തിരുവനന്തപുരത്ത്‌: ഒരാളില്‍ നിന്നും ഐഫോണ്‍ വാങ്ങേണ്ട ഗതികേട് തനിക്കുണ്ടായിട്ടില്ലെന്നും കോടിയേരിക്ക് മകന്‍ പ്രതിയാകുമെന്ന വേവലാതിയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ആരോപണത്തോട് തിരുവനന്തപുരത്ത് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.

കൊടിയേരിയുടെ ആരോപണം അടിസ്ഥാന വിരുദ്ധമാണെന്നും തനിക്ക് ആരും ഐഫോണ്‍ തന്നിട്ടില്ലെന്നും താന്‍ ആരില്‍ നിന്നും വാങ്ങിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. തനിക്ക് തന്നെന്ന് പറയുന്ന ഫോണ്‍ എവിടെപ്പോയെന്ന് കണ്ടെത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

പാരിതോഷികം വാങ്ങിയത് പ്രോട്ടോകോള്‍ ലംഘനമാണെന്ന് ആരോപണത്തോടും ചെന്നിതല പ്രതികരിച്ചു. പ്രോട്ടോകോള്‍ എന്തെന്ന് കോടിയേരിക്ക് അറിയില്ല. സ്വന്തം മകന്‍ പ്രതിയാകുമെന്ന വേവലാതിയാണ് കോടിയേരിക്ക്. തനിക്ക് ആരും ഫോ്ണ്‍ തന്നിട്ടില്ല, താന്‍ കാരാട്ട് ഫൈസലിന്റെ കൂപ്പറില്‍ കയറിയിട്ടില്ല, മയക്കുമരുന്നോ സ്വര്‍ണമോ കടത്തിയിട്ടില്ല, ഡിഎന്‍എ പരിശോധന നടത്തേണ്ട ഗതികേടും വന്നിട്ടില്ലെന്നും, ചെന്നിത്തല പറഞ്ഞു.

കൊടുത്താല്‍ കൊല്ലത്ത് കിട്ടുമെന്ന കോടിയേരിയുടെ വെല്ലുവിളിയോട്, കൊല്ലത്ത് അല്ല തിരുവനന്തപുരത്തും ബംഗളൂരിലുമാണ് കിട്ടാന്‍ പോകുന്നതെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.