബഹളം വെച്ചത്.

അതേസമയം മുത്തലാഖ് ബില്ലിനെ എതിര്‍ക്കുന്നതായി അണ്ണാ ഡി.എം.കെ നേതാവും ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറുമായ തമ്പിദുരൈ പറഞ്ഞു. മതകാര്യങ്ങളില്‍ മോദി സര്‍ക്കാര്‍ ഇടപെടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുത്തലാഖ് ബില്ലിനെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ധാരണയായി. മുസ്ലിം ലീഗ്, സി.പി.എം, സി.പി.ഐ, ആര്‍.എസ്.പി, കേരള കോണ്‍ഗ്രസ് (എം) അടക്കമുള്ള പാര്‍ട്ടികളുടെ പ്രതിനിധികള്‍ പങ്കെടുത്തു. കോണ്‍ഗ്രസ് രാജ്യസഭാ കക്ഷി നേതാവ് ഗുലാംനബി ആസാദിന്റെ നേതൃത്വത്തിലായിരുന്നു യോഗം.